കൊച്ചി: വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസില്‍ സിപിഎം നേതാവ് സക്കീര്‍ ഹുസൈന്‍ ഉള്‍പ്പെടെ നാലു പ്രതികളെയും കോടതി വെറുതെവിട്ടു. മുഖ്യസാക്ഷി ഉള്‍പ്പെടെയുള്ളവർ കൂറുമാറിയ പശ്ചാത്തലത്തിലാണ് എറണാകുളം സിജെഎം കോടതിയുടെ വിധി. കേസ് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് വിധിയില്‍ പറയുന്നു.

സക്കീര്‍ ഹുസൈനെ കൂടാതെ കറുകപ്പിള്ളി സിദ്ധിഖ്, തമ്മനം ഫൈസല്‍, ഷീലാ തോമസ് എന്നിവരായിരുന്നു കേസിലെ പ്രതികള്‍. നാലാം പ്രതി ഷീലാ തോമസുമായുള്ള തര്‍ക്കങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സക്കീറിന്റെ നിര്‍ദേശപ്രകാരം രണ്ടും മൂന്നും പ്രതികള്‍ വ്യവസായിയെ തട്ടിക്കൊണ്ടുപോയി കളമശ്ശേരി ഏരിയാ കമ്മിറ്റി ഓഫീസില്‍ എത്തിച്ച് ഭീഷണിപ്പെടുത്തി എന്നതായിരുന്നു കേസ്. പ്രതികള്‍ക്കെതിരേ തട്ടിക്കൊണ്ടുപോകല്‍, ഗൂഢാലോചന, ദേഹോപദ്രവം ഏല്‍പിക്കല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍  ചുമത്തിയിരുന്നു.

2015 ജൂണിലാണ് കേസിനാസ്പദമായ സംഭവം. അന്ന് കളമശ്ശേരി ഏരിയാ കമ്മിറ്റി സെക്രട്ടറിയും എറണാകുളം ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന സക്കീര്‍ ഹുസൈനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവം വിവാദമായതോടെ പാര്‍ട്ടി കമ്മീഷനെ വെച്ച് അന്വേഷണവും നടത്തിയിരുന്നെങ്കിലും ജാഗ്രതക്കുറവെന്നായിരുന്നു കണ്ടെത്തല്‍. പിന്നീട് അനധികൃത സ്വത്ത് സമ്പാദനക്കേസിനെ തുടര്‍ന്നാണ് ഇദ്ദേഹത്തെ ഏരിയ കമ്മിറ്റി സ്ഥാനത്തുനിന്ന് നീക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ ഉണ്ടായത്. നിലവില്‍ ബ്രാഞ്ച് കമ്മിറ്റി അംഗമാണ് സക്കീര്‍ ഹുസൈൻ.

Content Highlights: CPM leader Zakir Hussain set free in kidnap case