തിരുവനന്തപുരം: കോന്നി, വട്ടിയൂര്‍ക്കാവ്, പാലക്കാട് മണ്ഡലങ്ങളിലെ തോല്‍വി ഗൗരവമായി പരിശോധിക്കണമെന്ന് സിപിഎം സംസ്ഥാനസമിതി. തിരഞ്ഞെടുപ്പില്‍ മറ്റു മണ്ഡലങ്ങളിലുണ്ടായ മുന്നേറ്റം കോട്ടയത്ത് ഉണ്ടായില്ലെന്നും ന്യൂനപക്ഷം കോട്ടയത്ത് മുന്നണിക്കൊപ്പം നിന്നില്ലെന്നും സമിതി വിലയിരുത്തി.

പൂഞ്ഞാറിലെ തോല്‍വിയില്‍ കോട്ടയം ജില്ലാ കമ്മിറ്റിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശമുണ്ടായി. പൂഞ്ഞാറിലെ തോല്‍വി പാര്‍ട്ടിക്ക് വലിയ തിരിച്ചടിയുണ്ടാക്കി. ഇത് പ്രത്യേകം പരിശോധിക്കണമെന്നും സംസ്ഥാനസമിതി യോഗത്തില്‍ ആവശ്യമുയര്‍ന്നു. 

വട്ടിയൂര്‍കാവിലെ തോല്‍വി പരിശോധിക്കണമെന്ന് ടി. എന്‍ സീമ ആവശ്യപ്പെട്ടു. വിജയസാധ്യതയുള്ള മണ്ഡലമായിരുന്നിട്ടും മൂന്നാം സ്ഥാനം മാത്രം ലഭിച്ചത് എന്തുകൊണ്ടാണെന്ന് വിലയിരുത്തണം. കൂടാതെ കോന്നി, പാലക്കാട് മണ്ഡലങ്ങളിലെ പരാജയവും പരിശോധിക്കണമെന്നും ചര്‍ച്ചയില്‍ ആവശ്യമുയര്‍ന്നു.

അഞ്ച് മണ്ഡലങ്ങളില്‍ പാര്‍ട്ടി മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടത് ഗൗരവമായാണ് കാണുന്നത്. ഇത് പരിശോധിക്കും. ബിജെപിയുടെ നിയമസഭാ പ്രവേശം ഗൗരവമായി കാണണമെന്നും ബിജെപിക്ക് തദ്ദേശ തിരഞ്ഞെടുപ്പിനേക്കാള്‍ വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ലെന്നും യോഗം വിലയിരുത്തി. സംസ്ഥാന സമിതി യോഗം നാളെയും തുടരും.