സീതാറാം യെച്ചൂരി | ഫോട്ടോ: ലതീഷ് പൂവ്വത്തൂർ, ഇൻസൈറ്റിൽ കെ.എൽ എ.ബി - 5000 നമ്പറിലുള്ള ഫോർച്യൂണർ കാർ
കോഴിക്കോട്: സി.പി.എം പാർട്ടി കോൺഗ്രസിന് എത്തിയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി സഞ്ചരിച്ച കാർ താൻ വാടകയ്ക്ക് നൽകിയതാണെന്ന് ഉടമ സിദ്ദീഖ് പുത്തൻപുരയിൽ. താൻ എസ്.ഡി.പി.ഐക്കാരൻ അല്ലെന്നും മുസ്ലിം ലീഗിന്റെ സജീവ പ്രവർത്തകനാണെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരേയുള്ളത് രാഷ്ട്രീയ കേസുകളാണെന്നും നിലവിൽ കേസുകളൊന്നുമില്ലെന്നും സിദ്ദീഖ് മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു.
യെച്ചൂരി സഞ്ചരിച്ചിരുന്ന കെ.എൽ 18 എ.ബി - 5000 നമ്പറിലുള്ള ഫോർച്യൂണർ കാർ എസ്.ഡി.പി.ഐക്കാരന്റെ കാറാണെന്ന് ബിജെപി നേതാക്കൾ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. കാർ ഉടമ സിദ്ദീഖ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. സിദ്ദീഖ് സഹായിച്ചതിന് സിപിഎം തിരിച്ച് സഹായം നൽകിക്കാണുമെന്നും ബിജെപി കണ്ണൂർ ജില്ലാ സെക്രട്ടറി എൻ. ഹരിദാസ് പറഞ്ഞിരുന്നു.
എന്നാൽ, താൻ എസ്.ഡി.പി.ഐക്കാരൻ അല്ലെന്നും കാർ വാടകയ്ക്ക് നൽകിയതാണെന്നുമാണ് വാഹന ഉടമയുടെ പ്രതികരണം. ട്രാവൽസ് ഉടമ എന്ന നിലയിൽ നേരത്തെയും വാഹനം വാടകയ്ക്ക് നൽകിയിട്ടുണ്ടെന്നും ഏത് രാഷ്ട്രീയ പാർട്ടിക്കാരാണ് വാഹനം ആവശ്യപ്പെടുന്നതെന്ന് നോക്കാറില്ലെന്നും സിദ്ദീഖ് പുത്തൻപുരയിൽ പറഞ്ഞു.
നേരത്തെ രാഷ്ട്രീയ കേസുകളിൽ പ്രതിയായിട്ടുണ്ടെങ്കിലും നിലവിൽ തന്റെ പേരിൽ കേസുകളൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പവിത്രൻ എന്ന സുഹൃത്താണ് കാർ വാടകയ്ക്ക് എടുത്തത്. അയാൾ ഏത് പാർട്ടിയാണ് എന്നകാര്യം അറിയില്ല. നേരത്തെയും ഇത്തരത്തിൽ വാഹനങ്ങൾ വാടകയ്ക്ക് കൊടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കാർ വാടകക്ക് കൊടുക്കാനുള്ള അനുമതി മോട്ടോർ വാഹന വകുപ്പിൽ നിന്ന് ലഭിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ സംശയമാണ്. സ്വകാര്യ വാഹനം രജിസ്റ്റർചെയ്യുന്ന രീതിയിലാണ് കാർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
Content Highlights: CPM party congress - Sitaram yechury's car controversy, owner response
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..