എൻ.എൻ. കൃഷ്ണദാസ് |ഫോട്ടോ:മാതൃഭൂമി
പാലക്കാട്: ഇ.എസ്.ഐ. ആശുപത്രിയില്‍ അതിക്രമിച്ചുകയറുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്തെന്ന കേസില്‍ മുന്‍ എം.പി. എന്‍.എന്‍. കൃഷ്ണദാസടക്കം രണ്ടുപേര്‍ക്ക് ഒന്നരവര്‍ഷം തടവുശിക്ഷ. ഒന്നാംപ്രതി സി.പി.എം. പ്രവര്‍ത്തകനായ അലക്സാണ്ടര്‍ ജോസ്, രണ്ടാംപ്രതി എന്‍.എന്‍. കൃഷ്ണദാസ് എന്നിവര്‍ക്കാണ് വിവിധ വകുപ്പുകളിലായി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ശിക്ഷ വിധിച്ചത്. അയ്യായിരം രൂപ പിഴയടയ്ക്കുകയും വേണം. ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതിയെന്നതിനാല്‍ ഒരുവര്‍ഷം തടവനുഭവിച്ചാല്‍ മതി.
ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്ന മറ്റൊരു കേസില്‍ അലക്സാണ്ടര്‍ ജോസിന് ആറുമാസം തടവും അയ്യായിരം രൂപ പിഴയുംകൂടി വിധിച്ചിട്ടുണ്ട്. അലക്സാണ്ടര്‍ ജോസും ഒരുവര്‍ഷം തടവനുഭവിച്ചാല്‍ മതി.
2015-ലാണ് കേസിനാസ്പദമായ സംഭവം. ഭിന്നശേഷിക്കാര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ ഇ.എസ്.ഐ. ആശുപത്രിയിലെ സൂപ്രണ്ടിനെ ഇരുവരും ഉപരോധിക്കുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷന് കേസ്. പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം.എ. മുഹമ്മദ് ഷാജിത്ത് ഹാജരായി.
ഇരുവര്‍ക്കും മാര്‍ച്ച് 15 വരെ ജാമ്യം അനുവദിച്ചു. 25,000 രൂപയുടെ രണ്ട് ആള്‍ജാമ്യത്തിലാണ് ജാമ്യം അനുവദിച്ചത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..