സജി ചെറിയാൻ| Photo: Mathrubhumi
തിരുവനന്തപുരം: ഭരണഘടനയ്‌ക്കെതിരായ മന്ത്രി സജി ചെറിയാന്റെ വിവാദ പരാമര്‍ശ വിഷയത്തില്‍ പരസ്യ പ്രതികരണത്തിന് മടിച്ച് സി.പി.എം. ഇന്ന് ചേര്‍ന്ന അവെയ്ലബിള്‍ സെക്രട്ടേറിയേറ്റ് യോഗത്തിന് ശേഷവും വിഷയത്തില്‍ മാധ്യമങ്ങള്‍ക്കുള്ള പത്രക്കുറിപ്പ് പുറത്തുവിടാന്‍ പാര്‍ട്ടി തയ്യാറായിട്ടില്ല.
വിഷയത്തില്‍ നിയമപരമായ തിരിച്ചടിയുണ്ടാകുന്നതിന് മുന്‍പ് മന്ത്രി രാജിവെക്കുന്നതാണ് ഉചിതമെന്നാണ് ഘടകക്ഷികള്‍ സി.പി.എമ്മിനെ അറിയിച്ചതെന്നാണ് വിവരം. സജി ചെറിയാന്റെ പരാമര്‍ശം ഗുരുതരമാണെന്നും തിരിച്ചടിയുണ്ടാകുമെന്നും സി.പി.ഐ. അഭിപ്രായപ്പെട്ടിരുന്നു. അതേസമയം, ഇന്നു നടന്ന യോഗത്തില്‍ വിഷയവുമായി ബന്ധപ്പെട്ട് ഒരു തീരുമാനത്തിലെത്താന്‍ പാര്‍ട്ടിക്ക് സാധിച്ചിട്ടില്ല എന്ന് വ്യക്തമാണ്.
രാജിവേണോ വേണ്ടയോ എന്ന കാര്യത്തില്‍ തീര്‍പ്പുണ്ടാക്കാന്‍ നാളെ സമ്പൂര്‍ണ സെക്രട്ടേറിയേറ്റ് ചേര്‍ന്ന് തീരുമാനമെടുത്തേക്കും. പാര്‍ട്ടി സംസ്ഥാന ഘടകം എത്രയും പെട്ടെന്ന് തീരുമാനമെടുക്കണമെന്നാണ് സി.പി.എം. കേന്ദ്രനേതൃത്വം അറിയിച്ചിരിക്കുന്നത്. പ്രതിപക്ഷം കോടതിയിലേക്ക് പോവുകയും അത് കോടതി പരാമര്‍ശത്തിന് കാരണമാവുകയും ചെയ്താല്‍, കോടതി ഇടപെട്ടതിനെ തുടര്‍ന്ന് രാജിവെക്കേണ്ടി വന്നു എന്ന ദുഷ്പേരുകൂടിയുണ്ടാകും. അതിനും മുന്‍പ് രാജി വെക്കുന്നത് നല്ലതാണെന്ന അഭിപ്രായത്തിനും ഇടതുമുന്നണിയില്‍ ഐക്യമുണ്ടായില്ല. ഇനി വ്യാഴാഴ്ച നടക്കുന്ന സമ്പൂര്‍ണ സെക്രട്ടേറിയേറ്റ് യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്.
അതേസമയം, പ്രസംഗത്തിലെ വിവാദത്തിന് കാരണമായ ഭാഗം മാത്രം മാധ്യമങ്ങള്‍ക്ക് നല്‍കിയതിന് പിന്നില്‍ മല്ലപ്പള്ളി ഏരിയാ കമ്മിറ്റിയിലെ വിഭാഗീയതയാണ് കാരണമെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. വിഷയത്തില്‍ ആഭ്യന്തര അന്വേഷണവും നടപടിയും ഉണ്ടാകുമെന്ന സൂചനയും പുറത്തുവരുന്നുണ്ട്.
രാഷ്ട്രീയ എതിരാളികള്‍ക്ക് ആയുധം നല്‍കുന്നതാണ് മന്ത്രിയുടെ വിവാദ പ്രസംഗമെന്നാണ് നേതാക്കള്‍ കുറ്റപ്പെടുത്തുന്നത്. അതേസമയം, സി.പി.എമ്മിന്റെ തീരുമാനത്തിന് കാത്തിരിക്കാതെ നിയമ വഴി തേടാന്‍ പ്രതിപക്ഷം തയ്യാറായേക്കുമെന്ന സൂചനയുണ്ട്. അങ്ങനെയെങ്കില്‍ തിടുക്കപ്പെട്ട് നടപടിയെടുക്കാന്‍ സി.പി.എം. നിര്‍ബന്ധിതരായിത്തീരും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..