കോഴിക്കോട്: മാവോവാദി ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി പോലീസ് അറസ്റ്റ് ചെയ്ത സിപിഎം പ്രവര്‍ത്തകന്റെ മാതാപിതാക്കള്‍ മുഖ്യമന്ത്രിയെ കണ്ടു. പോലീസ് കസ്റ്റഡിയിലുള്ള അലന്‍ ഷുഹൈബിന്റെ പിതാവ് ഷുഹൈബും മാതാവ് സബിതയുമാണ് കോഴിക്കോട് എത്തിയ മുഖ്യമന്ത്രിയെ നേരിട്ടുകണ്ട് പരാതി അറിയിച്ചത്. അന്വേഷി നേതാവ് കെ.അജിതയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. 

ഒരു നോട്ടീസ് കിട്ടിയെന്ന കാരണത്താലാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. എന്തെല്ലാം വകുപ്പുകള്‍ ചുമത്തിയിട്ടുണ്ടെന്ന് അറിയില്ല. സംഭവത്തില്‍ മുഖ്യമന്ത്രിയെ കണ്ട് പരാതി അറിയിച്ചു. മകന്‍ സിപിഎമ്മിന്റെ അംഗവും പ്രവര്‍ത്തകനുമാണ്. പോലീസ് തെറ്റിദ്ധരിച്ച് പിടികൂടിയതാണെന്ന് മുഖ്യമന്ത്രിയോട് പറഞ്ഞിട്ടുണ്ട്. സംഭവത്തില്‍ മുഖ്യമന്ത്രി അന്വേഷണം നടത്താമെന്ന് പറഞ്ഞിട്ടുണ്ടെന്നും അലന്റെ പിതാവ് ഷുഹൈബ് മാധ്യമങ്ങളോട് പ്രതികരിച്ചു. 

മകന്‍ അഞ്ചുവര്‍ഷമായി സിപിഎം ബൈപ്പാസ് ബ്രാഞ്ച് കമ്മിറ്റി അംഗമാണെന്ന് അലന്റെ മാതാവ് സബിത മാധ്യമങ്ങളോട് പറഞ്ഞു. ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ അംഗവുമാണ്. സിപിഎം അനുഭാവമുള്ള കുടുംബമാണ്. പോലീസ് ഇത്തരത്തില്‍ നടപടിയെടുക്കാന്‍ കാരണമെന്തന്നറിയില്ല. 

വീട് നിറയെ പുസ്തകങ്ങളാണ്. പുസ്തകങ്ങളെല്ലാം പോലീസ് തിരഞ്ഞിരുന്നു. സാമൂഹ്യപ്രവര്‍ത്തകരായതിനാല്‍ ലഘുലേഖകളും പോസ്റ്ററുകളുമുണ്ടാകും. നിരോധിച്ച പുസ്തകങ്ങളൊന്നും വീട്ടിലില്ലെന്നും നാളെ ഇതാര്‍ക്കും സംഭവിക്കാവുന്നതാണെന്നും സബിത പറഞ്ഞു. 

Content Highlights: cpm members arrested in kozhikode charged uapa; alan shuhaib's parents meet cm