തിരുവനന്തപുരം: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റി(ഇ.ഡി)നെതിരേ ക്രൈംബ്രാഞ്ച് വീണ്ടും കേസെടുത്തു. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായരുടെ അഭിഭാഷകന്റെ പരാതിയിലാണ് ക്രൈംബ്രാഞ്ച് വീണ്ടും കേസെടുത്തത്. മുഖ്യമന്ത്രിക്കെതിരേ മൊഴി നല്‍കാന്‍ ഇ.ഡി. ഉദ്യോഗസ്ഥര്‍ പീഡിപ്പിച്ചെന്നാണ് പരാതില്‍ പറയുന്നത്.

നേരത്തെ ഇ.ഡി.ക്കെതിരേ സന്ദീപ് നായര്‍ കോടതിക്ക് കത്ത് നല്‍കിയിരുന്നു. മുഖ്യമന്ത്രിക്കെതിരേ മൊഴി നല്‍കാന്‍ ഇ.ഡി. ഉദ്യോഗസ്ഥര്‍ പീഡിപ്പിച്ചെന്നതടക്കം ഈ കത്തിലുണ്ടായിരുന്നു. സന്ദീപ് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ഡിജിപിക്ക് പരാതി നല്‍കിയത്. തുടര്‍ന്ന് ഡിജിപിയാണ് പരാതിയില്‍ കേസെടുക്കാന്‍ ക്രൈംബ്രാഞ്ചിന് നിര്‍ദേശം നല്‍കിയത്. 

മുഖ്യമന്ത്രിക്കെതിരേ മൊഴി നല്‍കാന്‍ സ്വപ്നയെ നിര്‍ബന്ധിച്ചെന്ന പോലീസ് ഉദ്യോഗസ്ഥയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് ഇ.ഡിക്കെതിരേ ക്രൈംബ്രാഞ്ച് ആദ്യം കേസെടുത്തത്. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശം അടക്കം ലഭിച്ച ശേഷമായിരുന്നു എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തത്. ഇതിനെതിരേ പിന്നീട് ഇ.ഡി. ഹൈക്കോടതിയെ സമീപിച്ചിരുന്നു. 

Content Highlights: crime branch registered one more fir against enforcement directorate