-
കൊല്ലം: എസ്.എന്‍. കോളേജ് സുവര്‍ണജൂബിലി കേസില്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം. വിശ്വാസവഞ്ചന അടക്കമുള്ള കുറ്റകൃത്യങ്ങള്‍ നിലനില്‍ക്കുമെന്ന് പരാമര്‍ശിക്കുന്ന കുറ്റപത്രം ഇന്ന് കൊല്ലം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് (സി.ജെ.എം.) കോടതിയില്‍ സമര്‍പ്പിച്ചേക്കും.
ഇന്നലെ വൈകിട്ടാണ് ക്രൈംബ്രാഞ്ച് മേധാവി ടോമിന് ജെ. തച്ചങ്കരിക്ക് അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചത്. കുറ്റപത്രം കോടതിയിലേക്ക് സമര്‍പ്പിക്കാനുള്ള അനുമതി അദ്ദേഹം നല്‍കുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് രാവിലെ 11 മണിയോടുകൂടി കൊല്ലം സി.ജെ.എം. കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ തീരുമാനമായത്.
നാല് വകുപ്പുകളാണ് കേസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 420, 403, 406, 409 എന്നീ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ വെള്ളാപ്പള്ളി നടേശന് നടത്തി എന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്.
വഞ്ചന, വിശ്വാസ വഞ്ചന, പൊതുപ്രവര്‍ത്തനത്തില്‍ ഇരുന്നുകൊണ്ടുള്ള വഞ്ചന തുടങ്ങിയ വകുപ്പുകളാണ് ഇപ്പോള്‍ വെള്ളാപ്പള്ളിക്കുമേല്‍ ചുമത്തിയിരിക്കുന്നത്. വഞ്ചന നടത്തി എന്നതാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം.
എന്നാല്‍ ഈ കേസില്‍ തന്റെ വാദം കേട്ടില്ല എന്ന് വെള്ളാപ്പള്ളി നടേശന് ഹൈക്കോടതിയില്‍ അറിയിക്കുകയും അതിനുശേഷം ഹൈക്കോടതി വെള്ളാപ്പള്ളി നടേശന്റെ വാദം കൂടി കേള്‍ക്കാനുള്ള നിര്‍ദ്ദേശം ക്രൈംബ്രാഞ്ചിന് നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് സംഘം കഴിഞ്ഞ ദിവസം വെള്ളാപ്പള്ളി നടേശന്റെ കാണിച്ചുകുളങ്ങരയിലെ വീട്ടിലെത്തി തെളിവുകള്‍ ശേഖരിച്ചിരുന്നു.
ഇതിനുശേഷമാണ് ഇപ്പോള്‍ അന്തിമകുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. എന്നാല്‍ കോടതിയിലെ രണ്ട് അഭിഭാഷകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ തിങ്കളാഴ്ച വരെ കോടതി അവധിയാണ്. ഈ സാഹചര്യത്തില്‍ മജിസ്ട്രേറ്റിന്റെ വീട്ടിലെത്തിച്ചായിരിക്കും കുറ്റപത്രം സമര്‍പ്പിക്കുക. ഇതിനായുള്ള നടപടി ക്രമങ്ങള്‍ ക്രൈംബ്രാഞ്ച് ഓഫീസില്‍ നടന്നുവരികയാണ്.
Content highlight: crime branch to submit charge sheet against vellappally natesan on sn college issue
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..