തിരുവനന്തപുരം: അനുപമയുടെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ നടപടിക്ക് സി.പി.എം. വിഷയം പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കിയെന്ന വിലയിരുത്തലിലാണ് സി.പി.എം നടപടിക്ക് ഒരുങ്ങുന്നത്. ശിശു ക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജു ഖാന്‍, അനുപമയുടെ അച്ഛന്‍ ജയചന്ദ്രന്‍ എന്നിവര്‍ക്കെതിരെയാണ് നടപടിക്ക്  നീക്കം.

ഷിജു ഖാനെ ശിശു ക്ഷേമ സമിതി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും അനുപമയുടെ അച്ഛന്‍ പി.എസ് ജയചന്ദ്രനെ പാര്‍ട്ടി പേരൂര്‍ക്കട എല്‍.സി അംഗം എന്നീ സ്ഥാനങ്ങളില്‍ നിന്ന് നീക്കാനുമാണ് പാര്‍ട്ടി തയ്യാറെടുക്കുന്നത്. കുട്ടിയെ നഷ്ടപ്പെട്ട അനുപമയ്ക്ക് ഒപ്പമാണെന്ന നിലപാടാണ് പാര്‍ട്ടി സംസ്ഥാന നേതൃത്വവും ജില്ലാ നേതൃത്വവും സ്വീകരിച്ചിരുന്നത്. എന്നിട്ടും എന്തുകൊണ്ടാണ് പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള കാര്യങ്ങളില്‍ നടപടിയില്ലാത്തതെന്ന ചോദ്യം ഉയര്‍ന്നിരുന്നു.

ശിശുക്ഷേമ സമിതിയുടെ ഭാരവാഹിയെന്ന നിലയില്‍ ഡോ. എം ഷിജുഖാന്‍ ചില വീഴ്ചകള്‍ വരുത്തിയെന്നാണ് പാര്‍ട്ടി നിഗമനം. ഇതേതുടര്‍ന്നാണ് നടപടിക്ക് ഒരുങ്ങുന്നത്. ദത്ത് നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ പാലിക്കുന്നതിലും കുട്ടിയുടെ ലിംഗനിര്‍ണയം നടത്തുന്നതിലും വീഴ്ച വരുത്തിയെന്നാണ് പാര്‍ട്ടിയുടെ നിഗമനം.

അമ്മയുടെ സമ്മതമില്ലാതെ കുട്ടിയെ അവരില്‍ നിന്ന് മാറ്റിയതിനാണ് അനുപമയുടെ അച്ഛനെതിരെ നടപടിക്ക് ഒരുങ്ങുന്നത്. ജയചന്ദ്രനെ പേരൂര്‍ക്കട ലോക്കല്‍ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കിയേക്കും. ഈ സമ്മേളനകാലത്ത് ഏരിയാ കമ്മിറ്റിയിലേക്ക് സ്ഥാനക്കയറ്റം ലഭിക്കാന്‍ സാധ്യതയുള്ള നേതാവായിരുന്നു ജയചന്ദ്രന്‍.

അനുപമ വിഷയം ചര്‍ച്ച ചെയ്യണമെന്ന് സിപിഎം ജില്ലാ നേതൃത്വത്തിനുള്ളില്‍ ആവശ്യമുണ്ടായിരുന്നു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി. ജയന്‍ബാബുവാണ് ആവശ്യം മുന്നോട്ട് വെച്ചത്. എന്നാല്‍ വിഷയം ചര്‍ച്ച ചെയ്തുവെന്നല്ലാതെ മറ്റ് നടപടികളൊന്നും പാര്‍ട്ടി സ്വീകരിച്ചിരുന്നില്ല.

Content Highlights: cpm to take action against shijukhan and jayachandra