ന്യൂഡല്‍ഹി: കര്‍ക്കടകത്തില്‍ രാമായണ മാസാചരണം നടത്താനുള്ള സി പി എം സംസ്ഥാന ഘടകത്തിന്റെ തീരുമാനത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് കേന്ദ്രനേതൃത്വം. രാമായണമാസാചരണം നടത്താനുള്ള നീക്കം കേന്ദ്രനേതൃത്വത്തിന്റെ അറിവോടെയല്ലെന്നാണ് സൂചന.

ഇന്ന് ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന അവെയ്‌ലബിള്‍ പോളിറ്റ് ബ്യൂറോ ഈ വിഷയം ചര്‍ച്ച ചെയ്തു. വിഷയത്തില്‍ സംസ്ഥാന നേതൃത്വത്തില്‍നിന്ന് കേന്ദ്രനേതൃത്വം വിശദീകരണം തേടിയേക്കും. പത്രങ്ങളില്‍നിന്നും മറ്റുമാധ്യമങ്ങളില്‍നിന്നുമാണ് വിഷയത്തെ കുറിച്ച് കേന്ദ്രനേതാക്കളില്‍ പലരും അറിഞ്ഞതെന്നാണ് സൂചന.

ബി ജെ പിയെ ചെറുക്കാനും രാമായണത്തിന്റെ പുനര്‍വായന എന്ന നിലയിലുമാണ് സെമിനാറുകളും മറ്റു പരിപാടികളും സംഘടിപ്പിക്കാന്‍ സി പി എം തീരുമാനിച്ചത്. എന്നാല്‍ ഇത് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കും എന്നാണ് കേന്ദ്രനേതൃത്വം ആശങ്കപ്പെടുന്നത്.

അതുകൊണ്ടുതന്നെ പാര്‍ട്ടി നേരിട്ട് ഇത്തരമൊരു നീക്കത്തിലേക്ക് കടക്കേണ്ടതില്ലെന്ന നിലപാടാണ് പല കേന്ദ്ര നേതാക്കള്‍ക്കുമുള്ളത്. നേരത്തെ സി പി എം നടത്തിയ ശ്രീകൃഷ്ണാഷ്ടമി ആചരണം വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു.

content highlights: CPM national leadership is not happy with Ramayana masacharanam of state faction