കോഴിക്കോട്: കുറ്റ്യാടിയില്‍ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ പ്രതിഷേധങ്ങളില്‍ അച്ചടക്ക നടപടി തുടര്‍ന്ന് സി.പി.എം. വടയം, കുറ്റ്യാടി ലോക്കല്‍ കമ്മറ്റികളിലെ 32 പേര്‍ക്കെതിരേയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. സി.പി.എം നേതാവ് കെ.പി കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റര്‍ക്ക് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ചുള്ള പ്രക്ഷോഭത്തിലാണ് നടപടി.

എംഎല്‍എയേയും ഏരിയ കമ്മറ്റി അംഗങ്ങളേയും തരംതാഴത്തിയതിന് പിന്നാലെയാണ് നടപടികള്‍ തുടരുന്നത്. കുറ്റ്യാടി  വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറി പാലേരി ചന്ദ്രന്‍ ഉള്‍പ്പടെ നാല് ലോക്കല്‍ കമ്മിറ്റി അംഗങ്ങളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. കുറ്റ്യാടി ലോക്കല്‍ കമ്മിറ്റിയിലെ മൂന്ന് അംഗങ്ങളെ ഒരു വര്‍ഷത്തേക്കും രണ്ട് ലോക്കല്‍ കമ്മിറ്റി അംഗങ്ങളെ ആറു മാസത്തേക്കും സസ്പെന്‍ഡ് ചെയ്തു. വടയം ലോക്കല്‍ കമ്മറ്റിയിലെ ആറു അംഗങ്ങളെയും സസ്പെന്‍ഡ് ചെയ്തു. പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്ത ബ്രാഞ്ച് സെക്രട്ടറിമാരെ താക്കീത് ചെയ്തിട്ടുണ്ട്. കുറ്റ്യാടി ലോക്കല്‍ കമ്മിറ്റി നേരത്തെ പിരിച്ചു വിട്ടിരുന്നു. നിലവില്‍ അഡ്ഹോക് കമ്മറ്റിയാണുള്ളത്. നടപടികള്‍ ഇനി ബ്രാഞ്ച് തലത്തില്‍ റിപ്പോര്‍ട്ട് ചെയ്യും.

യുഡിഎഫില്‍ നിന്ന് കുറ്റ്യാടി സീറ്റ് തിരിച്ചുപിടിച്ചെങ്കിലും കുഞ്ഞഹമ്മദ്കുട്ടി എംഎല്‍എയെ ജില്ലാ സെക്രട്ടറിയേറ്റില്‍നിന്ന് ജില്ലാ കമ്മറ്റിയിലേക്ക് തരംതാഴ്ത്തിയിരുന്നു. ഇതിന് പിന്നാലെ കുന്നുമ്മല്‍ ഏരിയ കമ്മറ്റി അംഗങ്ങളായ മൂന്ന് പേര്‍ക്കെതിരേയും നടപടിയെടുത്തിരുന്നു. അതിനു ശേഷമാണ് ഇപ്പോള്‍ ലോക്കല്‍ കമ്മറ്റികളിലെ കൂട്ട നടപടി. 

നിയമസഭാ തിരഞ്ഞെടുപ്പില്‍ കുറ്റ്യാടി മണ്ഡലം കേരള കോണ്‍ഗ്രസിനാണ് നല്‍കിയിരുന്നത്. ഇതില്‍ വലിയ പ്രതിഷേധമുയര്‍ന്നുവന്നിരുന്നു. ആയിരക്കണക്കിനാളുകള്‍ കുഞ്ഞഹമദ്  കുട്ടി മാസ്റ്റര്‍ക്കായി തെരുവിലിറങ്ങിയിരുന്നു. ഇത് പാര്‍ട്ടി സംസ്ഥാന നേതൃത്വത്തെ പോലും ഞെട്ടിച്ചിരുന്നു. അന്ന് പ്രതിഷേധങ്ങള്‍ക്ക് വഴങ്ങി സീറ്റ് സി.പി.എം ഏറ്റെടുത്തെങ്കിലും അച്ചടക്ക നടപടി കടുപ്പിക്കുകയായിരുന്നു.