ബിജുവിനെ കണ്ട് പറഞ്ഞ് തീര്‍ക്കണം എന്ന് കരുതിയതാണ്, ഇനി സാധിക്കില്ല;കുറിപ്പുമായി മാത്യു കുഴല്‍നാടന്‍


മാത്യു കുഴൽനാടൻ, പി.ബിജു |Photo:Fcebook,mathrubhumi

തിരുവനന്തപുരം: സിപിഎം യുവനേതാവും യുവജനക്ഷേമ ബോര്‍ഡ് ഉപാധ്യക്ഷനുമായി പി.ബിജുവിന്റെ വേര്‍പാടില്‍ മനസ്സിനെ നൊമ്പരപ്പെടുത്തുന്ന കുറിപ്പുമായി കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍. ബിജുവുമായി രാഷ്ട്രീയ തര്‍ക്കങ്ങളുണ്ടായിരുന്നുവെന്നും പരസ്പരം അത് പറഞ്ഞവസാനിപ്പിക്കാന്‍ സാധിക്കാത്തതില്‍ തനിക്കുള്ള വിഷമം ഫെയ്‌സ്ബുക്കിലൂടെ പങ്കുവെക്കുകയാണ് കുഴല്‍നാടന്‍

മാത്യു കുഴല്‍നാടന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

അസ്വസ്ഥമായ മനസ്സോടെ ആണ് ഇത് കുറിക്കുന്നത്.. പി ബിജു എന്ന രാഷ്ട്രീയപ്രവര്‍ത്തകന്‍ അന്തരിച്ചു എന്ന് അവിശ്വസനീയമായ വാര്‍ത്ത ശ്രവിച്ചുകൊണ്ടാണ് ദിനം തുടങ്ങിയത്.. ഇപ്പോഴും അതിന്റെ ഞെട്ടല്‍ വിട്ടുമാറിയിട്ടില്ല.

ജീവിതം എത്ര ചെറുതും നിസ്സാരവും ആണ് എന്ന് ഒരിക്കല്‍ കൂടി ഓര്‍മ്മപ്പെടുത്തുന്നതു പോലെ. ബിജുവിനെ ഞാന്‍ അറിയുന്നതും ബിജു എന്നെ അറിയുന്നതും എസ്എഫ്‌ഐ കെ എസ് യു നേതാക്കള്‍ എന്ന നിലയ്ക്കാണ്..
ലോ കോളേജിലെ എന്റെ കെഎസ്യു കാലഘട്ടത്തില്‍ തിരുവനന്തപുരത്തെ ഏറ്റവും ശക്തനായ എസ്എഫ്‌ഐ നേതാവായിരുന്നു ബിജു.. ഞങ്ങള്‍ തമ്മില്‍ ഒരിക്കലും സൗഹൃദത്തില്‍ ആയിരുന്നില്ല. മറിച്ച് ഞങ്ങള്‍ ശത്രുതയിലും സംഘടനത്തിലും ഏര്‍പ്പെട്ടിരുന്നു. വിദ്യാര്‍ത്ഥി രാഷ്ട്രീയ കാലത്തെ അപക്വവും ചപലവും ആയ സ്വഭാവരീതികള്‍ ഞങ്ങള്‍ രണ്ടുപേരിലും ഉണ്ടായിരുന്നു. ചിലപ്പോഴൊക്കെ അത് ഏറ്റുമുട്ടലിലാണ് അവസാനിച്ചിട്ടുള്ളത്.
എന്നാല്‍ ഏറെ കാലങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ രണ്ടുപേരും സംഘടനാരംഗത്ത് വളര്‍ന്ന് സംസ്ഥാന നേതാക്കളായപ്പോള്‍ ഒരിക്കല്‍ കണ്ടുമുട്ടി.

പൊതുവേ ഗൗരവക്കാരനായ ബിജു, ഗൗരവം കൈ വിടാതെ തന്നെ പരിചയം മാത്രം അംഗീകരിച്ച് നടന്നുനീങ്ങി.. രണ്ടുപേരുടെയും മനസ്സിലെ മുറിവുകള്‍ പൂര്‍ണമായും ഉണങ്ങിയിരുന്നില്ല..
അസാമാന്യമായ ധൈര്യവും, അസാധാരണമായ നേതൃപാടവവും ഉണ്ടായിരുന്ന നേതാവായിരുന്നു ബിജു. ഉണ്ടായിരുന്ന ചെറിയ ശാരീരിക വൈകല്യത്തെ നിഷ്പ്രഭമാക്കിയാണ് ബിജു സംഘടനയുടെ പടവുകള്‍ ചവിട്ടിക്കയറിയത്. എതിര്‍ചേരിയില്‍ നില്‍ക്കുമ്പോഴും ബിജുവിന്റെ സംഘടനാ വളര്‍ച്ചയില്‍ സന്തോഷം തോന്നിയിരുന്നു.

ഞങ്ങള്‍ തമ്മില്‍ പരസ്പരം ഉണ്ടായിട്ടുള്ള അപ്രിയമായ സംഭവങ്ങള്‍ എന്നില്‍ കുറ്റബോധവും ചിലപ്പോഴെങ്കിലും മനസ്താപവും ഉണ്ടാക്കിയിട്ടുണ്ട്. സുഹൃത്ത് എം ലിജുവിനോട് ചില ഘട്ടങ്ങളില്‍ ഞാനത് പറഞ്ഞിട്ടുണ്ടായിരുന്നു. എന്നെങ്കിലും ബിജുവിനെ കണ്ട് മനസ്സിലെ മുറിവുകള്‍ പരസ്പരം മറക്കാന്‍ കഴിയണം എന്നു പറയണം എന്ന് കരുതിയിരുന്നതാണ്. ഇനി അത് സാധിക്കില്ല എന്നതുകൊണ്ടാണ് ഈ തുറന്നെഴുത്ത്..
ജീവിതം വളരെ ചെറുതാണ് എന്ന് ഒരിക്കല്‍ കൂടി ഓര്‍മ്മപ്പെടുത്തുന്നതാണ് ബിജുവിന്റെ വേര്‍പാട്..
പ്രാര്‍ത്ഥനയോടെ ബിജുവിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
anu facebook post

5 min

'ഞങ്ങള്‍ക്ക് ഒരു തൂവാല പോലും മേടിച്ചു തരാത്ത ചാച്ചന്‍, 4 കൊല്ലം കഴിഞ്ഞു വേറെ കല്യാണം കഴിച്ചു'

May 25, 2022


Opium Poppy

00:50

മൂന്നാറിൽ മാരകലഹരിയായ കറുപ്പ് ഉത്പാദിപ്പിക്കുന്ന പോപ്പി ചെടികൾ പിടികൂടി

May 25, 2022


antony raju

1 min

പിന്നില്‍ രാഷ്ട്രീയശക്തികള്‍; ആക്രമിക്കപ്പെട്ട നടിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി മന്ത്രി ആന്റണി രാജു

May 24, 2022

More from this section




Most Commented