പ്രതീകാത്മക ചിത്രം | Mathrubhumi archives
ഉപ്പുതറ(ഇടുക്കി): മദ്യപിച്ചശേഷം റോഡില്‍ തമ്മില്‍ത്തല്ലിയ നേതാക്കള്‍ക്കെതിരേ സി.പി.എമ്മില്‍ അച്ചടക്ക നടപടി. ഏലപ്പാറ ഏരിയാ കമ്മിറ്റിയംഗം കെ. സുരേന്ദ്രന്‍, ഉപ്പുതറ ലോക്കല്‍ സെക്രട്ടറി മനു ആന്റണി, ചീന്തലാര്‍ ലോക്കല്‍ സെക്രട്ടറി ആര്‍. ബോസ്, മുന്‍ സെക്രട്ടറിയും ലോക്കല്‍ കമ്മിറ്റി അംഗവുമായ കെ. സുരേഷ് ബാബു എന്നിവര്‍ക്കെതിരേയാണ് നടപടി.
കെ. സുരേന്ദ്രന്‍, മനു ആന്റണി എന്നിവരെ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. ആര്‍. ബോസിനും കെ. സുരേഷ് ബാബുവിനും പരസ്യശാസന നല്‍കി. അടിപിടിയില്‍ സുരേഷ് ബാബു ഉണ്ടായിരുന്നില്ല. സത്കാരത്തില്‍ നേതാക്കള്‍ മദ്യം വിളമ്പിയതിനാണ് പരസ്യശാസന നല്‍കിയത്.
ജനുവരി 22-നാണ് സംഭവം. സുരേഷ് ബാബുവിന്റെ വിവാഹ വാര്‍ഷികത്തിന് ഒത്തുകൂടിയ നേതാക്കള്‍ക്ക് സത്കാരത്തിന്റെ ഭാഗമായി മദ്യം വിളമ്പി. ഒരുമിച്ചിരുന്ന് മദ്യപിച്ചശേഷം റോഡിലെത്തിയ മറ്റ് മൂന്നുപേര്‍ തമ്മില്‍ തര്‍ക്കമുണ്ടാകുകയും അടിപിടിയില്‍ കലാശിക്കുകയുമായിരുന്നു. ഇവര്‍ക്കൊപ്പമുണ്ടായിരുന്നവരും തല്ലാനെത്തിയതോടെ കൂട്ടയടിയായി.
സംഘര്‍ഷത്തില്‍ ആര്‍. ബോസിന് സാരമായി പരിക്കേറ്റു. ഇതുസംബന്ധിച്ച് ബോസ് ജില്ല, ഏരിയാ സെക്രട്ടറിമാര്‍ക്ക് പരാതി നല്‍കി. തുടര്‍ന്ന് പാര്‍ട്ടി കമ്മിഷനെ നിയോഗിച്ച് അന്വേഷണം നടത്തുകയും വിശദീകരണം തേടുകയും ചെയ്തിരുന്നു. ജില്ലാ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ കൂടിയ ഏലപ്പാറ ഏരിയാ കമ്മിറ്റിയാണ് നടപടി സ്വീകരിച്ചത്. ംതരംതാഴ്ത്തപെട്ടവര്‍ക്ക് ഏത് ബ്രാഞ്ചില്‍ പ്രവര്‍ത്തിക്കണമെന്ന് സ്വയം തീരുമാനിക്കാം. ഉപ്പുതറ ലോക്കല്‍ സെക്രട്ടറി സ്ഥാനം ഡി.വൈ.എഫ്.ഐ. ജില്ലാ കമ്മിറ്റിയംഗം കെ. കലേഷ് കുമാറിന് നല്‍കി.
Content Highlights: cpm leaders clash in upputhara
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..