തിരുവനന്തപുരം: ബിജെപി ദേശിയ അധ്യക്ഷന്‍ അമിത് ഷാ പങ്കെടുക്കുന്ന കേരള യാത്രയെ പരിഹസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആട് ഇല കടിക്കുന്നത് പോലെയാണ് അമിത് ഷാ യാത്ര നടത്തുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. 

ബിജെപിയുടെ യാത്രക്കായി മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള നേതാക്കളെയാണ് ഇറക്കുന്നത്. അത് നല്ലകാര്യമാണ്, അവര്‍ക്ക് വെളിം പ്രദേശത്ത് പോകാതെ ശൗചാലയങ്ങളില്‍ പോകാനുള്ള സൗകര്യം കേരളത്തില്‍ ലഭിക്കുമെന്നും കോടിയേരി പറഞ്ഞു. ഇവിടുത്തെ നേതാക്കള്‍ക്ക് മുഖം നഷ്ടപ്പെട്ടതിനാലാണ് പുറത്ത് നിന്ന് ആളെ ഇറക്കുന്നതെന്ന് കോടിയേരി കുറ്റപ്പെടുത്തി.

തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നടന്ന വേങ്ങരക്കാര്യം പരിപാടിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 

വേങ്ങരയിലെ ഇപ്പോള്‍ നടക്കുന്ന തിരഞ്ഞെടുപ്പ് യുഡിഎഫ് വരുത്തിവെച്ചതാണെന്ന് കോടിയേരി കുറ്റപ്പെടുത്തി. വേങ്ങരയില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ് മത്സരം നടക്കുകയെന്നും ഇതില്‍ ലീഗിന് കനത്ത തിരിച്ചടിയായിരിക്കും ലഭിക്കുകയെന്നും അദ്ദേഹം പറഞ്ഞു. 

യുഡിഎഫ് രാഷ്ട്രീയമായും സംഘടനാപരമായും തകര്‍ന്നിരിക്കുകയാണ്. ഒരു ഫലപ്രദമായ പ്രതിപക്ഷമാകാന്‍ പോലും ഇവര്‍ക്ക് സാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 

ന്യൂനപക്ഷത്തിന് വലിയ പിന്തുണ നല്‍കുന്ന പാര്‍ട്ടിയാണ് സിപിഎം. അത് വേങ്ങരയിലെ ജനങ്ങള്‍ തിരിച്ചറിയും. പ്രവാസികള്‍ക്ക് ഏറെ സ്വാധീനമുള്ള സ്ഥലമാണ് വേങ്ങര. പ്രവാസി ക്ഷേമത്തിനായി എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്യുന്നത് പ്രവാസികള്‍ തിരിച്ചറിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

പ്രവാസി ക്ഷേമനിധി പോലുള്ള പദ്ധതി എൽ.ഡിഎഫ് നടപ്പാക്കിയതാണ്. 500 രൂപയില്‍ വി.എസ് സര്‍ക്കാര്‍ ആരംഭിച്ച ഈ പദ്ധതി പിണറായി സര്‍ക്കാര്‍ 2000 രൂപയായി ഉയര്‍ത്തിയെന്നും കോടിയേരി പറഞ്ഞു.  

കേരള സര്‍ക്കാരിനെതിരെ അപവാദ പ്രചാരണങ്ങളാണ് കേന്ദ്ര സര്‍ക്കാരും ആര്‍എസ്എസും നടത്തുന്നത്. ഇതിനായി ഇവര്‍ ദേശീയ മാധ്യമങ്ങളെ കൂട്ടുപിടിച്ചിരിക്കുകയാണ്. ജിഹാദികളുടെ കേന്ദ്രമായി കേരളത്തെ ചിത്രീകരിച്ച ആര്‍എസ്എസിനെ അത്് തെളിയിക്കാന്‍ കോടിയേരി വെല്ലുവിളിച്ചു. 

ഹിന്ദുകള്‍ക്ക് കേരളത്തില്‍ ജീവിക്കാന്‍ കഴിയുന്നില്ലെന്ന പ്രചാരണം കേന്ദ്ര തലത്തില്‍ തെറ്റായ പ്രചാരണം നടത്തുന്നതിനാണ്. എന്നാല്‍, കേരളത്തിലെ ന്യൂനപക്ഷത്തെ സഹായിക്കുന്നതിനൊപ്പം തീവ്രവാദത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും കോടിയേരി അറിയിച്ചു.

ബിഡിജെഎസുമായി യാതൊരുവിധ കൂട്ടുക്കെട്ട് ഉണ്ടാക്കാനും സിപിഎമ്മന് സാധ്യമല്ല. മതത്തിന്റെയും സമുദായത്തിന്റെ പേരില്‍ രൂപീകരിക്കുന്ന ഒരു പാര്‍ട്ടിയുമായി കൂട്ടുക്കെട്ട് വേണ്ടെന്നാണ് സിപിഎം നിലപാട്. 

വളരെ പ്രതീക്ഷയോടെ രൂപീകരിച്ച പാര്‍ട്ടിയാണ് ബിഡിജെഎസ്. അതുകൊണ്ടാണ് അവര്‍ ബിജെപിയുമായി കൂട്ടുകൂടിയത്. എന്നാല്‍, ശ്രീനാരായണ ഗുരുവിന്റെ സന്ദേശം അനുസരിക്കുന്ന സംഘടനയ്ക്ക് ഒരിക്കലും ആര്‍എസ്എസുമായി ചേര്‍ന്നു പോകാന്‍ സാധിക്കില്ലെന്നും കോടിയേരി അഭിപ്രായപ്പെട്ടു. 

കേരളാ കോണ്‍ഗ്രസ് ആര്‍ക്കൊപ്പം പോകണമെന്ന് മാണിക്ക് തീരുമാനിക്കാം. എന്നാല്‍, മാണിയുടെ പിന്തുണ കൊണ്ട് വേങ്ങരയില്‍ യുഡിഎഫിന് പ്രത്യേക നേട്ടമൊന്നും ഉണ്ടാകില്ലെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.