തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍ പിള്ളയും സമരസമിതിയും ദേശീയപാത വികസനം അട്ടിമറിച്ചു എന്ന് സി.പി.എം നേതാക്കള്‍ പറയുന്നത് ദേശീയപാത ആക്ഷന്‍ കൗണ്‍സിലിന്റെ ആവശ്യം എന്തായിരുന്നു എന്നത് മറച്ചുവച്ചുകൊണ്ടാണെന്ന് പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.ആര്‍ നീലകണ്ഠന്‍. ചുങ്കപ്പാതയില്‍ നിന്ന് കൊള്ളയടിക്കാനുള്ള അവസരം നഷ്ടപ്പെട്ടതിന്റെ രോഷമാണ് സി.പി.എം പ്രകടിപ്പിക്കുന്നതെന്നും സി.ആര്‍ നീലകണ്ഠന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു.

ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന പി എസ് ശ്രീധരന്‍ പിള്ളയുടെ കേന്ദ്ര ഗതാഗത മന്ത്രിയായ നിതിന്‍ ഗഡ്കരികുള്ള കത്ത് ദേശീയ പാത ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ കൂടിയായ ഹാഷിം ചെന്നംപള്ളിയുടെ ആവശ്യപ്രകാരം അദ്ദേഹം നല്‍കിയതാണ്. കേരളത്തിലെ എല്ലാ രാഷ്ട്രീയ നേതാക്കളെയും സമരസമിതി നേരില്‍ കാണുകയും ഇതേ ആവശ്യം ഉന്നയിക്കുകയും ചെയ്തിട്ടുണ്ട്. അതില്‍ സഹകരിക്കാന്‍ തയ്യാറായത് ബിജെപി സംസ്ഥാന പ്രസിഡന്റ് മാത്രമാണ്. 

കേന്ദ്ര ഭരണ കക്ഷി എന്ന നിലയില്‍ അവരുടെ കത്തിന് വിലയുണ്ട് ഉണ്ട് എന്ന് കരുതി കൊണ്ട് തന്നെയാണ് ആ കത്തും മറ്റ് അനുബന്ധ രേഖകളുമായി താനടക്കമുള്ള സമര സമിതി അംഗങ്ങള്‍ ഞങ്ങള്‍ ഡല്‍ഹിയില്‍ പോയത്. ദേശീയപാതാ വികസനം ദേശീയപാത വില്‍പ്പനയാണ്, ദേശീയപാതയിലെ ടോള്‍ പിരിവ് കമ്പനികളുടെ കൊള്ളയാണ്, രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും നേതാക്കള്‍ക്കും പങ്കുപറ്റാന്‍ ഉള്ള കച്ചവടമാണ്. ഒരു സിപിഎം നേതാവും ദേശീയപാതാ ഇരകള്‍ക്ക് വേണ്ടി നിലകൊണ്ടില്ലെന്നും സിആര്‍ നീലകണ്ഠന്‍ ആരോപിച്ചു. 

content highlights: CR Neelakandan, facebook post, CPIM, PS Sreedharan pillai