കണ്ണൂര്‍ വി.സി. ചെയ്ത ക്രിമിനല്‍കുറ്റമെന്ത്,ഗവര്‍ണറുടെ നടപടി പദവിക്ക് നിരക്കാത്തത്- വിമര്‍ശിച്ച് CPM


ആരിഫ് മുഹമ്മദ് ഖാൻ | Photo: Mathrubhumi

തിരുവനന്തപുരം: സംസ്ഥാന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരേ രൂക്ഷവിമര്‍ശനവുമായി സി.പി.എം. ഗവര്‍ണറുടെ നടപടി അദ്ദേഹം വഹിക്കുന്ന ഭരണഘടനാ പദവിക്ക് നിരക്കാത്തതാണെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടേറിയേറ്റ് പ്രസ്താവനയില്‍ വിമര്‍ശിച്ചു. അറിയപ്പെടുന്ന അക്കാദമിഷ്യനും, ചരിത്രകാരനുമായ കണ്ണൂര്‍ വി.സിയെ ക്രിമിനല്‍ എന്നുവിളിച്ച ഗവര്‍ണറുടെ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് സെക്രട്ടേറിയേറ്റ് വിമര്‍ശിക്കുന്നു. എന്ത് ക്രിമിനല്‍ കുറ്റമാണ് വി.സി. ചെയ്തത് എന്ന് ഗവര്‍ണര്‍ വ്യക്തമാക്കണം. ഗവര്‍ണര്‍ എടുത്ത നടപടിയില്‍ നിയമപരമായി മാത്രം വിയോജിപ്പ് രേഖപ്പെടുത്തിയ ആളാണ് കണ്ണൂര്‍ വൈസ് ചാന്‍സലര്‍. നിയമപരമായും, മാന്യമായും മറുപടി പറയുന്നതിന് പകരം തന്റെ സ്ഥാനത്തിന് യോജിക്കാത്ത തരത്തില്‍ പ്രതികരിക്കുന്നത് ഗവര്‍ണര്‍ പദവിക്ക് യോജിച്ചതാണോയെന്ന് അദ്ദേഹം പരിശോധിക്കണമെന്നും പ്രസ്താവനയില്‍ സി.പി.എം. സംസ്ഥാന സെക്രട്ടേറിയേറ്റ് വിമര്‍ശിക്കുന്നു.

അറിയപ്പെടുന്ന ആര്‍.എസ്.എസുകാരെ തന്റെ ജീവനക്കാരായി നിശ്ചയിച്ച് സര്‍ക്കാരിനെതിരെയുള്ള ഉപജാപങ്ങളുടെ കേന്ദ്രമാക്കി തന്റെ ഓഫീസിനെ മാറ്റിയ ഗവര്‍ണര്‍ രാജ്ഭവനെ കേവലം ആര്‍.എസ്.എസ്. ശാഖയുടെ നിലവാരത്തിലേക്ക് അധപ്പതിപ്പിക്കുകയാണെന്നും സി.പി.എം. വിമര്‍ശിക്കുന്നു. തെറ്റ് ചൂണ്ടിക്കാണിക്കുന്നതിന് പകരം സര്‍വസീമകളും ലംഘിച്ച് നടത്തിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ ഇടപെടലുകള്‍ ആരെ പ്രീതിപ്പെടുത്താനുള്ളതാണ് എന്ന് ഗവര്‍ണറാണ് വ്യക്തമാക്കേണ്ടത്. ഈ ഭരണത്തിന്‍ കീഴില്‍ ഔന്നത്യത്തിലേക്ക് സഞ്ചരിക്കുന്ന കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ നേട്ടങ്ങളെ ഇല്ലായ്മ ചെയ്യാനാണ് അദ്ദേഹത്തിന്റെ ശ്രമമെന്നും സി.പി.എം. സംസ്ഥാന സെക്രട്ടേറിയേറ്റ് വിമര്‍ശിക്കുന്നു.



