വി മുരളീധരൻ| Photo: ANI
തിരുവനന്തപുരം: കേന്ദ്ര വിദേശകാര്യ സഹമന്ത്രി കെ മുരളീധരനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.എം. കേന്ദ്ര ഏജന്‍സി അന്വേഷിക്കുന്ന കേസുകളുമായി ബന്ധപ്പെട്ട് മുരളീധരന്‍ നടത്തിയ വാര്‍ത്താസമ്മേളനം സത്യപ്രതിജ്ഞാലംഘനമാണെന്ന് സി.പി.എം.സംസ്ഥാന സെക്രട്ടേറിയേറ്റ് വാര്‍ത്താക്കുറിപ്പിലൂടെ ആരോപിച്ചു.
ബി.ജെപി നിര്‍ദേശിക്കുന്നതു പോലെയാണ് അന്വേഷണ ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നതെന്ന് പരസ്യമായി പ്രഖ്യാപിക്കുകയാണ് മുരളീധരന്‍ ചെയ്തതെന്നും സി.പി.എം. കുറ്റപ്പെടുത്തുന്നു. മുരളീധരനെതിരെ രൂക്ഷമായ വിമര്‍ശനമാണ് പത്രക്കുറിപ്പില്‍ ഉന്നയിച്ചിരിക്കുന്നത്.
കഴിഞ്ഞ കുറേനാളുകളായി മുരളീധരന്റെ ഭാഗത്തുനിന്ന് അധികാര ദുര്‍വിനിയോഗം ഉണ്ടാകുന്നു. കേസ് അന്വേഷണത്തില്‍ അനാവശ്യമായി ഇടപെടുന്നു. പ്രതികളുടെ മൊഴികളെ അടിസ്ഥാനപ്പെടുത്തി വാര്‍ത്താസമ്മേളനം നടത്തുന്നു തുടങ്ങിയ കാര്യങ്ങളാണ് മുരളീധരനെതിരെ സി.പി.എം. ഉന്നയിക്കുന്നത്.
അന്വേഷണഘട്ടത്തില്‍ മൊഴികള്‍ പ്രസിദ്ധപ്പെടുത്തുന്നത് കുറ്റകരമാണെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി പറഞ്ഞിരുന്നു. എന്നിട്ടു പോലും മൊഴിയെ ആധാരമാക്കി പത്രസമ്മേളനം നടത്തുന്ന മുരളീധരന്റെ നടപടി നിയമവിരുദ്ധവും ഹൈക്കോടതിയെ വെല്ലുവിളിക്കുന്നതാണെന്നും സി.പി.എം. പറയുന്നു.
പ്രതിപക്ഷ നേതാവും ബി.ജെ.പി. സംസ്ഥാന അധ്യക്ഷനും കൂടിയാലോചിച്ചാണ് പല പ്രസ്താവനകളും നടത്തുന്നത്. ഇവ വീണ്ടും ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന നടപടിയാണ് മുരളീധരന്റെ ഭാഗത്തുനിന്ന് ഉണ്ടാവുന്നത്. ഇത് സ്വതന്ത്രമായ കേസ് അന്വേഷണത്തെ ബാധിക്കും. അതിനാല്‍ ഇതിനെ ചെറുത്തു തോല്‍പ്പിക്കണമെന്നും സി.പി.എം. പത്രക്കുറിപ്പില്‍ പറയുന്നുണ്ട്.
content highlights: cpm criticises v muraleedharan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..