എം.വി. ഗോവിന്ദൻ, രമേശ് ചെന്നിത്തല | Photo: Mathrubhumi
തിരുവനന്തപുരം: ഒരേ നുണ ആവര്‍ത്തിച്ച് കേരളീയ സമൂഹത്തെ പരിഹസിക്കുകയാണ് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകള്‍ സംസ്ഥാനത്ത് റോഡിലെ നിയമലംഘനങ്ങളും അപകടങ്ങളും ഗണ്യമായി കുറയ്ക്കാന്‍ സഹായകമായി എന്ന കണക്കുകള്‍ പുറത്തു വന്നതോടെ പ്രതിപക്ഷം ഇതുവരെ പരത്തിയ നുണക്കഥകളുടെ ആയുസ്സ് ഒടുങ്ങി. നേരത്തെ പറഞ്ഞു പൊളിഞ്ഞ ആരോപണങ്ങളും പൊതുമണ്ഡലത്തില്‍ ലഭ്യമായ രേഖകളും പുതിയതാണ് എന്ന വ്യാജേന അവതരിപ്പിച്ച് പുകമറ പരത്താനാണ് രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ ശ്രമിച്ചതെന്നും എം.വി. ഗോവിന്ദന്‍ വാര്‍ത്താക്കുറിപ്പില്‍ കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിയുടെ ബന്ധുക്കള്‍ക്ക് ഈ പദ്ധതിക്കായി നല്‍കിയ കരാറുകളില്‍ പങ്കുണ്ട് എന്ന ആരോപണം ഉന്നയിച്ച അന്നു മുതല്‍ക്കേ അതിനെ സാധൂകരിക്കുന്ന തെളിവുകള്‍ പുറത്തു വിടാന്‍ ആവശ്യപ്പെട്ടതാണ്. ആ വെല്ലുവിളി സ്വീകരിച്ച് തെളിവിന്റെയോ വസ്തുതയുടെയോ കണികയെങ്കിലും പുറത്തുവിടാന്‍ ചെന്നിത്തലയ്‌ക്കോ കൂട്ടര്‍ക്കോ ഇതുവരെ സാധിച്ചിട്ടില്ല. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ ഇതുവരെ മറുപടി നല്‍കിയില്ല എന്നാണ് പരിദേവനം. യാതൊരു അടിസ്ഥാനവുമില്ലാത്ത കള്ളങ്ങള്‍ക്കെല്ലാം ആരെങ്കിലും മറുപടി നല്‍കണമെന്നു വാശി പിടിക്കുന്നതിന്റെ സാംഗത്യമെന്താണെന്ന് എം.വി. ഗോവിന്ദന്‍ ചോദിച്ചു.
'കരാര്‍ ലഭിക്കാതിരുന്ന കമ്പനികളില്‍ ചിലതിന്റെ വക്കാലത്താണ് 'വിവരാകാശ നിയമപ്രകാരം ലഭിച്ച ചോദ്യങ്ങള്‍ കെല്‍ട്രോണ്‍ മറുപടി നല്‍കിയില്ല' എന്ന ആരോപണം വീണ്ടും ഉന്നയിച്ച് ചെന്നിത്തല ഏറ്റെടുക്കുന്നത്. ലഭിച്ച എല്ലാ ചോദ്യങ്ങള്‍ക്കും കെല്‍ട്രോണ്‍ മറുപടി നല്‍കിയിട്ടുണ്ടെന്നു മാത്രമല്ല, വിലവിവരങ്ങള്‍ നല്‍കാതിരിക്കുന്നതിന്റെ കാരണം കൃത്യമായി വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്. വിവരാകാശ നിയമത്തിലെ 8 (1) (ഡി) പ്രകാരം കെല്‍ട്രോണിന്റെ മത്സരാധിഷ്ഠിത സ്ഥാനത്തിനു