എ.കെ.ബാലൻ | ചിത്രം: മാതൃഭൂമി
തിരുവനന്തപുരം: കേരളത്തെ കാളവണ്ടിയുഗത്തിലേക്ക് കൊണ്ടുപോകാനാണ് കെ-റെയില്‍ സമരത്തിലൂടെ യുഡിഎഫ് ശ്രമിക്കുന്നതെന്ന് സിപിഎം നേതാവ് എ.കെ. ബാലന്. കേരളത്തിന്റെ വികസനം തടയാനാണ് ശ്രമമെങ്കില്‍ അത് അനുവദിക്കില്ലെന്നും എന്നാല്‍ പദ്ധതി സംബന്ധിച്ച് എന്തെങ്കിലും ആശങ്കയുണ്ടെങ്കില്‍ അത് കൃത്യമായി ദൂരീകരിച്ച ശേഷം മാത്രമേ പദ്ധതി നടപ്പിലാക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ പദ്ധതിക്കും അതിന്റേതായ നടപടിക്രമങ്ങളുണ്ട്. സാമൂഹിക ആഘാതപഠനം നടത്തുകയെന്നത് അതിന്റെ ഭാഗമാണ്. അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. പദ്ധതി പ്രദേശത്തുള്ള ആളുകളെ വിളിച്ചുചേര്‍ത്ത് അവരുടെ ആശങ്ക കേള്‍ക്കും. പിന്നീട് വിദഗ്ധ സമിതിയെ നിയമിച്ച് പിന്നെയും ആശങ്കകള്‍ ഉണ്ടെങ്കില്‍ അതും പരിഹരിക്കും. അതിന് ശേഷം പാരിസ്ഥിതിക അനുമതിയും റെയില്‍വേയുടെ അംഗീകാരവും കിട്ടിയ ശേഷം മാത്രമേ പദ്ധതി നടപ്പിലാക്കുകയുള്ളൂ, ബാലന് പറഞ്ഞു.
സമരത്തിന്റെ പേരില്‍ കലാപവും വെടിവെപ്പും ഉണ്ടാക്കാനാണ് ഇപ്പോഴത്തെ ശ്രമങ്ങള്‍. ഒരു രക്തസാക്ഷിയായി ഏതെങ്കിലുമൊരു സ്ത്രീയേയോ കുട്ടിയേയോ കിട്ടുമോ എന്നാണ് നോക്കുന്നത്. കൊല്ലാന്‍ വേണ്ടി മണ്ണെണ്ണ ഒഴിക്കുകയാണ്. എവിടേക്കാണ് ഇത് എത്തിച്ചേരുക. ജനങ്ങള്‍ ഇത് മനസ്സിലാക്കണം. ദേശീയപാത നിര്‍മാണത്തിന്റെ മാതൃകയില്‍ എല്ലാ ആശങ്കകളും പരിഹരിച്ച് മാത്രമേ സ്ഥലമേറ്റെടുപ്പ് നടത്തുകയുള്ളൂ. ഇന്ത്യാ രാജ്യത്തിലെ ഏറ്റവും മാന്യമായ നഷ്ടപരിഹാരം നല്‍കിയും ജനങ്ങളെ വിശ്വാസത്തിലെടുത്തും മാത്രമേ പദ്ധതി നടപ്പിലാക്കൂവെന്നും എ.കെ ബാലന് പറഞ്ഞു.
പദ്ധതിക്കെതിരെ ജനങ്ങളെ ഇറക്കുമതി ചെയ്ത സമരമാണ് ഇപ്പോള്‍ നടക്കുന്നത്. കീഴാറ്റൂര്‍ ബൈപ്പാസ് നിര്‍മാണ സമയത്ത് സമരവുമായി രംഗത്തുണ്ടായിരുന്ന വയല്‍ക്കിളികള്‍ ഇപ്പോള്‍ തങ്ങളുടെ സ്ഥലം കൂടി ഏറ്റെടുക്കണം എന്നാണ് ആവശ്യപ്പെടുന്നത്. അന്ന് സമരത്തിന് മുന്‍നിരയിലുണ്ടായിരുന്ന പലരും ഇപ്പോള്‍ സിപിഎമ്മിന്റെ ഭാഗമായി പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കെ-റെയില്‍ യാഥാര്‍ഥ്യമായാല്‍ വലിയ വികസനവും പശ്ചാത്തല സൗകര്യവും കേരളത്തിലുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നാടിന്റെ നാളേയാക്കായുള്ള നേട്ടത്തിനാണ് വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. കേരളത്തില്‍ കെ-റെയില്‍ പദ്ധതി നടപ്പിലായാല്‍ ഈ ജന്മത്ത് അധികാരത്തില്‍ എത്താന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസിനും യുഡിഎഫിനും അറിയാം. അതിന്റെ ഭാഗമായുള്ള തുള്ളലുകളാണ് ഇപ്പോള്‍ കാണുന്നത്. ഇത് ജനം തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: CPM Leader AK Balan on protest against K Rail
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..