തിരുവനന്തപുരം: പി.കെ.കുഞ്ഞാലിക്കുട്ടിക്കെതിരായ ഇ.ഡി.അന്വേഷണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ തടയിടുമ്പോള്‍ പഴയ അടവുനയം വീണ്ടും ചര്‍ച്ചയാകുന്നു. കേരളത്തിലെ സഹകരണ ബാങ്കിലേക്കുള്ള ഇ.ഡിയുടെ കടന്നുകയറ്റം തടയുക ലക്ഷ്യമിട്ടാണ് മുഖ്യമന്ത്രിയുടെ പ്രതികരണമെന്നാണ് സിപിഎം പറയുന്നത്. ഇത് ശരിവെക്കാവുതാണെങ്കിലും ഈ നിലപാടിന്റെ ആത്യന്തിക ഗുണഭോക്താവ് പി.കെ.കുഞ്ഞാലിക്കുട്ടിയാണെന്നത് വസ്തുതയാണ്.

കള്ളപ്പണ ആരോപണത്തില്‍ പി.കെ.കുഞ്ഞാലിക്കുട്ടിയും മകനും പ്രതിസന്ധിയില്‍ നില്‍ക്കുന്ന ഘട്ടത്തിലാണ് മുഖ്യമന്ത്രി ജലീലിനെ പരസ്യമായി തന്നെ തള്ളി പറഞ്ഞിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

ഐസ്‌ക്രീം കേസിലും സംരക്ഷണം

ഐസ്‌ക്രീം കേസിന്റെ ആദ്യ ഘട്ടത്തിലും പി.കെ.കുഞ്ഞാലിക്കുട്ടി നിയമത്തിന് മുന്നിലെത്തുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഇടതുഭരണത്തില്‍ കേസ് എവിടെയുമെത്തിയില്ല.

അന്നത്തെ തദ്ദേശ തിരഞ്ഞെടുപ്പില്‍ സിപിഎം ലീഗുമായി രഹസ്യമായി ധാരണയുണ്ടാക്കിയെന്നാണ് ആരോപണം. സിപിഎം ഭാഷയില്‍ പറഞ്ഞാല്‍ അടവുനയം. പിണറായി - വിഎസ് പോരിന്റെ തുടക്ക കാലമായിരുന്നു അത്. ലീഗുമായുള്ള രഹസ്യ ബാന്ധവം മലപ്പുറത്തൊഴികെ എവിടേയും ഗുണം ചെയ്തില്ലെന്ന് ചൂണ്ടിക്കാട്ടി വിഎസ് അടവുനയം പൊട്ടിച്ചു.

ഇരയുടെ വെളിപ്പെടുത്തലോടെ ഐസ്‌ക്രീം കേസ് വീണ്ടും പുകഞ്ഞു. സിപിഎം താത്പര്യം കാണിച്ചില്ല. ഒറ്റയാന്‍ പോരാട്ടത്തിനിറങ്ങിയ വിഎസിനെ പലവിധത്തിലൂടെ തടയിട്ടു. അന്നത്തെ അടവുനയം ആവര്‍ത്തിക്കുന്നുണ്ടോയെന്ന സംശയം ചില രാഷ്ട്രീയ കോണുകളില്‍ നിന്ന് ഉയരുന്നുണ്ട്.

മുഖ്യമന്ത്രിക്ക് മുസ്ലിംലീഗിന്റെ അഭിനന്ദനം

വഴിയെ പോകുമ്പോള്‍ കല്ലെറിഞ്ഞ് പോയതിനുള്ള മറുപടിയാണ് മുഖ്യമന്ത്രി ജലീലിന് നല്‍കിയത് എന്നതാണ് മുസ്ലിം ലീഗിന്റെ പ്രതികരണം. കേരളത്തിലെ സഹകരണ ബാങ്കുകളില്‍ തകരാര്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ ബാങ്ക് ഉദ്യോഗസ്ഥരും സഹകരണ വകുപ്പുമാണ് പറയേണ്ടത്. അത് പറയാതെ വഴിയേ പോയവന്‍ ഒരു കല്ലെറിഞ്ഞ് പോയാല്‍ അതിന് മറുപടി പറയേണ്ട ആവശ്യം മുസ്ലിംലീഗിനില്ലെന്ന് പിഎംഎ സലാം പറഞ്ഞു. മുഖ്യമന്ത്രിയുടെ ശാസനയോടെ കെ.ടി.ജലീല്‍ ഉയര്‍ത്തിയ പ്രതിസന്ധികള്‍ ഇല്ലാതായെന്ന വിലയിരുത്തലിലാണ് മുസ്ലിംലീഗ്. ജലീലിനെ സിപിഎം തന്നെ തള്ളി പറഞ്ഞതോടെ അദ്ദേഹത്തിന്റെ വാക്കുകള്‍ ജനം വിശ്വാസത്തിലെടുക്കാന്‍ പോകില്ലെന്നും ലീഗ് പറയുന്നു.

എ.ആര്‍.നഗര്‍ ജലീല്‍ വിട്ടേക്കും

മുഖ്യമന്ത്രിയും സിപിഎമ്മും പരസ്യമായി തള്ളി പറഞ്ഞതോടെ എ.ആര്‍ നഗര്‍ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ തത്കാലം ജലീല്‍ പിന്‍വലിഞ്ഞേക്കും. അന്വേഷണത്തിന് ഇ.ഡിക്ക് മുന്നിലെത്തിയ ജലീല്‍ ചന്ദ്രിക ഇടപാടുമായി ബന്ധപ്പെട്ട ആരോപണത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാകും ഇനി മുന്നോട്ടുപോകുക. 

കുഞ്ഞാലിക്കുട്ടിക്കെതിരെയും അദ്ദേഹത്തിന്റെ കള്ളപ്പണ-ഹവാല ഇടപാടുകള്‍ക്കെതിരെയും അനധികൃത സ്വത്തു സമ്പാദനത്തിനെതിരെയുമുള്ള പോരാട്ടം അവസാന ശ്വാസം വരെ തുടരുമെന്നാണ് മുഖ്യമന്ത്രിയുടെ പ്രസ്താവനക്ക് പിന്നാലെ ജലീല്‍ പ്രതികരിച്ചിരുന്നത്. എന്നാല്‍ കുഞ്ഞാലിക്കുട്ടിയെ മാത്രം ലക്ഷ്യം വെച്ച് നീങ്ങുന്നതില്‍ സിപിഎം അതൃപ്തി ജലീലിനെ നേരിട്ടറിയിച്ചിട്ടുണ്ട്. വ്യക്തിവൈരാഗ്യം തീര്‍ക്കാനുള്ള വേദിയായി സര്‍ക്കാര്‍ ഒരു കാര്യത്തേയും കാണില്ലെന്ന് സഹകരണ മന്ത്രി വി.എന്‍.വാസവന്റെ പ്രസ്താവന ഇതിന്റെ  ഭാഗമാണ്.