എ.കെ.ജി. സെന്റർ| Photo: UNI
തിരുവനന്തപുരം: ലൈഫ് മിഷനെ സംബന്ധിച്ച് കോണ്‍ഗ്രസ് എം.എല്‍.എയുടെ പരാതിയില്‍ കേസെടുത്ത സി.ബി.ഐ. നടപടി അസാധാരണവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ്.
ലൈഫ് മിഷനുമായി ബന്ധപ്പെട്ട് സി.ബി.ഐ. അന്വേഷിക്കുമെന്ന ബി.ജെ.പി. സംസ്ഥാന പ്രസിഡന്റിന്റെ പരസ്യ പ്രസ്താവന നടപ്പിലാക്കിയ മട്ടിലാണ് സി.ബി.ഐ പ്രവര്‍ത്തിച്ചത്. ഈ നടപടി അന്വേഷണ ഏജന്‍സികളെ ദുരുപയോഗപ്പെടുത്താനുള്ള ശ്രമമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കി.
രാവിലെ ബി.ജെ.പി പ്രസിഡന്റ് സുരേന്ദ്രന്‍ പ്രഖ്യാപിച്ച കാര്യമാണ് മണിക്കൂറുകള്‍ക്ക് ശേഷം പ്രതിപക്ഷ നേതാവും ആവര്‍ത്തിച്ചത്. കോണ്‍ഗ്രസ് എം.എല്‍.എ. നല്‍കിയ പരാതിയിലാണ് സാധാരണ കീഴ്വഴക്കങ്ങള്‍ ലംഘിച്ച് സി.ബി.ഐ കേസെടുത്തിരിക്കുന്നത്. കോണ്‍ഗ്രസ് - ബി.ജെ.പി കൂട്ടുകെട്ട് ഏതറ്റം വരെ പോയിരിക്കുന്നു എന്നതിന്റെ തെളിവാണിതെന്നും സി.പി.എം. ആരോപിച്ചു.
അഖിലേന്ത്യാതലത്തില്‍ സി.ബി.ഐക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന കോണ്‍ഗ്രസ്, കേരളത്തില്‍ സി.ബി.ഐയുടെ സ്തുതിപാഠകരാണെന്നതും ശ്രദ്ധേയമാണ്. കോണ്‍ഗ്രസ്, ലീഗ് നേതാക്കള്‍ പ്രതികളായ ടൈറ്റാനിയം, മാറാട് കേസുകള്‍ വര്‍ഷങ്ങളായിട്ടും സി.ബി.ഐ. ഏറ്റെടുക്കാത്തതും ഈ അവിശുദ്ധ സഖ്യത്തിന്റെ തീരുമാന പ്രകാരമാണ്.
സാധാരണഗതിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യപ്രകാരമാണ് സി.ബി.ഐ. അന്വേഷണം ഏറ്റെടുക്കുന്നത്. സുപ്രീം കോടതിയുടെയോ ഹൈക്കോടതിയുടേയോ വിധികളുടെ അടിസ്ഥാനത്തിലും സംസ്ഥാനങ്ങളില്‍ നടന്ന കുറ്റകൃത്യങ്ങളെ സംബന്ധിച്ച് സി.ബി.ഐക്ക് അന്വേഷണം നടത്താം. ഇവിടെ ഫെറ കേന്ദ്ര നിയമമാണെന്ന സാങ്കേതികത്വത്തില്‍ നടത്തിയ ഇടപെടല്‍ യഥാര്‍ത്ഥത്തില്‍ നിയമവിരുദ്ധവും അധികാര ദുര്‍വിനിയോഗവുമാണ്.
സമീപകാലത്ത് സൃഷ്ടിക്കപ്പെട്ട വിവാദങ്ങളെ സംബന്ധിച്ച് ഏതന്വേഷണവും ആകാമെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരും എല്‍.ഡി.എഫും സ്വീകരിച്ചിട്ടുള്ളത്. എന്നാല്‍, അത് സങ്കുചിത രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള നടപടി ആകുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്നും സി.പി.എം. ആരോപിച്ചു.
content highlights: cpm on cbi case against life mission
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..