ഉന്നത വിദ്യാഭ്യാസ രംഗത്തെ ഗുണപരമായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ഗവര്‍ണര്‍ക്കുള്ള വിഷമം മനസ്സിലാക്കാവുന്നതേയുള്ളൂ. എന്‍.ഐ.ആര്‍.എഫ് റാങ്കിങ്ങിലും എന്‍.എ.എ.സി. അക്രഡിറ്റേഷനിലും കേരളത്തിലെ സര്‍വ്വകലാശാലകളും, കോളേജുകളും നിലവാരം മെച്ചപ്പെട്ടുവരുന്നത് സര്‍ക്കാര്‍ ഇടപെടലിന്റെ കൂടി ഭാഗമായിട്ടാണ്. കേരളാ യൂണിവേഴ്സിറ്റി എന്‍.എ.എ.സി. A++, സംസ്‌കൃത സര്‍വ്വകലാശാല എന്‍.എ.എ.സി. A+ എന്നിങ്ങനെ ഗ്രേഡിങ്ങുകള്‍ കരസ്ഥമാക്കിയത് ഈയിടെ ആണ്. ഡിജിറ്റല്‍ സര്‍വ്വകലാശാലയും, ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വ്വകലാശാലയും കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചതും ഇടത് ഭരണത്തിന്‍ കീഴിലാണ്. അതുപോലെ പൊതു വിദ്യാഭ്യാസ രംഗത്തും കേരളം കുതിപ്പിന്റെ പാതയിലാണ്. ഈ നേട്ടങ്ങളെ കാണാനും, അംഗീകരിക്കാനും ഗവര്‍ണര്‍ക്ക് സാധിക്കുന്നില്ല എന്നത് ദൗര്‍ഭാഗ്യകരമാണ്.

രാഷ്ട്രപതി - ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിന് മുമ്പേ ബോധപൂര്‍വ്വമുള്ള പ്രസ്താവനകളും, പ്രകോപനപരമായ ഇടപെടലുകളും ഗവണ്‍മെന്റിനെതിരായി ഗവര്‍ണറുടെ ഭാഗത്ത് നിന്നുമുണ്ടായത് എന്ത് ഉദ്ദേശത്തിലായിരുന്നു എന്നത് വ്യക്തമാണ്. മുഖ്യമന്ത്രി 12.12.2021 -ന് നടത്തിയ പത്ര സമ്മേളനം ഗവര്‍ണറെ ഒരിക്കല്‍ കൂടി ഓര്‍മ്മപ്പെടുത്തുന്നു. ``ബഹുമാനപ്പെട്ട ഗവര്‍ണറുമായി ഏറ്റുമുട്ടുക സര്‍ക്കാരിന്റെ നയമല്ല. ഗവര്‍ണര്‍ ഉന്നയിക്കുന്ന ഏത് വിഷയവും ചര്‍ച്ചയാകാം, അതിലൊന്നും പിടിവാശിയില്ല. ബഹു. ഗവര്‍ണര്‍ നിയമസഭ പാസാക്കിയ ചാന്‍സിലര്‍ സ്ഥാനം ഉപേക്ഷിക്കരുത്. അദ്ദേഹം ചാന്‍സിലര്‍ സ്ഥാനത്ത് തുടര്‍ന്നുകൊണ്ട് തന്നെ ഉന്നത വിദ്യാഭ്യാസ മേഖലയെ പുതിയ ഉയരങ്ങളിലേക്ക് നയിക്കാനുള്ള സര്‍ക്കാരിന്റേയും സര്‍വകലാശാലയുടേയും ശ്രമങ്ങള്‍ക്ക് മാര്‍ഗ നിര്‍ദേശവും നേതൃത്വവും നല്‍കാന്‍ ഉണ്ടാകണമെന്നാണ് വിനീതമായി അഭ്യര്‍ത്ഥിക്കാനുള്ളത്''. ഈ അഭ്യര്‍ഥന ഇടത് നയത്തിന്റെ ഭാഗമായിട്ടാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ ഗവര്‍ണര്‍ ഈ അഭ്യര്‍ഥനയ്ക്ക് അര്‍ഹനല്ല എന്നതാണ് തുടര്‍ന്നുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തിയിലൂടെ അദ്ദേഹം കേരളത്തെ ബോധ്യപ്പെടുത്തിയതെന്നും പ്രസ്താവനയിലൂടെ സി.പി.എം. വിമര്‍ശിക്കുന്നു.

Content Highlights: cpm state secretariat criticises governor arif mohammad khan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


germany vs spain

അടിക്ക് തിരിച്ചടി ! സ്‌പെയിനിനെ സമനിലയില്‍ പിടിച്ച് ജര്‍മനി

Nov 28, 2022

Most Commented