മാർ ജോസഫ് പാംപ്ലാനി, പി ജയരാജൻ | Photo: Mathrubhumi
കണ്ണൂര്‍: രാഷ്ട്രീയ രക്തസാക്ഷികള്‍ അനാവശ്യമായി കലഹിക്കാന്‍ പോയി വെടിയേറ്റു മരിച്ചവരാണെന്ന തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവനയില്‍ പ്രതികരണവുമായി സി.പി.എം. സംസ്ഥാന കമ്മിറ്റിയംഗം പി. ജയരാജന്‍. ബിഷപ്പ് പാംപ്ലാനി ചില അബദ്ധങ്ങള്‍ പറയാറുണ്ടെന്നും ആ കൂട്ടത്തില്‍പ്പെടുത്തേണ്ട ഒന്നാണ് രക്തസാക്ഷികള്‍ക്കെതിരായ പ്രസ്താവനയെന്നും പി. ജയരാജന്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. അത് വലിയ ഗൗരവത്തില്‍ എടുക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
'രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ രക്തസാക്ഷി മഹാത്മാഗാന്ധിയാണ്. മഹാത്മാഗാന്ധിക്ക് ആരുമായി കലഹിച്ചിട്ടാണ് ജീവന്‍വെടിയേണ്ടി വന്നത്? അദ്ദേഹം അഹിംസാ മന്ത്രത്തിന്റെ പ്രധാനപ്പെട്ട വക്താവാണ്. പ്രാര്‍ഥനയ്ക്കായി നടന്നുവരുമ്പോഴാണ് അദ്ദേഹത്തെ ഗോഡ്‌സെയും കൂട്ടരും വെടിവെച്ച് കൊന്നത്. അതുപോലെയുള്ള ഹീനകൃത്യത്തില്‍ ജീവന്‍ ബലിയര്‍പ്പിക്കേണ്ടിവന്ന ആളുകളെയൊക്കെ അപമാനിക്കുന്ന പ്രസ്താനയായിപ്പോയി', പി. ജയരാജന്‍ പറഞ്ഞു.
എന്നാല്‍, പാംപ്ലാനി പിതാവിന്റെ നേരത്തേയുള്ള പ്രസ്താനവകളെല്ലാം നോക്കുമ്പോള്‍ ഇത് ഗൗരവമായി എടുക്കേണ്ട കാര്യമില്ലെന്നാണ് തനിക്ക് തോന്നുന്നതെന്ന് പി. ജയരാജന്‍ പറഞ്ഞു. നേരത്തെ, റബ്ബറിന് 300 രൂപയാക്കുകയാണെങ്കില്‍ ബി.ജെ.പിക്ക് ജനപ്രതിനിധിയില്ലാത്ത വിഷമം മാറ്റിക്കൊടുക്കുമെന്നതടക്കം പ്രസ്താവന നടത്തിയ ആളാണല്ലോ? അത് അദ്ദേഹത്തിന്റെ സഭയിലെ വിശ്വാസികളടക്കം അവജ്ഞയോടെ തള്ളിക്കളയുകയാണ് ചെയ്തത്. ഇതുപോലെയുള്ള പ്രസംഗത്തില്‍ നടത്തുന്ന പ്രസ്താവനയെക്കുറിച്ച് അത്രമാത്രം ഗൗരവത്തില്‍ എടുക്കേണ്ട കാര്യമില്ല എന്നാണ് തോന്നുന്നതെന്നും പി. ജയരാജന്‍ വ്യക്തമാക്കി.
'നേരത്തേയുള്ള പ്രസ്താവനകളുമായി തട്ടിച്ചുനോക്കിയാല്‍ സ്വാഭാവികമായും ഇത്തരം ചില അബദ്ധങ്ങള്‍ അദ്ദേഹം പറയാറുണ്ട്. ആ കൂട്ടത്തില്‍പ്പെടുത്തേണ്ട പ്രസ്താവനയായിട്ടാണ് എനിക്ക് തോന്നുന്നത്', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: cpm leader p jayarajan reaction on mar Joseph pamplany statement against martyrs
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..