റോഡരികിൽ രൂപപ്പെട്ട ഗർത്തം
കോട്ടയം: മൂവാറ്റുപുഴയ്ക്കടുത്ത് എംസി റോഡില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ ഗര്‍ത്തം കോണ്‍ക്രീറ്റ് ചെയ്ത് അടയ്ക്കുന്ന പ്രവൃത്തി പുരോഗമിക്കുന്നു. കച്ചേരിത്താഴത്തെ വലിയ പാലത്തിനടുത്ത അപ്രോച്ച് റോഡില്‍ രൂപപ്പെട്ട വലിയ ഗര്‍ത്തമാണ് അടയ്ക്കുന്നത്. കോണ്‍ക്രീറ്റ് മിശ്രിതം കുഴിയില്‍ നിറയ്ക്കുന്ന ജോലിയാണ് നിലവില്‍ നടക്കുന്നത്. എത്രയും വേഗം ഈ ഭാഗത്തുണ്ടായ വലിയ ഗതാഗതക്കുരുക്ക് നീക്കി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നടപടികളാണ് അധികൃതർ കൈക്കൊള്ളുന്നത്.
നേരത്തെ ഇവിടെനിന്ന് മണ്ണ് നീക്കംചെയ്ത് പരിശോധിച്ചിരുന്നു. ഇളകിയ മണ്ണ് പുറത്തേക്ക് മാറ്റുകയും ഒന്നരയിഞ്ചിന്റെ വലിയ മെറ്റല്‍ കോണ്‍ക്രീറ്റ് ചെയ്ത് കുഴിയിലേക്ക് ഇടുകയും അതുറപ്പിക്കുകയുമാണ് ആദ്യം ചെയ്യുന്നത്. പൊതുമരാമത്ത് വകുപ്പിലെ മുതിര്‍ന്ന എന്‍ജിനീയര്‍മാര്‍ അടക്കം സ്ഥലത്തെത്തി പരിശോധന നടത്തിയ ശേഷമാണ് ഇക്കാര്യത്തില്‍ ഒരു താത്ക്കാലികപരിഹാരം ഉണ്ടായിരിക്കുന്നത്.
ഗര്‍ത്തം കണ്ടെത്തിയതിനെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം നിയന്ത്രിച്ചിരുന്നു. എംസി റോഡിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങളിലൊന്നായതിനാല്‍ മൂവാറ്റുപുഴ ഭാഗത്ത് കിലോമീറ്ററുകള്‍ നീളുന്ന ഗതാഗതക്കുരുക്കാണ് ഉണ്ടായത്. അതിനാല്‍ പ്രശ്നത്തിന് അടിയന്തരമായി പരിഹാരം കാണാന്‍ സർക്കാർ നിർദേശിച്ചിരുന്നു. കുഴി വീണ്ടും രൂപപ്പെടുമോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്.
കച്ചേരിത്താഴത്ത് പുതിയ പാലത്തിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് വ്യാപാരസമുച്ചയത്തിന്റ മുന്നിലെ പാര്‍ക്കിങ് പ്രദേശത്താണ് വലിയ കുഴി രൂപപ്പെട്ടത്. ബുധനാഴ്ച രാവിലെ സ്ഥലത്തെ വ്യാപാരികളാണ് ഇത് കണ്ടത്. പാലത്തിനും റോഡിനും അടിയിലേക്ക് ഇറങ്ങിപ്പോകാവുന്ന വിധത്തിലുള്ള കുഴിക്ക് പത്തടിയോളം വിസ്തൃതിയാണുണ്ടായിരുന്നത്. വാഹനങ്ങളോ ആളുകളോ റോഡില്‍ ഉള്ളപ്പോഴല്ല ഗർത്തം ഉണ്ടായത് എന്നതിനാല്‍ വലിയ അപകടം ഒഴിവായി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..