തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ഉപയോഗിക്കുന്നത് സ്വന്തം ഐഫോണെന്ന് ക്രൈം ബ്രാഞ്ച്. വിനോദിനി  ബാലകൃഷ്ണന്‍ ഡി.ജി.പിക്ക് നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് ക്രൈം ബ്രാഞ്ച് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്. 

കവടിയാറിലെ കടയില്‍നിന്നാണ് വിനോദിനി ഫോണ്‍ വാങ്ങിയത്. സ്റ്റാച്യു ജങ്ഷനിലെ കടയില്‍നിന്നാണ് യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പന്‍ ഫോണ്‍ വാങ്ങിയത്. ഈ രണ്ട് ഫോണുകളും റീട്ടെയില്‍ കച്ചവടക്കാര്‍ക്ക് വിറ്റത് സ്‌പെന്‍സര്‍ ജങ്ഷനിലെ ഹോള്‍സെയില്‍ ഡീലറാണ്. രണ്ട് ഫോണുകളും അടുത്തടുത്ത ദിവസങ്ങളിലായാണ് വിറ്റത്. അതിനാല്‍ കസ്റ്റംസ് സംഘം ഹോള്‍സെയില്‍ ഡീലറില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചപ്പോള്‍ സംഭവിച്ച ആശയക്കുഴപ്പമാകാം വിനോദിനിയുടെ ഫോണും സന്തോഷ് ഈപ്പന്‍ നല്‍കിയതാണെന്ന വാദത്തിന് കാരണമായതെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം. 

ഡോളര്‍ക്കടത്ത് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട യൂണിടാക് എം.ഡി. സന്തോഷ് ഈപ്പന്‍ യു.എ.ഇ. കോണ്‍സുലേറ്റിനു നല്‍കിയ ഐ ഫോണുകളിലൊന്ന് വിനോദിനി ഉപയോഗിച്ചു എന്നായിരുന്നു കസ്റ്റംസിന്റെ കണ്ടെത്തല്‍. തുടര്‍ന്ന് ചോദ്യം ചെയ്യലിനായി ഇവര്‍ക്ക് നോട്ടീസ് അയക്കുകയും ചെയ്തു. എന്നാല്‍, കസ്റ്റംസിന്റെ വാദം വിനോദിനി നിഷേധിച്ചിരുന്നു. യൂണിടാക് ഉടമ സന്തോഷ് ഈപ്പനെ തനിക്കറിയില്ലെന്നും തനിക്ക് ആരും ഫോണ്‍ നല്‍കിയിട്ടില്ലെന്നുമായിരുന്നു അവരുടെ പ്രതികരണം. തുടര്‍ന്നാണ് ഇക്കാര്യത്തില്‍ നിജസ്ഥിതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പോലീസിന് പരാതി നല്‍കിയത്. 

Content Highlights: crime branch investigation on kodiyeri wife vinodini's iphone