കോടിയേരി ബാലകൃഷ്ണൻ| ഫോട്ടോ:റിഥിൻ ദാമു മാതൃഭൂമി
തിരുവനന്തപുരം: മുന്‍ മന്ത്രി കെ.ടി ജലീലിന്റെ ലോകായുക്തയ്ക്കെതിരായ വിമര്‍ശനം ഏറ്റെടുക്കേണ്ടതില്ലെന്ന് സിപിഎം. എന്നാല്‍ വിമര്‍ശനത്തെ പൂര്‍ണമായും തള്ളിക്കളയില്ല. ജലീലിന്റേത് വ്യക്തിപരമായ അഭിപ്രായ പ്രകടനമാണെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. നിയമ ഭേദഗതിയിലേക്ക് വഴിവെച്ചത് വ്യക്തിപരമായ കാര്യങ്ങളല്ലെന്നും നിയമത്തിലെ പഴുതുകളാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു.
ലോകായുക്തയ്ക്കെതിരെ കടുത്ത വിമര്‍ശനമുന്നയിച്ച് കെ.ടി ജലീല്‍ ഫെയ്സ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഇന്നും അദ്ദേഹം പുതിയ പോസ്റ്റുമായി സിറിയക് ജോസഫിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. എന്നാല്‍ രാഷ്ട്രീയമായി ഇതിനെ ഏറ്റെടുക്കേണ്ടതില്ലെന്നാണ് സിപിഎം നേതൃത്വത്തിന്റെ നിലപാട്. അതുകൊണ്ട് തന്നെ ഈ വിഷയത്തില്‍ പ്രതികരണത്തിന് നേതാക്കള്‍ തയ്യാറല്ല. നിയമഭേദഗതിക്ക് കാരണം ജലീലിന്റേയോ മറ്റാരുടെയെങ്കിലുമോ വ്യക്തിപരമായ അനുഭവങ്ങളല്ലെന്നും കോടിയേരി പറയുന്നു.
ലോകായുക്ത നിയമത്തിലെ സെക്ഷന്‍ 14ല്‍ ചില പഴുതുകളുണ്ട്. ഇത് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാന്‍ പോലും ഉപയോഗിച്ചേക്കാം. അത് ഈ വ്യക്തിയല്ലെങ്കില്‍ മറ്റൊരാളായാലും അതിനുള്ള അവരമുണ്ട്. ഇത് മുന്നില്‍ക്കണ്ടാണ് ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് എന്നാണ് കോടിയേരി ഉള്‍പ്പെടെയുള്ള സിപിഎം നേതൃത്വം വിശദീകരിക്കുന്നത്.
ജലീലിന്റെ വിമര്‍ശനങ്ങളെ പൂര്‍ണമായി രാഷ്ട്രീയമായി ഏറ്റെടുക്കില്ലെന്ന് പറയുമ്പോഴും അദ്ദേഹത്തിന്റെ വിമര്‍ശനങ്ങളെ പാര്‍ട്ടി തള്ളുന്നില്ലെന്നത് ശ്രദ്ധേയമാണ്. സിറിയക് ജോസഫ് എന്നല്ല ഏതൊരു വ്യക്തി ആ സ്ഥാനത്ത് ഇരുന്നാലും പഴുതകളുള്ളതാണ് സെക്ഷന്‍ 14 എന്നും അതിനാലാണ് ഭേദഗതിയെന്നുമാണ് നേതൃത്വം നിലപാട് വ്യക്തമാക്കുന്നത്.
അതേസമയം ലോകായുക്തയായി സിറിയക് ജോസഫിനെ നിയമിച്ചത് ഒന്നാം പിണറായി സര്‍ക്കാരാണ്. നിയമം അനുസരിച്ച് മാത്രമാണ് അത്തരം നിയമനങ്ങള്‍ നടക്കുന്നതെന്നും മറിച്ച് രാഷ്ട്രീയ പരിഗണനവെച്ചല്ല എന്നുമാണ് ഈ വിഷയത്തില്‍ കോടിയേരി പ്രതികരിച്ചത്. യോഗ്യതയും മാനദണ്ഡവും മാത്രം അനുസരിച്ച് മാത്രമാണ് നിയമനമെന്നും കോടിയേരി പറഞ്ഞു.
Content Highlights: CPM wont take up Jaleel`s criticism against Lokayukta
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..