ഹാനി സൃഷ്ടിക്കാവുന്ന ചില വിവരങ്ങള്‍ അറിയിക്കാന്‍ നിര്‍വാഹമില്ല എന്ന് മറുപടിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. കെല്‍ട്രോണ്‍ സംസ്ഥാനത്തിനകത്തും പുറത്തും വിവിധ പദ്ധതികള്‍ ഏറ്റെടുത്ത് നടപ്പാക്കുന്ന സ്ഥാപനമാണ്. അതിന്റെ വ്യാപാരവുമായി ബന്ധപ്പെട്ടെ രഹസ്യാത്മക വിവരങ്ങള്‍ പുറത്തു വിടുന്നത് കമ്പനിയുമായി വ്യാപാരത്തില്‍ മത്സരിക്കുന്ന മറ്റു കമ്പനികള്‍ക്ക് ഒരു മത്സരത്തില്‍ മുന്‍കൈ നല്‍കുന്ന അവസ്ഥയ്ക്ക് ഇടയാക്കും. അതൊഴിവാക്കുന്നതിനാണ് ആ വിവരങ്ങള്‍ ഒഴിവാക്കിയത് എന്ന് കെല്‍ട്രോണ്‍ വിശദീകരിച്ചിട്ടുണ്ട്. മറുപടിയില്‍ തൃപ്തനല്ലെങ്കില്‍ അപ്പീല്‍ പോകാനുള്ള അവസരവുമുണ്ട്. മുന്നിലുള്ള അത്തരം സാധ്യതകള്‍ ചെന്നിത്തലയും കൂട്ടരും എന്തുകൊണ്ട് ഉപയോഗിക്കുന്നില്ല?', എം.വി. ഗോവിന്ദന്‍ ചോദിച്ചു.
ഇതിനകം വ്യക്തമായ മറുപടികള്‍ വന്നിട്ടും അക്ഷര എന്റര്‍പ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയ്ക്ക് ആവശ്യമായ പ്രവര്‍ത്തനപരിചയമില്ലെന്ന ആരോപണവും ചെന്നിത്തല ആവര്‍ത്തിക്കുകയാണ്. കെല്‍ട്രോണ്‍ നല്‍കിയ വിശദീകരണം സാമാന്യ ബോധമുള്ളവര്‍ക്ക് മനസ്സിലാകുന്നതാണ്. അക്ഷര എന്റര്‍പ്രൈസസ് എന്ന പേരില്‍ 2010 ല്‍ രജിസ്റ്റര്‍ ചെയ്ത കമ്പനി 2017 ല്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി കണ്‍വെര്‍ട് ചെയ്യുകയായിരുന്നു എന്നും ഇതുമായി ബന്ധപ്പെട്ട കമ്പനീസ് ഓഫ് രജിസ്ട്രാര്‍ നല്‍കിയ രേഖ ടെന്‍ഡര്‍ ഡോക്യൂമെന്റില്‍ ഉണ്ട് എന്നുമുള്ള വാസ്തവം മുന്‍ പ്രതിപക്ഷ നേതാവ് കൗശലപൂര്‍വ്വം മറച്ചു വെക്കുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഒരു ലക്ഷം രൂപയ്ക്ക് മാര്‍ക്കറ്റില്‍ വിലയുള്ള ക്യാമറയ്ക്ക് 10 ലക്ഷം രൂപയാണ് ക്വോട്ട് ചെയ്തതെന്നും അതിന് കെല്‍ട്രോണ്‍ ടെണ്ടര്‍ ഉറപ്പിക്കുകയും ചെയ്തതെന്നും വീണ്ടും വീണ്ടും പറയുന്നത് ഭരണ പരിചയമുള്ള ഒരു പൊതുപ്രവര്‍ത്തകന് ചേര്‍ന്നതല്ല. വെറുമൊരു ക്യാമറ മാത്രമല്ലെന്നും നിരവധി ഘടകങ്ങള്‍ ചേരുന്ന ഒരു ക്യാമറ യൂണിറ്റാണെന്നുമുള്ള