പാര്‍ട്ടി അധ്യക്ഷനും പാര്‍ട്ടിയും സര്‍ക്കാരും പ്രതിസന്ധി നേരിടുന്ന കാലത്താണ് സി.പി.ഐ.(എം) സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് കോടിയേരി പടിയിറങ്ങുന്നത്. ചികിത്സയാണ് പറയുന്ന കാരണമെങ്കിലും രാഷ്ട്രീയമായ കാരണങ്ങള്‍ കൂടി ഈ നേതൃമാറ്റത്തിലേക്ക് വഴിതെളിച്ചെന്ന് പറയാതെ വയ്യ. 

നാല് വര്‍ഷക്കാലം മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച പിണറായി സര്‍ക്കാരിന് അഞ്ചാം വര്‍ഷത്തിലേറ്റത് അടിക്കടിയുള്ള പരിക്കുകളായിരുന്നു. സ്വര്‍ണക്കടത്ത് കേസ് മുതല്‍ സ്പ്രിങ്ക്‌ളറും ലൈഫ് പദ്ധതി ക്രമക്കേടും ഇ-മൊബിലിറ്റി പദ്ധതിയും ഒന്നിനു പിറകെ മറ്റൊന്നായി എത്തി. കോവിഡിനെ നേരിടുന്നതില്‍ അസ്ഥാനത്തും അനാവശ്യവുമായി മറ്റ് വിവാദങ്ങളും വേറെ. ആരോപണങ്ങളുടെ മുനയൊടിച്ചും ഒടിക്കാതെയും തദ്ദേശ തിരഞ്ഞെടുപ്പ് അങ്കത്തിലേക്ക് കാലെടുത്ത് വെയ്ക്കുമ്പോഴാണ് പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍ പ്രതിയായ ലഹരിമരുന്ന് കേസ് അപ്രതീക്ഷിതമായി എത്തിയത്. 

പാര്‍ട്ടിയുടെ സെക്രട്ടറിയും പാര്‍ട്ടി സെക്രട്ടറിയുടെ മകനും രണ്ട് വ്യക്തികളാണെന്ന് ന്യായീകരിച്ച് പോകാന്‍ ഒരു ഘട്ടം വരെ കഴിഞ്ഞു. എന്നാല്‍ കേസ് ലഹരിക്കടത്താണ്. ആരോപണങ്ങളെ നേരിട്ട് ന്യായീകരിച്ച് പോകാമെങ്കിലും ഡെമോക്ലസിന്റെ വാള് പോലെ 'കേസ്' എതിരാളിക്ക് കൊടുത്ത ആയുധമായി നിലനില്‍ക്കുകയാണ്. ആയുധം നല്‍കി പ്രതിപക്ഷയുദ്ധത്തെ നേരിടുന്നതിലെ അപകടം പാര്‍ട്ടി തിരിച്ചറിഞ്ഞു. പോരാത്തതിന് മാസങ്ങള്‍ക്കപ്പുറം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ട്രയല്‍ റണ്ണായി ഡിസംബറിലെ തദ്ദേശതിരഞ്ഞെടുപ്പ് പോരാട്ടാവും. ജനവിധിയില്‍ പാര്‍ട്ടി സെക്രട്ടറിയുടെ മകനും വിഷയമാവുമെന്നുറപ്പ്. 

പാര്‍ട്ടി സെക്രട്ടറിയുടെ മകനുള്‍പ്പെട്ട കേസ് പാര്‍ട്ടിക്ക് കോട്ടം തട്ടിക്കുന്ന ഘട്ടമെത്തിയപ്പോള്‍ സ്ഥാനമൊഴിയുക എന്നല്ലാതെ മറ്റൊരു വഴിയും കോടിയേരിക്ക് മുന്നിലുണ്ടായില്ല. അഴിമതി ആരോപണങ്ങളില്‍ ഇതിനോടകം ദുര്‍ബലപ്പെട്ട സര്‍ക്കാരിനും പാര്‍ട്ടിക്കും നിലവിലുള്ള പരിക്ക് മാറ്റാന്‍ ശേഷിക്കുന്ന വഴിയും ഇത് തന്നെയായിരുന്നു. 

