അമിത് ഷാ, ജോൺ ബ്രിട്ടാസ്. photo: uni, ani
തിരുവനന്തപുരം: അമിത് ഷാ കേരളത്തിനെതിരേ നടത്തിയ പരാമര്‍ശത്തെ ലേഖനത്തിലൂടെ വിമര്‍ശിച്ചതിന് ജോണ്‍ ബ്രിട്ടാസ് എംപിക്കെതിരേയുള്ള കേന്ദ്ര നടപടി രാജ്യം എത്തിപ്പെട്ടിരിക്കുന്ന അപകടകരമായ സ്ഥിതിയുടെ ഉദാഹരമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. ലേഖനത്തിലെ പരാമര്‍ശം രാജ്യദ്രോഹപരം ആണെന്ന് ചൂണ്ടിക്കാണിച്ച് ബിജെപി നേതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ രാജ്യസഭാ അധ്യക്ഷന്‍ കൂടിയായ ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍, ബ്രിട്ടാസിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയ സംഭവത്തിലാണ് സിപിഎമ്മിന്റെ വിമര്‍ശനം.
കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്ന ആഗോളവത്ക്കരണ നയങ്ങള്‍ക്ക് ബദല്‍ ഉയര്‍ത്തുന്നതിനും മതനിരപേക്ഷത സംരക്ഷിക്കുന്നതിനും രാജ്യത്തിനാകമാനം മാതൃകയാകുന്ന നിലപാടാണ് കേരളം മുന്നോട്ടുവെക്കുന്നത്. ബിജെപി നേതാക്കളുടെ കൊടിയ പകയ്ക്ക് കേരളം ഇടയാകുന്നതിന് കാരണം ഇതാണ്. സംഘപരിവാറിന്റെ ഇടപെടലിലൂടെ കേരളവിരുദ്ധ സിനിമകള്‍ പോലും പടച്ചുവിടുന്ന സാഹചര്യത്തില്‍കൂടിയാണ് ഇത്തരം ഒരു നീക്കമെന്നും സിപിഎം വിമര്‍ശിച്ചു.
അമിത്ഷാ മാത്രമല്ല സംഘപരിവാറിന്റെ പല നേതാക്കളും നിരന്തരം കേരളത്തെ അവഹേളിക്കുന്ന പ്രസംഗങ്ങളും പ്രസ്താവനകളും നടത്തിക്കൊണ്ടിരിക്കുകയാണ്. മാനവിക വികസന സൂചികകളില്‍ ഒന്നാം സ്ഥാനത്തുള്ള കേരളത്തെ സോമാലിയോടു ഉപമിച്ച സ്ഥിതിവിശേഷവും നേരത്തെ ഏറെ ചര്‍ച്ചചെയ്യപ്പെട്ടിട്ടുള്ളതാണെന്നും സിപിഎം ചൂണ്ടിക്കാണിച്ചു.
ബിജെപി മുന്നോട്ടുവെയ്ക്കുന്ന വര്‍ഗ്ഗീയ അജണ്ടയ്ക്കും കേരളത്തിനോടുള്ള അവഗണനയ്ക്കും എതിരായി ശക്തമായി പോരാടുന്ന രാജ്യസഭാ അംഗമാണ് ജോണ്‍ബ്രിട്ടാസ്. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കല്‍ 19 അഭിപ്രായപ്രകടന സ്വാതന്ത്യം എല്ലാ പൗരന്മാര്‍ക്കും ഉറപ്പുവരുത്തുന്നുണ്ട്. ജനാധിപത്യത്തിന്റെ അടിസ്ഥാനതത്വങ്ങളില്‍ ഒന്നുമാണിത്. ഇതുപോലും വിസ്മരിച്ചു കൊണ്ട് മുന്നോട്ടു പോകുന്ന സംഘപരിവാറിന്റെ നീക്കങ്ങളെ ശക്തമായി പ്രതിരോധിക്കാന്‍ എല്ലാ ജനാധിപത്യ വിശ്വാസികളും രംഗത്തിറങ്ങണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
Content Highlights: cpm criticism against modi government over action against john brittas


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..