വി.ജോയ്, മുഖ്യമന്ത്രി പിണറായി വിജയൻ, മാത്യുകുഴൽനാടൻ |ഫോട്ടോ:സഭാ ടിവി, മാതൃഭൂമി
തിരുവനന്തപുരം: മാത്യു കുഴല്‍നാടന്‍ കുറേനാളുകളായി മുഖ്യമന്ത്രിയെ ലക്ഷ്യമിടുന്നുവെന്നും അത് മാധ്യമ ശ്രദ്ധ ലഭിക്കുന്നതിന് വേണ്ടിയാണെന്നും സിപിഎം എല്‍എല്‍എ വി.ജോയ്. മാത്യു കുഴല്‍നാടനുള്ളത് പോലെയല്ല, മുഖ്യമന്ത്രിക്കുള്ള ബിരുദമമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിയമസഭയില്‍ ധനാഭ്യാര്‍ഥന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു ജോയ്.
'മാത്യു കുഴല്‍നാടന്‍ കുറേനാളുകളായി മുഖ്യമന്ത്രിയെ ലക്ഷ്യമിടുന്നു. മാധ്യമങ്ങളില്‍ ഒരു ഇമേജ് ലഭിക്കും എന്നുള്ളതുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത്. കോടതിയുടെ ശ്രദ്ധ കിട്ടുന്നതിന് വേണ്ടി വക്കീലന്‍മാര്‍ കഥമെനയാറുണ്ട്. മാത്യുകുഴല്‍നാടന്‍ അതിന്റെ ആശാനാണ്.
മാത്യുകുഴല്‍നാടനും കേരളത്തിന്റെ മുഖ്യമന്ത്രിക്കും ബിരുദമുണ്ട്. എന്നാല്‍ കുഴല്‍നാടന്‍ ബിരുദമെടുത്തത് പോലെ അല്ല മുഖ്യമന്ത്രി ബിരുദമെടുത്തതെന്ന കാര്യം പ്രത്യേകമായി മനസ്സിലാക്കണം. അത് ജനങ്ങള്‍ കൊടുത്ത പ്രത്യേക ബിരുദമാണ്. തിരക്കഥ മെനഞ്ഞാല്‍ അത് ഇല്ലാതാകില്ല' ജോയ് പറഞ്ഞു.
സെസ് കൂട്ടിയപ്പോള്‍ വലിയ സമരം നടത്തിയിട്ടും കരിങ്കൊടി കാണിഞ്ഞിട്ടും തദ്ദേശ ഉപരതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫാണ് മേല്‍ക്കൈ നേടിയതെന്നും വി.ജോയി അവകാശപ്പെട്ടു. യുഡിഎഫിന്റെ കൈവശമിരുന്നത് അടക്കം തിരിച്ചുപിടിക്കാന്‍ എല്‍ഡിഎഫിന് സാധിച്ചുവെന്നും സഭയില്‍ പറഞ്ഞു.
എന്നാല്‍ തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് തിരിച്ചടിയാണ് നേരിട്ടിട്ടുള്ളത്. എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫ് അഞ്ച് സീറ്റുകള്‍ പിടിച്ചെടുക്കുകയുണ്ടായി. ഒരു സീറ്റ് എന്‍ഡിഎയും പിടിച്ചെടുത്തു. 28 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുിപ്പില്‍ 15 സീറ്റില്‍ എല്‍ഡിഎഫ് വിജയിച്ചിട്ടുണ്ട്. യുഡിഎഫ് 11 സീറ്റുകളിലും രണ്ട് സീറ്റില്‍ എന്‍ഡിഎയും വിജയിച്ചു.
ഇതിനിടെ കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ പ്രവര്‍ത്തകര്‍ക്ക് മദ്യം ഉപയോഗിക്കുന്നതില്‍ തടസ്സമില്ലെന്ന തീരുമാനമുണ്ടയാതായി ജോയ് സഭയില്‍ പരിഹസിച്ചു. കേരളത്തിലെ എംഎല്‍എമാരുടെ അഭിപ്രായം കൂടി പരിഗണിച്ച് വ്യഭിചാരം കൂടി ഒഴിവാക്കിയാല്‍ നന്നായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞത് സഭയില്‍ ബഹളത്തിനിടയാക്കി. അപകീര്‍ത്തികരമായ പരാമര്‍ശം നീക്കം ചെയ്യണമെന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ആവശ്യപ്പെട്ടു.
Content Highlights: cpm mla v joy against mathew kuzhalnadan-kerala assembly
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..