Photo: Mathrubhumi
തിരുവനന്തപുരം/കാസര്‍കോട്/തൃശ്ശൂര്‍: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുമ്പോഴും ജില്ലാ സമ്മേളനവുമായി സിപിഎം മുന്നോട്ട്. തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്ത നിരവധി പേര്‍ക്ക് കഴിഞ്ഞ ദിവസങ്ങളില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനിടയിലും കാസര്‍കോട്, തൃശൂര്‍ ജില്ലാ സമ്മേളനങ്ങള്‍ നടത്താനാണ് സിപിഎമ്മിന്റെ തീരുമാനം. പാര്‍ട്ടി നിലപാടിനെതിരേ അതിരൂക്ഷ വിമര്‍ശനവും ഉയരുകയാണ്.
തിരുവനന്തപുരം
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ള ജില്ലയാണ് തിരുവനന്തപുരം. ജില്ലയില്‍ രോഗവ്യാപനം വര്‍ധിക്കാന്‍ ഇടയാക്കിയ ഒരു കാരണം സിപിഎം ജില്ലാ സമ്മേളനമാണെന്നാണ് ആക്ഷേപം. സമ്മേളനത്തില്‍ പങ്കെടുത്ത നിരവധി പേര്‍ക്ക് ഇതിനോടകം കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. പ്രതിനിധികള്‍ക്ക് പുറമേ വൊളണ്ടിയറായും സംഘാടക സമിതിയിലും പ്രവര്‍ത്തിച്ച നിരവധി ആളുകള്‍ക്കും കോവിഡ് പിടിപെട്ടിട്ടുണ്ട്. നിരവധി പേര്‍ ടെസ്റ്റ് നടത്താതെ വീടുകളില്‍ ഐസൊലേഷനിലും കഴിയുന്നുണ്ട്. മന്ത്രിമാര്‍ക്ക് അടക്കം കോവിഡ് ബാധിച്ച സ്ഥലമായി പാറശാലയിലെ ജില്ലാ സമ്മേളനം മാറി.
സിപിഎം സമ്മേളനത്തിന് പുറമേ ജില്ലയിലെ പ്രധാന ഷോപ്പിങ് മാളില്‍ ബിഗ് സെയിലിന്റെ ഭാഗമായി വലിയ തോതില്‍ ആളുകള്‍ കൂടുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ ആളുകള്‍ കൂടിയ ഇടങ്ങളെല്ലാം രോഗവ്യാപനത്തിന്റെ കേന്ദ്രങ്ങളായി മാറി. 35 ക്ലസ്റ്ററുകളാണ് തിരുവനന്തപുരത്ത് രൂപപ്പെട്ടതെന്ന് ജില്ലാ ഭരണകൂടം വിലയിരുത്തുമ്പോള്‍ അതില്‍ ഒന്ന് സിപിഎം ജില്ലാ സമ്മേളനമാണ്.
ടിപിആര്‍ 30 കടന്ന ജില്ലയില്‍ ഒരുതരത്തിലുള്ള പൊതുപരിപാടികളും നടത്തരുതെന്ന് കാണിച്ച് ശനിയാഴ്ച ചീഫ് സെക്രട്ടറിയുടെ ഉത്തരവുണ്ടായിരുന്നു. പൊതുപരിപാടികളില്‍ നിന്ന് പിന്‍മാറണമെന്ന് ജില്ലാ കളക്ടറുടെ ഉത്തരവുമുണ്ടായിരുന്നു. എന്നാല്‍ ഇതെല്ലാം അവഗണിച്ചാണ് സിപിഎം ജില്ലാ സമ്മേളനം ഞായറാഴ്ചയും ഗാനമേള അടക്കമുള്ള പരിപാടികളോടെ പൂര്‍ത്തിയായത്. രോഗവ്യാപനം ഈ നിലയ്ക്ക് ഉയരാന്‍ കാരണം ജില്ലാ ഭരണകൂടത്തിന്റെ നിഷ്‌ക്രിയത്വമാണെന്ന ആക്ഷേപവും ഈ ഘട്ടത്തില്‍ ശക്തമാവുകയാണ്.
