തിരുവനന്തപുരം:  സിപിഎം സംസ്ഥാന സമിതിയില്‍ ഗവര്‍ണര്‍ക്കെതിരെ രൂക്ഷവിമര്‍ശനം. സിപിഎം-ആര്‍എസ്എസ് സംഘര്‍ഷത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയെ വിളിച്ചുവരുത്തിയ ഗവര്‍ണറുടെ നടപടിക്കെതിരെ തിരുവനന്തപുരത്ത് ചേര്‍ന്ന സംസ്ഥാന സമിതിയിലാണ് വിമര്‍ശനമുയര്‍ന്നത്. ഗവര്‍ണര്‍ പി സദാശിവം രാഷ്ട്രീയം കളിക്കുകയാണെന്ന്  സമിതി കുറ്റപ്പെടുത്തി.

മുഖ്യമന്ത്രിയെ വിളിച്ചു വരുത്തിയ നടപടിയില്‍ ഗവര്‍ണര്‍ വാര്‍ത്താക്കുറിപ്പ് ഇറക്കിയത് ശരിയായില്ലെന്നും മുഖ്യമന്ത്രിക്ക് പിന്നാലെ ഡിജിപിയെ വിളിച്ചു വരുത്തിയത് തെറ്റായ ലക്ഷ്യത്തോടെയാണെന്നും സംസ്ഥാന സമിതി വിമര്‍ശനമുന്നയിച്ചു. 

അതേസമയം ഗവര്‍ണറുടെ നടപടിയില്‍ അസ്വാഭാവികത ഇല്ലെന്നായിരുന്നു കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉയര്‍ന്ന പൊതു അഭിപ്രായം. മുഖ്യമന്ത്രിയെ വിളിച്ചുവരുത്തിയ സംഭവം വിവാദമാക്കാന്‍ ചില ചില ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും സെക്രട്ടറിയേറ്റ് നിരീക്ഷിച്ചു. എന്നാല്‍ സെക്രട്ടറിയേറ്റില്‍ ഉണ്ടായതില്‍ നിന്നും വിരുദ്ധാഭിപ്രായമാണ് സംസ്ഥാന സമിതിയില്‍ ഉണ്ടായിരിക്കുന്നത്.