വസ്തുതയെ തമസ്‌കരിക്കുന്നു എന്നതാണ് ഈ ആരോപണത്തിലെ പ്രധാന കുതന്ത്രം. കേള്‍ക്കുന്നവരില്‍ 'ഒരു ക്യാമറയ്ക്ക് മാത്രം ഇത്ര വിലയോ' എന്ന സംശയം ജനിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഓപ്പണ്‍ ടെണ്ടറാണ് വിളിച്ചത്. വില കുറച്ച് ഈ ക്യാമറ നല്‍കുന്ന കമ്പനികള്‍ ഉണ്ടായിരുന്നെങ്കില്‍ അവര്‍ക്ക് അതില്‍ പങ്കെടുത്ത് ടെണ്ടര്‍ സ്വന്തമാക്കാമായിരുന്നു. ഈ പദ്ധതിയില്‍ ഉപയോഗിച്ചിരിക്കുന്നതിനു സമാനമായ ക്യാമറ യൂണിറ്റുകള്‍ പത്തിലൊന്നു വിലയ്ക്ക് വില്‍ക്കുന്ന കമ്പനികള്‍ ഏതെന്നു പറയാന്‍ എന്തുകൊണ്ട് ചെന്നിത്തലയും കൂട്ടരും തയ്യാറാകുന്നില്ലെന്നും അദ്ദേഹം ആരാഞ്ഞു.
'സര്‍ക്കാരിനെയും അതിനെ നയിക്കുന്ന മുഖ്യമന്ത്രിയെ വ്യക്തിപരമായും ചെളിവാരിയെറിയുക എന്നത് മാത്രമായിരുന്നു ചെന്നിത്തലയുടെ വാര്‍ത്താസമ്മേളനത്തിന്റെ ലക്ഷ്യം. വില കുറഞ്ഞ അഴിമതി ആരോപണംകൊണ്ട് പരിക്കേല്‍ക്കുന്ന മുഖ്യമന്ത്രിയല്ല കേരളത്തിന്റേത് എന്ന് കഴിഞ്ഞ പതിറ്റാണ്ടുകളുടെ അനുഭവട്ടത്തില്‍ നിന്ന് ചെന്നിത്തല പഠിച്ചില്ലെങ്കില്‍ അദ്ദേഹത്തെ സഹായിക്കാന്‍ ആര്‍ക്കും കഴിയില്ല. സംസ്ഥാനത്ത് പുതുതായി വരുന്ന ഏതു പദ്ധതിയെയും ദുരാരോപണങ്ങളും വിവാദവും സൃഷ്ടിച്ച് തകര്‍ക്കാനുള്ള ഗൂഢാലോചനയില്‍ പ്രധാന കണ്ണിയായി മുന്‍ പ്രതിപക്ഷ നേതാവ് മാറുന്നത് ദൗര്‍ഭാഗ്യകരമാണ്. ഒരു തെളിവുമില്ലാതെ അസംബന്ധങ്ങള്‍ എഴുന്നള്ളിച്ച് മുഖ്യമന്ത്രിയേയും ബന്ധുക്കളേയും വിവാദത്തിലേയ്ക്ക് വലിച്ചിഴയ്ക്കാനുള്ള തുടര്‍ച്ചയായ നീക്കം രണ്ടാംവട്ടവും ഭരണം നഷ്ടപ്പെട്ടതുകൊണ്ടുള്ള നൈരാശ്യത്തില്‍ നിന്നുണ്ടാകുന്നതാണ്. ജനങ്ങള്‍ തിരസ്‌കരിച്ചതു കൊണ്ടാണ് ചെന്നിത്തലയ്ക്ക് പ്രതിപക്ഷ നേതൃസ്ഥാനം പോലും നഷ്ടപ്പെട്ടത്. ആ യാഥാര്‍ഥ്യത്തോട് പൊരുത്തപ്പെടാന്‍ ഇനിയെങ്കിലും അദ്ദേഹം തയാറാകണം', എം.വി. ഗോവിന്ദന്‍ അഭിപ്രായപ്പെട്ടു.
Content Highlights: cpm state secretary mv govindan reply to ramesh chennitha on ai camera controversy


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..