എ.കെ. ബാലൻ | Photo: Mathrubhumi
തിരുവനന്തപുരം: ലോക കേരള സഭയുടെ മേഖലാ സമ്മേളനവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പണപ്പിരിവ് ആരോപണത്തില്‍ പ്രതികരണവുമായി മുന്‍മന്ത്രിയും സി.പി.എം. നേതാവുമായ എ.കെ. ബാലന്‍. ഒരു പദ്ധതിയുമായി ബന്ധപ്പെട്ട് സഹകരിക്കുമ്പോള്‍ എന്തിനാണ് ഈ അസൂയ എന്ന് അദ്ദേഹം ചോദിച്ചു. പ്രവാസികളെ പ്രതിപക്ഷം അപമാനിച്ചെന്നും അദ്ദേഹം ആരോപിച്ചു.
പരിപാടിക്ക് പണം പിരിക്കുന്നത് സ്‌പോണ്‍സര്‍മാരാണ്. അല്ലാതെ മന്ത്രിയാണോ എന്നും അദ്ദേഹം ആരാഞ്ഞു. പണത്തിന്റെ ദുരുപയോഗം നടക്കുമോ എന്നറിയാന്‍ ഓഡിറ്റ് നടത്തുന്നുണ്ടെന്ന് വൈസ് ചെയര്‍മാന്‍ അറിയിച്ചിട്ടുണ്ട്. പിന്നെ എന്തിനാണ് പ്രവാസികളെ സംശയിക്കുന്നത്. ഇവിടെനിന്ന് കാശ് എടുക്കാനും പറ്റില്ല. അവിടെനിന്നുള്ള ആളുകളുടെ സാമ്പത്തിക സ്രോതസ്സ് ഉപയോഗിക്കാനും പാടില്ല. ഇതിനാണ് പറയുന്നത്, പുല്ലുകൂട്ടില്‍ കിടക്കുന്ന പട്ടി തിന്നുകയുമില്ല തിന്നാന്‍ അനുവദിക്കുകയുമില്ലെന്ന്, ബാലന്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോടു പറഞ്ഞു.
ലോക കേരള സഭ എന്നത് വിവിധ രാജ്യങ്ങളിലെ മലയാളികളുടെ ഒരു കുടുംബസംഗമമാണെന്ന് ആദ്യം മനസ്സിലാക്കണം. ഈ സങ്കല്‍പം തന്നെ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് വന്നത് ഒരു അദ്ഭുതമാണ്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്താണ് ഇതിന്റെ ആരംഭം. ലോകത്തിലെ എല്ലാ മലയാളി സുഹൃത്തുക്കളും ഇത് നല്ലരീതിയില്‍ സ്വീകരിച്ചതാണെന്നും ബാലന്‍ പറഞ്ഞു. ഒന്ന്, രണ്ട്, മൂന്ന് സമ്മേളനങ്ങള്‍ പ്രതിപക്ഷം ബഹിഷ്‌കരിച്ചു. ഇപ്പോള്‍ മേഖലാ സമ്മേളനങ്ങളും ബഹിഷ്‌കരിക്കുകയാണ്. എന്തിനു വേണ്ടിയാണെന്നും ബാലന്‍ ചോദിച്ചു.
പ്രവാസികളെ ഒരു ഘട്ടത്തില്‍ അപമാനിച്ചില്ലേ എന്നും എ.കെ. ബാലന്‍ ആരാഞ്ഞു. പ്രവാസികള്‍ ഇവിടെ വന്നാല്‍ അവര്‍ക്ക് നല്ല കുഷ്യന്‍ സീറ്റില്‍ ഇരിക്കാന്‍ നമ്മള്‍ എന്തിന് ചെലവാക്കണം, എന്തിന് നമ്മള്‍ ഭക്ഷണവും താമസസൗകര്യവും കൊടുക്കണം എന്നായിരുന്നല്ലോ അന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചതെന്നും ബാലന്‍ ചൂണ്ടിക്കാട്ടി. ഇത് കേട്ട് സഹിച്ച് സഹിച്ച് ഒടുവിൽ യൂസഫലി പറഞ്ഞത് എന്താണെന്നറിയുമോ? ആ ചെലവ് ഞങ്ങള്‍ വഹിച്ചോളാം. ആ ഔദാര്യം ഞങ്ങള്‍ക്ക് വേണ്ടെന്ന്. കേരളത്തിന് പുറത്തുള്ളവര്‍ അങ്ങനെവരെ പറയാന്‍ നിര്‍ബന്ധിക്കപ്പെട്ടില്ലേ. നമ്മുടെ പ്രവാസി സുഹൃത്തുക്കളെ ഇങ്ങനെ അപമാനിക്കണ്ട ആവശ്യമുണ്ടോയെന്നും ബാലന്‍ ചോദിച്ചു.
ഒരു പുതിയ മാതൃക കേരള സര്‍ക്കാര്‍ സൃഷ്ടിച്ചു. അതിന്റെ ഭാഗമായി പ്രവാസികള്‍ക്ക് വലിയ ആശ്വാസമാണ് ഇപ്പോള്‍ ഉള്ളത്. നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചു. പ്രവാസി പോര്‍ട്ടല്‍ നടപ്പിലാക്കി. കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഇമേജ് മറ്റൊരിക്കലും ഇല്ലാത്ത വിധത്തില്‍ ഉയര്‍ന്നിരിക്കുന്നെന്നും ബാലന്‍ അവകാശപ്പെട്ടു.
പ്രവാസികളായി വിദേശരാജ്യത്ത് താമസിക്കുന്നവരുടെ സ്വത്തും വീടും അന്യമാകുന്ന സ്ഥിതിയുണ്ടായിരുന്നു. ആരും നോക്കില്ലായിരുന്നു. എന്നാല്‍, ഇന്ന് പ്രവാസി പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്താല്‍ കേരള സര്‍ക്കാര്‍ ഇടപെടും. പ്രശ്‌നം പരിഹരിക്കപ്പെടും. ഇന്നേവരെ ആര്‍ക്കെങ്കിലും തോന്നിയതാണോ ഇത്, ബാലന്‍ ചോദിച്ചു. എന്നിട്ട് ഇപ്പോള്‍ പറയുകയാണ് 82 ലക്ഷം രൂപ കൊടുത്താല്‍ മുഖ്യമന്ത്രിയുടെ കൂടെ ഇരിക്കാമെന്ന്. ഇത്തരത്തിലുള്ള ശുദ്ധ അസംബന്ധം ആരെങ്കിലും പറയുമോ?, ബാലന്‍ ചോദിച്ചു.
Content Highlights: cpm leader ak balan on loka kerala sabha fund collection controversy
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..