തിരുവനന്തപുരം: അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ പി.കെ ശശി എം.എല്‍.എക്ക് എതിരായ പീഡന പരാതിയില്‍ നടപടി ഉണ്ടാകുമെന്ന് സി.പി.എം. ആരോപണ വിധേയരെ പൂമാലയിട്ട് സ്വീകരിക്കുന്ന രീതി പാര്‍ട്ടിയിലില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കി.

ഓഗസ്റ്റ് 14നാണ് പെണ്‍കുട്ടി പി.കെ ശശിക്കെതിരെ സംസ്ഥാന സെക്രട്ടറിക്ക് പരാതി നല്‍കുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ പരാതിക്കാരിയെ കോടിയേരി ബാലകൃഷ്ണന്‍ നേരിട്ട് വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചിരുന്നു. തുടര്‍ന്ന് പി.കെ ശശിയെ തിരുവനന്തപുരം എ.കെ.ജി സെന്ററിലേക്ക് വിളിച്ച് വരുത്തി വിശദീകരണം തേടി,

ഓഗസ്റ്റ് 31 ന് നടന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ് ഇക്കാര്യം ചര്‍ച്ച ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടി കേന്ദ്ര കമ്മറ്റി അംഗങ്ങളായ എ.കെ ബാലനെയും പി.കെ ശ്രീമതിയെയും വിഷയം അന്വേഷിക്കാന്‍ യോഗം ചുമതലപ്പെടുത്തി. ഈ വിഷയത്തില്‍ കൃത്യമായ അന്വേഷണം നടത്താന്‍ സെക്രട്ടേറിയേറ്റ് യോഗം ഐക്യകണ്ഠേനെയാണ് തീരുമാനമെടുത്തത്.

അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ച ഉടന്‍ ഉചിതമായ നടപടി കൈക്കൊള്ളും. കേന്ദ്ര കമ്മറ്റി ഇടപെട്ടതിന് ശേഷമാണ് സംസ്ഥാന ഘടകം വിഷയം പരിഗണിച്ചത് എന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും സംസ്ഥാന സെക്രട്ടേറിയേറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ എക്കാലത്തും മാതൃകാപരമായ നിലപാട് എടുത്ത പാര്‍ട്ടിയാണ് സി.പി.എം എന്നും പത്രക്കുറിപ്പ് പറയുന്നു.

press

ഇതോടെ സി.പി.എം പി.കെ ശശിക്ക് എതിരായി നടപടി എടുക്കുമെന്ന് ഏകദേശം ഉറപ്പായിരിക്കുകയാണ്. അതോടൊപ്പം തനിക്കെതിരെ യാതൊരു പരാതിയും ഉയര്‍ന്നിട്ടില്ല എന്ന പി.കെ ശശിയുടെ ഇതുവരെയുള്ള വാദങ്ങളുടെ മുനയൊടിക്കുന്നതുമാണ് സി.പി.എമ്മിന്റെ വാര്‍ത്താ കുറിപ്പ്.