കൊല്ലം: സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍മാര്‍ (സാമൂഹികമാധ്യമങ്ങളില്‍ സ്വാധീനമുള്ളവര്‍) വഴി, സംസ്ഥാന സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളും പാര്‍ട്ടി ആശയങ്ങളും പ്രചരിപ്പിക്കാന്‍ സിപിഎം. കൃഷി, വ്യവസായം, കല, യാത്ര, പാചകം, ഭക്ഷണം തുടങ്ങി വിവിധ മേഖലകളിലെ സാമൂഹികമാധ്യമ ഇന്‍ഫ്‌ലുവന്‍സര്‍മാരുടെ ജനപ്രിയ പരിപാടികള്‍ക്കിടയിലൂടെ പാര്‍ട്ടി ആശയങ്ങളും സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളും 'തിരുകിക്കയറ്റി' പ്രചരിപ്പിക്കാനാണ് പരിപാടി. ചെറിയതോതില്‍ ആരംഭിച്ച പരിപാടി ജൂണ്‍മാസത്തോടെ വിപുലമാക്കുമെന്നാണ് വിവരം.

To advertise here,

'സിപിഎമ്മിന്റെ രാഷ്ട്രീയം പറയേണ്ടെന്നും പ്രതിപക്ഷത്തെ കടന്നാക്രമിക്കേണ്ടെന്നും' ഇവരോട് പറഞ്ഞിട്ടുണ്ട്. യാത്രാ വ്‌ലോഗുകള്‍ ചെയ്യുന്നവരെക്കൊണ്ട്, കേരളത്തിലെ മികച്ച റോഡുകളെക്കുറിച്ച് പറയിപ്പിക്കും. കഴിഞ്ഞവര്‍ഷങ്ങളില്‍ നവീകരിച്ച പൊതുമരാമത്ത്‌ െറസ്റ്റ് ഹൗസുകളുടെ വിശേഷങ്ങളും ഇവര്‍ പറഞ്ഞുപോകും. കൃഷി, വ്യവസായം, വിദ്യാഭ്യാസം തുടങ്ങി വിവിധ വിഷയങ്ങളിലെ ചെറുവീഡിയോകള്‍ക്കൊപ്പം അതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ പദ്ധതികളെ പരാമര്‍ശിക്കുകയാണ് രീതി. പാര്‍ട്ടിയുമായി ബന്ധമുള്ളവരെയും ഇല്ലാത്തവരെയും പ്രതിഫലം നല്‍കി ഇതിനായി നിയോഗിച്ചു തുടങ്ങിയെന്നാണ് അറിയുന്നത്.

എല്ലാ ജില്ലകളിലും പ്രതിഫലം നല്‍കി വിദഗ്ധരെ നിയോഗിച്ചാണ് ഉള്ളടക്കം തയ്യാറാക്കുക. ജില്ലാതല നവമാധ്യമസമിതികള്‍ക്കു പുറമേയാണിത്. ഇവരുടെമേല്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റികള്‍ക്ക് നിയന്ത്രണം ഉണ്ടാകില്ല. വിഴിഞ്ഞം പദ്ധതിയുടെ 'പിതൃത്വം' സംബന്ധിച്ച് രാഷ്ട്രീയ എതിരാളികളുടെ പ്രചാരണങ്ങള്‍ പ്രതിരോധിക്കാനടക്കം ഇത്തരം കാര്യങ്ങള്‍ ഉപയോഗിച്ചിരുന്നു. എം.വി. നികേഷ്‌കുമാര്‍ നേതൃത്വം നല്‍കുന്ന സംസ്ഥാനതല നവമാധ്യമസമിതി തയ്യാറാക്കുന്ന ഉള്ളടക്കങ്ങളും രാഷ്ട്രീയമേലങ്കിയില്ലാത്ത സാമൂഹികമാധ്യമ ഇന്‍ഫ്‌ലുവന്‍സര്‍മാരിലൂടെ ജനങ്ങളിലെത്തിക്കും.

പഴയ എകെജി സെന്റര്‍ കേന്ദ്രമാക്കി നവമാധ്യമ പ്രചാരണം ശക്തമാക്കാന്‍ എല്ലാ തയ്യാറെടുപ്പും സിപിഎം നടത്തിയിട്ടുണ്ട്. മാധ്യമങ്ങളില്‍ വരുന്ന പാര്‍ട്ടി അനുകൂല വാര്‍ത്താശകലങ്ങളും വീഡിയോകളും അപ്പപ്പോള്‍ പ്രചരിപ്പിക്കും. പാര്‍ട്ടിയെ പ്രതിസ്ഥാനത്തു നിര്‍ത്തുന്ന വാര്‍ത്തകളുടെ മറുവാദങ്ങള്‍ ഉടന്‍ തയ്യാറാക്കി താഴേത്തട്ടിലേക്ക് നല്‍കുകയും ചെയ്യും.