കോഴിക്കോട്: പാര്‍ട്ടിക്കുള്ളിലെ മാവോവാദി അനുഭാവികളുടെ സാന്നിധ്യം കണ്ടെത്താന്‍ സി.പി.എം. അന്വേഷണം. ഇതിന്റെ ഭാഗമായുള്ള സംഘടനാ നടപടികള്‍ക്ക് ഫ്രാക്ഷന്‍ യോഗം ചേരും. കോഴിക്കോട്ടെ യു.എ.പി.എ. അറസ്റ്റിന് പിന്നാലെയാണ് സിപിഎം ഈ നടപടികളിലേക്ക് കടക്കുന്നത്. 

ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ തുടങ്ങിയ പോഷകസംഘടനകളില്‍പ്പെട്ടവര്‍ പങ്കെടുക്കുന്ന ഫ്രാക്ഷന്‍ യോഗങ്ങളാണ് നടക്കുന്നത്. മാവോവാദി അനുഭാവികളെ കണ്ടെത്താനും തെറ്റുതിരുത്തലിനുമാണ് ഈ യോഗങ്ങള്‍ ചേരുന്നത്. കോഴിക്കോട് രണ്ട് പാര്‍ട്ടി പ്രവര്‍ത്തകരെ മാവോവാദി ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത സംഭവം പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കിയെന്നും ഇതില്‍ ജാഗ്രതക്കുറവുണ്ടായെന്നുമാണ് സി.പി.എമ്മിന്റെ വിലയിരുത്തല്‍. 

ഇനിയും ഇത്തരം സാഹചര്യങ്ങളുണ്ടാകാതിരിക്കാനാണ് മാവോ അനുഭാവികളെ കണ്ടെത്താന്‍ പാര്‍ട്ടി ഫ്രാക്ഷന്‍ യോഗങ്ങളും അന്വേഷണവും നടത്തുന്നത്. ഇക്കാര്യത്തില്‍ ജാഗ്രത വേണമെന്നാണ് പാര്‍ട്ടിയുടെ നിലപാട്. സി.പി.എമ്മില്‍ അഞ്ഞൂറോളം മാവോവാദി അനുഭാവികളുണ്ടെന്നാണ് പോലീസിന്റെ റിപ്പോര്‍ട്ട്. 

അതേസമയം, യു.എ.പി.എ. കേസില്‍ അറസ്റ്റിലായ അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവര്‍ അംഗങ്ങളായ സി.പി.എം. ലോക്കല്‍ കമ്മിറ്റിയുടെ യോഗം തിങ്കളാഴ്ച നടക്കും. ഇരുവരെയും പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുന്നത് സംബന്ധിച്ച തീരുമാനം പാര്‍ട്ടി അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമേ ഉണ്ടാകൂവെന്നാണ് സൂചന. സി.പി.എം. കോഴിക്കോട് സൗത്ത് ഏരിയ കമ്മിറ്റി നിയോഗിച്ച മൂന്നംഗ കമ്മീഷനാണ് സംഭവത്തില്‍ അന്വേഷണം നടത്തുന്നത്. 

Content Highlights: cpm inquiry and fraction meeting to find maoists in party