കണ്ണൂര്‍: രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് അറുതിവരുത്തുന്നതിനും സമാധാനാന്തരീക്ഷമുണ്ടാക്കുന്നതിനും ശ്രീ എമ്മിന്റെ മധ്യസ്ഥതയില്‍ സിപിഎം-ആര്‍എസ്എസ് ചര്‍ച്ച നടത്തിയിരുന്നതായി സ്ഥിരീകരിച്ച് സിപിഎം നോതാവ് പി. ജയരാജന്‍. ഇത്തരമൊരു ചര്‍ച്ചയെ സിപിഎം-ആര്‍എസ്എസ് ബാന്ധവമായി ചിത്രീകരിക്കുന്നത് ദുഷ്ടലാക്കോടെയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ചർച്ച സംബന്ധിച്ച് സിപിഎം നേതാവ് എം.വി. ഗോവിന്ദന്റെ നിലപാട് ജയരാജന്‍ തള്ളി.

സിപിഎം-ആര്‍എസ്എസ് ചര്‍ച്ച നടന്നിട്ടില്ലെന്ന് നേരത്തെ എംവി. ഗോവിന്ദന്‍ പറഞ്ഞിരുന്നു. ഇക്കാര്യം മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ അത് അദ്ദേഹത്തോട് ചോദിക്കണം എന്നായിരുന്നു ജയരാജന്റെ മറുപടി. ശ്രീ എമ്മിന് ഭൂമി നല്‍കിയ വിഷയത്തില്‍ താനല്ല, സംസ്ഥാന സര്‍ക്കാരും സര്‍ക്കാരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളുമാണ് മറുപടി പറയേണ്ടതെന്നും ജയരാജന്‍ പറഞ്ഞു. 

നമ്മുടെ നാട്ടില്‍ സംഘര്‍ഷ രഹിതമായ ഒരു അന്തരീക്ഷം ആഗ്രഹിച്ചുകൊണ്ടാണ് ശ്രീ എം മുന്‍കൈയ്യെടുത്ത് ചര്‍ച്ച നടത്തിയതെന്നും ആ ചര്‍ച്ചയെ സിപിഎം-ആര്‍എസ്എസ് ബാന്ധവമായി ചിത്രീകരിക്കുന്നത് ദുഷ്ട ലാക്കോടെയാണെന്നും ജയരാജന്‍ ചൂണ്ടിക്കാട്ടി. ജമാഅത്തെ ഇസ്ലാമിയെപ്പോലുള്ള മതമൗലികവാദ ശക്തികളാണ് ഇങ്ങനെ പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ രാഷ്ട്രീയ സംഘര്‍ഷം അവസാനിപ്പിക്കുന്നതിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന സര്‍വകക്ഷി സമാധാന യോഗത്തിന്റെ തീരുമാനമാണ് സംഘര്‍ഷത്തില്‍ ഭാഗഭാക്കുകളായ പാര്‍ട്ടികള്‍ തമ്മില്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തണം എന്നുള്ളത്. ശ്രീ എം മുന്‍കൈ എടുത്തും അല്ലാതെയും അത്തരം ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്, ജയരാജന്‍ പറഞ്ഞു.

ചര്‍ച്ചയുടെ ഭാഗമായി ശ്രീ എം മുഖ്യമന്ത്രിയെയും ആര്‍എസ്എസ് നേതാക്കളെയും  സിപിഎം നേതാക്കളെയും കണ്ടു. അതിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരത്തും തുടര്‍ന്ന് കണ്ണൂരും ചര്‍ച്ചകള്‍ നടത്തിയത്. ചര്‍ച്ചയില്‍ സമാധാനഭംഗം ഉണ്ടാകാതിരിക്കാന്‍ ഇടപെടലുണ്ടാകണമെന്നു തീരുമാനമെടുക്കുകയും അതിന്റെ  അടിസ്ഥാനത്തില്‍ പയ്യന്നൂരം തലശ്ശേരിയിലും സമാധാന യോഗങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ അതിനു ശേഷവും പ്രാദേശികമായ സംഘര്‍ഷങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ജയരാജന്‍ ചൂണ്ടിക്കാട്ടി.

രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരെ എല്ലാ കക്ഷികളും പങ്കെടുത്ത പദയാത്ര നടത്തിയിരുന്നു. ആ യാത്രയില്‍ കോണ്‍ഗ്രസിന്റെ ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി, സിപിഎം, സിപിഐ നേതാക്കള്‍, ലീഗ് നേതാവായ ഇ.ടി മുഹമ്മദ് ബഷീര്‍ എന്നിവരൊക്കെ പങ്കെടുത്തിരുന്നു. 

മതരാഷ്ട്ര വാദം ഉന്നയിക്കുന്ന ആര്‍എസ്എസുമായി സിപിഎമ്മിന് ആശയപരമായ എതിർപ്പുണ്ട്. ആ ആശയ സംഘട്ടനം ഇപ്പോഴും തുടരുന്നുണ്ട്. കോണ്‍ഗ്രസാണ് ആര്‍എസ്എസിനോട് മൃദുസമീപനം സ്വീകരിക്കുന്നത്. 1991ല്‍ കോലീബി സഖ്യത്തിന്റെ ഭാഗമായി നടന്നിട്ടുള്ള രഹസ്യ ചര്‍ച്ചയെക്കുറിച്ച് ബിജെപി നേതാവ് കെജി മാരാരുടെ ജീവചരിത്ര ഗ്രന്ഥത്തിന്റെ ഒരധ്യായത്തില്‍ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂരിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സിപിഎം-ആര്‍എസ്എസ് നേതാക്കള്‍ തമ്മിലുള്ള ചര്‍ച്ചയ്ക്ക് ആത്മീയാചാര്യന്‍ ശ്രീ എം മധ്യസ്ഥത വഹിച്ചതായുള്ള വാര്‍ത്ത നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍ ഇത്തരമൊരു ചര്‍ച്ച നടന്നിട്ടില്ലെന്ന് സിപിഎം നേതാവ് എം.വി. ഗോവിന്ദന്‍ പ്രതികരിക്കുകയും ചെയ്തു. ഇതിനു പിന്നാലെ ചര്‍ച്ച നടന്നതായി ശ്രീ എം മാതൃഭൂമി ഓണ്‍ലൈനിനോട് സ്ഥിരീകരിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് വിഷയത്തില്‍ പി.ജയരാജന്‍ വ്യക്തത വരുത്തിയത്.

Content Highlights: cpm leader P Jayarajan responds over CPM-RSS discussion