കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ സിപിഎം-സിപിഐ തര്‍ക്കം എല്‍ഡിഎഫിലേക്കും വ്യാപിക്കുന്നു. സിപിഎം വിട്ട കോമത്ത് മുരളീധരനെ സിപിഐയില്‍ എടുത്തതാണ് സിപിഎമ്മിനെ ചൊടിപ്പിച്ചത്. ഇത്തരത്തില്‍ പാര്‍ട്ടി നടപടി സ്വീകരിച്ച ഒരാളെ മറ്റൊരു ഇടതുപക്ഷ പാര്‍ട്ടി സ്വീകരിക്കുന്നതിലെ അസ്വാഭാവികത സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ ചൂണ്ടിക്കാട്ടി. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനടക്കമുള്ള നേതാക്കള്‍ ജയരാജനെ തള്ളി കൊണ്ട് രംഗത്തെത്തുകയും ചെയ്തു.

നടപടി എടുത്ത ഒരാളെ സ്വീകരിക്കുക എന്ന് പറയുന്നത് ഇടതുപക്ഷ സ്വഭാവമുള്ള ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് യോജിച്ചതല്ലെന്ന് ജയരാജന്‍ പറഞ്ഞു. എന്നാല്‍ ഒരു അസ്വാഭാവികതയും ഇക്കാര്യത്തില്‍ ഇല്ലെന്ന് കാനം രാജേന്ദ്രന്‍ വ്യക്തമാക്കി. കാലങ്ങളായി തുടരുന്നത് അങ്ങനെയാണ്. സിപിഐ വിട്ട് ഇറങ്ങി പോയവരാണ് സിപിഎം രൂപീകരിച്ചതെന്നും കാനം ഓര്‍മിപ്പിച്ചു. 

'രണ്ട് പാര്‍ട്ടിയില്‍ നിന്നും ആളുകള്‍ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും പോയിട്ടുണ്ട്. അതൊരു പുതിയ കാര്യമല്ല. സിപിഐയില്‍ നിന്ന് 33 നാഷണല്‍ കൗണ്‍സില്‍ അംഗങ്ങള്‍ ഇറങ്ങിപ്പോയാണ്‌ സിപിഎം ഉണ്ടാക്കുന്നത്'- കാനം പറഞ്ഞു.

അനേകം പേര്‍ സിപിഐ കൂടാരത്തിലേക്ക് വരുന്നുണ്ടെന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി സന്തോഷ് കുമാര്‍ പറഞ്ഞു. സിപിഎം വിടുമ്പോള്‍ വിശുദ്ധര്‍ എങ്ങനെ കുറ്റക്കാരാകുന്നുവെന്നും അദ്ദേഹം ചോദിച്ചു.

അച്ചടക്കലംഘനത്തിന്റേയും പാര്‍ട്ടി വരുദ്ധ പ്രവര്‍ത്തനത്തിന്റേയും പേരിലാണ് തളിപ്പറമ്പ് നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി അംഗം കോമത്ത് മുരളീധരനെ സിപിഎം പുറത്താക്കിയത്. എന്നാല്‍ അദ്ദേഹം 57 ഓളം വരുന്ന അനുയായികള്‍ക്കൊപ്പം കഴിഞ്ഞ ദിവസം സിപിഐയില്‍ ചേര്‍ന്നതോടെയാണ് ജില്ലയില്‍ സിപിഎം-സിപിഐ ബന്ധം വഷളായത്. സകല കുറ്റങ്ങളും ചെയ്തവര്‍ക്ക് കയറിക്കിടക്കാനുള്ള കൂടാരമായി സിപിഐ മാറിയെന്നാണ് എംവി ജയരാജന്‍ ഇതിനോട് പ്രതികരിച്ചത്. സംഭവം എല്‍ഡിഎഫിലും ഉന്നയിക്കാനിരിക്കുകയാണ് സിപിഎം.