തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പ് ഫലങ്ങള്‍ ഇടതുമുന്നണിക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നതാണെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇടതുസര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം തദ്ദേശസ്ഥാപനങ്ങളിലേക്ക് 14 ഘട്ടങ്ങളിലായി വിവിധ ഉപതിരഞ്ഞെടുപ്പുകള്‍ നടന്നുവെന്നും ഇതില്‍ ഇടതുമുന്നണിക്കായിരുന്നു മേല്‍ക്കൈ എന്നും കോടിയേരി അവകാശപ്പെട്ടു. ചെങ്ങന്നൂരില്‍ വിജയിച്ചതും മലപ്പുറം, വേങ്ങര ഉപതിരഞ്ഞെടുപ്പുകളില്‍ വോട്ടുകള്‍ വര്‍ധിച്ചതും ജനങ്ങള്‍ ഇടതുപക്ഷത്തിന് ഒപ്പമാണെന്നതിന്റെ തെളിവാണെന്നും കോടിയേരി പറഞ്ഞു. 

ആര്‍എസ്എസിനോട് പോരാടുന്നത് ഇടതുപക്ഷമാണെന്ന് ജനങ്ങള്‍ക്കറിയാം. അതുകൊണ്ടാണ് ഇടതുമുന്നണിക്ക് വോട്ട് ചെയ്യുന്നത്. ലോക്‌സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അഭിപ്രായ സര്‍വേകളില്‍ കാര്യമില്ല. 2004-ല്‍ പല സര്‍വേകളും തെറ്റി. 2011-ലെ നിയമസഭ തിരഞ്ഞെടുപ്പിലെ അഭിപ്രായ സര്‍വേയിലും കണക്കുകള്‍ തെറ്റി. അതിനാല്‍ അഭിപ്രായ സര്‍വേയിലൊന്നും കാര്യമില്ല- കോടിയേരി പറഞ്ഞു. 

സംസ്ഥാന സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികത്തിലും പതിവുപോലെ പ്രോഗ്രസ് റിപ്പോര്‍ട്ട് പുറത്തിറക്കുമെന്നും അടിസ്ഥാനസൗകര്യ വികസനത്തിന് ഊന്നല്‍ നല്‍കിയാണ് സംസ്ഥാന സര്‍ക്കാര്‍ വികസനപദ്ധതികള്‍ നടപ്പാക്കുന്നതെന്നും കോടിയേരി അറിയിച്ചു. ക്രമസമാധാനരംഗത്തും കേരളം നേട്ടംകൈവരിച്ചു. രാഷ്ട്രീയ കൊലപാതകങ്ങളും സംഘര്‍ഷങ്ങളും കുറഞ്ഞു. ഇത് ഇടതുസര്‍ക്കാരിന്റെ ഇടപെടലിന്റെ ഫലമാണ്. സംസ്ഥാന സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാനാണ് എല്‍.ഡി.എഫ്. ജാഥകള്‍ പര്യടനം നടത്തുന്നത്. വടക്കന്‍,തെക്കന്‍ മേഖലാ ജാഥകള്‍ മാര്‍ച്ച് രണ്ടിന് തൃശ്ശൂരില്‍ സമാപിക്കും. സമാപന ചടങ്ങില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും- കോടിയേരി വിശദീകരിച്ചു. 

Content Highlights: cpm state secretary kodiyeri feels confident on local body by election results