തിരുവനന്തപുരം: പാര്‍ട്ടി അറിഞ്ഞാണ് അനുപമയുടെ കുട്ടിയെ ദത്ത് നല്‍കിയതെന്ന ആരോപണം തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍. അനുപമയ്ക്ക് കുട്ടിയെ കണ്ടെത്താന്‍ പാര്‍ട്ടി പിന്തുണ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു തരത്തിലുള്ള തെറ്റിനെയും സിപിഎം ന്യായീകരിക്കുകയോ പിന്‍താങ്ങുകയും ചെയ്യില്ലെന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു. വിഷയം നിയമപരമായി പരിഹരിക്കേണ്ടതാണെന്നും പാര്‍ട്ടി ഇടപെടേണ്ടതല്ലെന്നും പാര്‍ട്ടി സെക്രട്ടറി ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. അനുപമയ്ക്ക് പാര്‍ട്ടി പിന്തുണ നല്‍കുമെന്നും വിജയരാഘവന്‍ അറിയിച്ചു. 

അതേസമയം, തനിക്ക് അനുപമയുടെ പരാതി ലഭിച്ചിട്ടില്ലെന്ന് സിപിഎം നേതാവ് പി.കെ. ശ്രീമതി പറഞ്ഞു. ബൃന്ദ കാരാട്ടാണ് തന്നോട് ഇക്കാര്യം പറഞ്ഞത്. അനുപമയ്‌ക്കൊപ്പമാണ് പാര്‍ട്ടിയും സര്‍ക്കാരുമെന്നും പി.കെ.ശ്രീമതി അറിയിച്ചു. പി.കെ. ശ്രീമതിയോട് സംഭവത്തെക്കുറിച്ച് പരാതിപ്പെട്ടപ്പോള്‍ നടപടിയെടുക്കാന്‍ കഴിയില്ലെന്ന് അവര്‍ പറഞ്ഞതായി അനുപമ നേരത്തെ വെളിപ്പെടുത്തിയിരുന്നു. 

സിപിഎം നേതാവായ പിതാവിന്റെ രാഷ്ട്രീയ സ്വാധീനത്താല്‍ കേസ് അന്വേഷണം തടസപ്പെടുത്തുന്നുവെന്നും അനുപമ നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 19നാണ് അനുപമ പ്രസവിക്കുന്നത്. മൂന്ന് ദിവസത്തിന് ശേഷം കുഞ്ഞിനെ പിതാവ് എടുത്തുകൊണ്ടുപോയെന്നാണ് അനുപമയുടെ പരാതി.

അതിനിടെ, കഴിഞ്ഞ ഓഗസ്റ്റില്‍ ശിശുക്ഷേമ സമിതി ആന്ധ്രാ ദമ്പതികള്‍ക്ക് നല്‍കിയ കുഞ്ഞ് അനുപമയുടെതാണെന്ന സംശയം ബലപ്പെടുകയാണ്. അതേകുട്ടിതന്നെയാണെങ്കില്‍ ഗുരുതരമായ പിഴവ് ശിശുക്ഷേമ സമിതിക്കുണ്ടായെന്നാണ് നിയമ വിദഗ്ധരുടെ വിലയിരുത്തല്‍.

Content Highlights: CPM secretary denies anupamas allegations; cpm stand with the mother says Vijayaraghavan