ലഹരിമരുന്നുക്കച്ചവട കേസില്‍ ബിനീഷ് കോടിയേരിയെ തുടക്കം മുതല്‍ പാര്‍ട്ടി സെക്രട്ടറി കൂടിയായ കോടിയേരി തള്ളിപ്പറഞ്ഞിരുന്നു. ബിനീഷിനെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ തെറ്റ് ചെയ്‌തെങ്കില്‍ ശിക്ഷിക്കപ്പെടട്ടെയെന്നും സംരക്ഷിക്കാനായി ഒന്നും ചെയ്യില്ലെന്നുമാണ് കോടിയേരി നിലപാട് പ്രഖ്യാപിച്ചത്. ബിനീഷ് പാര്‍ട്ടി പ്രവര്‍ത്തകനല്ലെന്ന് ഇത് പാര്‍ട്ടിയെ സംബന്ധിക്കുന്ന കാര്യമല്ലെന്ന് പാര്‍ട്ടിനേതാക്കളും വ്യക്തമാക്കി.

എന്നാല്‍ വിഷയം പാര്‍ട്ടിക്ക് ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് തിരിച്ചറിഞ്ഞതോടെയാണ് സെക്രട്ടറി സ്ഥാനത്ത് നിന്നുള്ള കോടിയേരിയുടെ അനിവാര്യമായ പടിയിറക്കം. അതേസമയം, ബിനീഷ് വിഷയത്തില്‍ പാര്‍ട്ടി നേതാക്കളില്‍ പലരും കൈക്കൊണ്ട സമീപനത്തില്‍ കോടിയേരിക്ക് അതൃപ്തിയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

പാര്‍ട്ടി സെക്രട്ടറി താല്‍ക്കാലിക ചുമതല എ വിജയരാഘവനാണ് കൈമാറിയിരിക്കുന്നത്. പാര്‍ട്ടിയിലെ ഒരുവിഭാഗത്തിന് കോടിയേരി മാറിനില്‍ക്കണമെന്നാണ് അഭിപ്രായമെങ്കിലും കോടിയേരിയുടെ രാജിയെ പ്രകാശ് കാരാട്ട് എതിര്‍ത്തു. എന്നാല്‍ കോടിയേരി കടുംപിടുത്തം പിടിച്ചു. ഇതോടെ മറ്റൊരു പേര് നിര്‍ദേശിക്കാന്‍ ആവശ്യപ്പെട്ടപ്പോഴാണ് അദ്ദേഹം തന്നെ വിജയരാഘവന്റെ പേര് നിര്‍ദേശിച്ചത്. 

കോടിയേരി സ്ഥാനമൊഴിഞ്ഞാല്‍ എം.വി. ഗോവിന്ദനെ ആ സ്ഥാനത്തേക്ക് എത്തുമെന്ന് ഊഹാപോഹങ്ങള്‍ ഉയര്‍ന്നിരുന്നു. ഇ.പി. ജയരാജന്റെ പേരും ഉയര്‍ന്നു. എന്നാല്‍ അഭ്യൂഹങ്ങളെ പാടെ തള്ളിയാണ് അപ്രതീക്ഷിതമായി എ. വിജയരാഘവന്‍ താല്‍ക്കാലിക ചുമതലയുളള പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തേക്കെത്തിയത്.  വലിയ ഇടവേളയ്ക്ക് ശേഷമാണ് കണ്ണൂര്‍ ലോബിക്ക് പുറത്തുനിന്ന് ഒരാള്‍ ഈ സ്ഥാനത്തേക്കെത്തിയത്. 1992-ല്‍ അച്യുതാന്ദനായിരുന്നു കണ്ണൂരിന് പുറത്തുനിന്നുള്ള ഒടുവിലത്തെ പാര്‍ട്ടി സെക്രട്ടറി.

Content Highlights: CPM Kerala secretary Kodiyeri Balakrishnan steps down ahead of local body polls