തിരുവനന്തപുരം: എ.ആര്‍.നഗര്‍ സഹകരണ ബാങ്കില്‍ പി.കെ കുഞ്ഞാലിക്കുട്ടിക്കും മകനും കള്ളപ്പണ നിക്ഷേപമുണ്ടെന്ന കെ.ടി ജലീലിന്റെ ആരോപണം ഏറ്റെടുക്കാതെ സിപിഎം. ഇ.ഡി ചോദ്യംചെയ്തതോടെ ജലീലിന് ഇ.ഡിയില്‍ വിശ്വാസം കൂടിയെന്ന് പരിഹസിച്ച മുഖ്യമന്ത്രി അദ്ദേഹത്തെ പരസ്യമായി തള്ളിപ്പറയുകയും ചെയ്തു. ഇതിന് പിന്നാലെ ജലീലിനെ സിപിഎം നേരിട്ട് അതൃപ്തി അറിയിച്ചു.

സംസ്ഥാന ആക്ടിങ് സെക്രട്ടറി എ.വിജയരാഘവന്‍ കെ.ടി. ജലീല്‍ എം.എല്‍.എയെ നേരിട്ട് വിളിച്ച് ഇ.ഡി അന്വേഷണം ആവശ്യപ്പെട്ടതിലുള്ള അതൃപ്തി അറിയിച്ചുകഴിഞ്ഞു. കുഞ്ഞാലിക്കുട്ടിയെ മാത്രം ലക്ഷ്യംവെക്കുന്നത് ശരിയല്ല. സഹകരണബാങ്കിലേക്ക് ഇ.ഡിയെ ക്ഷണിച്ചുവരുത്തുന്ന നടപടിയായിപ്പോയി ജലീലിന്റേത്. ഇത് പാര്‍ട്ടിയുടെ നയത്തിനും നിലപാടുകള്‍ക്കും എതിരാണ്. കാരണം, കേരളത്തിലെ സഹകരണ ബാങ്കിലേക്ക് ഇ.ഡി കടന്നുകയറ്റം തുടങ്ങിയാല്‍ അത് എവിടെ അവസാനിക്കുമെന്ന് പറയാനാകില്ല. പ്രതികരണത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന സന്ദേശവും ജലീലിന് നല്‍കിയതായാണ് സൂചന.

1021 കോടിയുടെ ക്രമക്കേട് ചൂണ്ടിക്കാട്ടി കുഞ്ഞാലിക്കുട്ടിക്കും മകന്‍ ആഷിഖിനുമെതിരെയാണ് ജലീല്‍ അന്വേഷണം ആവശ്യപ്പെട്ടത്. കള്ളപ്പണ നിക്ഷേപം എന്ന ആരോപണമാണ് ജലീല്‍ ഉന്നയിച്ചത്. ഇത് പുറത്തുകൊണ്ടുവരാന്‍ ഏതറ്റം വരെയും പോകുമെന്ന് ജലീല്‍ പ്രഖ്യാപിച്ചിരിക്കെ പിന്തുണക്കാന്‍ ഇല്ലെന്ന് സിപിഎമ്മും പറയുമ്പോള്‍ ഇനി ജലീലിന്റെ നീക്കങ്ങളാകും ശ്രദ്ധേയം. 

മുഖ്യമന്ത്രി പറഞ്ഞതാണ് തനിക്കും പറയാനുള്ളതെന്ന് സഹകരണമന്ത്രി വി.എന്‍ വാസവനും പറഞ്ഞു.  ക്രമക്കേട് ഉണ്ടെന്ന് കണ്ടാല്‍ അത് അന്വേഷിക്കാനും കണ്ടെത്താനും നടപടി എടുക്കാനുള്ള സംവിധാനവും ഇവിടെ ഉണ്ട്. അപ്പോള്‍ പിന്നെ ഇ.ഡി വന്ന് പരിശോധിക്കേണ്ട പ്രശ്‌നമില്ല. ജലീല്‍ പറഞ്ഞതിന്റെ ഉള്ളടക്കം അദ്ദേഹത്തോട് തന്നെ ചോദിക്കണം. വ്യക്തിവൈരാഗ്യമുണ്ടെങ്കില്‍ അത് തീര്‍ക്കാനുള്ള വേദിയായി സര്‍ക്കാര്‍ ഒരു കാര്യത്തേയും കാണില്ല. അതിന് നിന്നുകൊടുക്കില്ല. നിലവില്‍ അന്വേഷണം നടക്കുന്നുണ്ട്. ക്രമക്കേട് നടന്നോ എന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും മന്ത്രി വാസവന്‍ പറഞ്ഞു.

ഇതിനിടെ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെ ഇടപെടുത്താന്‍ ബിജെപി നീക്കം തുടങ്ങി. കേന്ദ്ര സഹകരണമന്ത്രാലയത്തിനും ധനകാര്യമന്ത്രാലയത്തിനും പരാതി നല്‍കുമെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി അബ്ദുള്ളക്കുട്ടി ഡല്‍ഹിയില്‍ അറിയിച്ചു. അന്വേഷണം വേണ്ട എന്ന മുഖ്യമന്ത്രിയുടെ നിലപാട് വിചിത്രമെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു. ലാവലിന്‍ വിഷയത്തില്‍ പണ്ട് കുഞ്ഞാലിക്കുട്ടി സഹായിച്ചതിന്റെ പ്രത്യുപകാരമായിട്ടാണ് മുഖ്യമന്ത്രി ജലീലിനെ തള്ളിക്കളയുന്നതെന്നും അബ്ദുള്ളക്കുട്ടി ആരോപിച്ചു.

സഹകരണവകുപ്പില്‍ ഭരണപരമായ കാര്യങ്ങളില്‍ കേന്ദ്രത്തിന് ഇടപെടാന്‍ കഴിയില്ല. എന്നാല്‍ അഴിമതി വിഷയത്തില്‍ ഇടപെടാം എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പരാതി നല്‍കാന്‍ ഒരുങ്ങുന്നത്.

മുഖ്യമന്ത്രി ജലീലിനെ തള്ളിയതോടെ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാക്കളും രംഗത്തുവന്നു. കുടുങ്ങാന്‍ പോകുന്നത് ആരാണെന്ന് കൊച്ചാപ്പയ്ക്ക് പിടുത്തം പോരെന്ന് ബിന്ദുകൃഷ്ണ കുറിച്ചു.