കാസര്‍കോട്
കോവിഡ് കേസുകള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ജില്ലാ സമ്മേളനത്തിന്റെ അനുബന്ധ പരിപാടികളും സമാപന പൊതുസമ്മേളനം ഉള്‍പ്പെടെ മാറ്റിയെന്നാണ് സിപിഎം നേതാക്കള്‍ പറയുന്നത്. ജനുവരി 15, 16, 17 തിയതികളില്‍ 23 ശതമാനം മാത്രമായിരുന്നു ജില്ലയിലെ ടിപിആര്‍. എന്നാല്‍ കഴിഞ്ഞ ദിവസം ഇത് 29.3 ശതമാനത്തിലേക്ക് ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലും ജില്ലാ സമ്മേളനം നടത്താനാണ് പാര്‍ട്ടി തീരുമാനം.
21 മുതല്‍ 23 വരെ മടികൈയിലാണ് ജില്ലാ സമ്മേളനം നടക്കുന്നത്. മടികൈ പഞ്ചായത്തില്‍ നിലവില്‍ 30 ശതമാനമാണ് ടിപിആര്‍. 200ല്‍ താഴെ ആളുകള്‍ മാത്രമേ പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുക്കയുള്ളുവെന്നാണ് സിപിഎം പറയുന്നത്. എന്നാല്‍ വൊളണ്ടിയര്‍മാര്‍ കൂടി ചേരുമ്പോള്‍
300നടുത്ത് ആളുകള്‍ സമ്മേളനത്തിന്റെ ഭാഗമാകും. 600 പേര്‍ക്ക് ഇരിക്കാന്‍ കഴിയുന്ന വേദിയാണെന്നും സാമൂഹിക അകലം ഉള്‍പ്പെടെയുള്ള എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിക്കുമെന്നുമാണ് സിപിഎം ജില്ലാ നേതൃത്വം പറയുന്നത്. ജില്ലാ ഭരണകൂടം നിയന്ത്രണങ്ങള്‍ കടുപ്പിക്കുമ്പോഴും ജില്ലാ സമ്മേളനം മുന്നോട്ടുകൊണ്ടുപോകാനുള്ള തീരുമാനത്തില്‍ വിട്ടുവീഴ്ചയില്ലെന്നാണ് സിപിഎം ജില്ലാ നേതൃത്വം വ്യക്തമാക്കുന്നത്.
തൃശ്ശൂര്‍
500ലധികം പേര്‍ക്ക് ഇരിക്കാവുന്ന ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ 175 പേര്‍ മാത്രമാണ് പങ്കെടുക്കുന്നതെന്നാണ് സിപിഎം ജില്ലാ നേതൃത്വത്തിന്റെ വിശദീകരണം. അതിനാല്‍ വലിയ രീതിയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ കഴിയുമെന്നും ജില്ലാ നേതൃത്വം പറയുന്നു.
അതേസമയം 175 പ്രതിനിധികള്‍ക്ക് പുറമേ 11 ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളും മറ്റു മേല്‍കമ്മറ്റികളില്‍ നിന്നുള്ള അംഗങ്ങളും സമ്മേളനത്തില്‍ പങ്കെടുക്കും. ഇതിനുപുറമേ വൊളണ്ടിയര്‍മാരും വേദിയിലുണ്ടാകും.
നിലവില്‍ ജില്ലയിലെ കോവിഡ് സാഹചര്യം അതീവ ഗൗരവതരമാണ്. കഴിഞ്ഞ ദിവസം മാത്രം 2622 പേര്‍ക്കാണ് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ മൂന്ന് ദിവസമായി 30 ശതമാനത്തിന് മുകളിലാണ് ജില്ലയിലെ ടിപിആര്‍ നിരക്ക്. 28 ക്ലസ്റ്ററുകളും ഇതുവരെ ജില്ലയില്‍ രൂപപ്പെട്ടിട്ടുണ്ട്. ഇതിനിടെയാണ് ജില്ലാ സമ്മേളനവുമായി സിപിഎം മുന്നോട്ടുപോകുന്നത്.
Content Highlights : CPM is moving ahead with district conferences despite the rising number of Covid patients in the state
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..