കോഴിക്കോട്: സിപിഎമ്മിലെത്തിയ മുന്‍ കോണ്‍ഗ്രസ് നേതാവ് കെപി അനില്‍കുമാറിന് കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ വലിയ സ്വീകരണം നല്‍കി സിപിഎം ജില്ലാ നേതൃത്വം. പാര്‍ട്ടി ജില്ലാ സെക്രട്ടറി പി മോഹനന്റെ നേതൃത്വത്തിലായിരുന്നു സ്വീകരണം. 

ജില്ലാ സെക്രട്ടറിക്ക് പുറമേ ജില്ലയിലെ പ്രമുഖ സിപിഎം നേതാക്കളും അനില്‍കുമാറിനെ സ്വീകരിക്കാനെത്തി. കോണ്‍ഗ്രസിനെ അടിക്കാനുള്ള ഒരു വടിയായിട്ടാണ് അനില്‍കുമാറിന്റെ വരവിനെ സിപിഎം ഉപയോഗിക്കുന്നത്. അദ്ദേഹത്തിന്റെ പാര്‍ട്ടി പ്രവേശനം പരമാവധി ജനങ്ങളിലേക്കെത്തിക്കുന്ന രീതിയിലാണ് സിപിഎമ്മിന്റെ പ്രചാരണ പരിപാടി. 

ഇതിന്റെ ഭാഗമായി ബുധനാഴ്ച 10.30ന് ജില്ലാ കമ്മിറ്റി ഓഫീസിലും അനില്‍കുമാറിന് സിപിഎം സ്വീകരണമൊരുക്കിയിട്ടുണ്ട്. ഇതിനുശേഷം അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കും. 

ജില്ലയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ നേരത്തെതന്നെ അനില്‍കുമാര്‍ പ്രത്യക്ഷമായും പരോക്ഷമായും വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലുകള്‍ അനില്‍കുമാറിന്റെ ഭാഗത്തുനിന്നുണ്ടാകാനും സാധ്യതയുണ്ട്.

content highlights: CPM hosted a reception for KP Anil Kumar at Kozhikode railway station