കോഴിക്കോട്: പിണറായി സർക്കാരിനെ അട്ടിമറിക്കുക എന്ന അജൻഡയുമായി രഹസ്യയോഗം ചേർന്ന പോലീസുകാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. എൻജിഒ അസോസിയേഷൻ നേതാക്കളടക്കം പങ്കെടുത്തായിരുന്നു യോഗം.

കോൺഗ്രസ് നേതൃത്വത്തിന്റെ പിൻബലത്തിലാണ് ഒരു വിഭാഗം പൊലീസകാർ രാഷ്ട്രീയ അജൻഡയുമായി യോഗം ചേർന്നത്. ഇതിൽ വലിയ ഗൂഢാലോചനയുണ്ട്. കോഴിക്കോട് അളകാപുരി ഹോട്ടലിൽ നടന്ന രഹസ്യയോഗത്തിന്റെ ദൃശ്യങ്ങളും വാർത്തയും പുറത്തുവന്നിട്ടുണ്ട്.

പങ്കെടുത്തവരെ കൃത്യമായി തിരിച്ചറിയാൻ കഴിയുന്ന സാഹചര്യത്തിൽ നടപടി വൈകരുത്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ഇത് ഗൗരവത്തോടെ കാണണം. പോലീസ് സേനയുടെയും സർക്കാർ ജീവനക്കാരുടെയും അച്ചടക്കവും പെരുമാറ്റ സംഹിതകളും ലംഘിച്ചനീക്കമാണിത്. ഉത്തരവാദപ്പെട്ടവർ ഇതേക്കുറിച്ച് അന്വേഷിച്ച് അടിയന്തര നടപടിക്ക് തയ്യാറാകണമെന്നും ജില്ലാസെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.