ബേബി, സുജിൻ
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ തനിച്ച് താമസിക്കുന്ന വയോധികയുടെ പന്ത്രണ്ടര സെന്റ് ഭൂമിയും 17 പവൻ സ്വർണവും രണ്ടുലക്ഷം രൂപയും തട്ടിയെടുത്തുവെന്നാരോപിച്ച് നെയ്യാറ്റിൻകര നഗരസഭയിലെ സി.പി.എം. കൗൺസിലർക്കും ഭാര്യയ്ക്കുമെതിരെ പരാതി. തവരവിള വാർഡ് കൗൺസിലർ സുജിനും ഭാര്യ ഗീതുവിനുമെതിരെയാണ് പരാതി. മാരായമുട്ടം പോലീസ് ഇരുവർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
സംരക്ഷിക്കാമെന്ന് വിശ്വസിപ്പിച്ച് ബേബിയെന്ന വയോധികയുടെ വീട്ടിൽ കുടുംബത്തോടെ താമസിച്ച് തട്ടിപ്പ് നടത്തിയതായാണ് പരാതി. അച്ഛനമ്മമാരുടേയും സഹോദരങ്ങളുടേയും മരണത്തോടെയാണ് ബേബി ഒറ്റയ്ക്കായത്. അവിവാഹിതയാണ് ഇവർ. 78 വയസുണ്ട്. മാരായമുട്ടം പൊലീസ് പരിധിയിൽ ഒറ്റയ്ക്കാണ് ഇവർ താമസിച്ചിരുന്നത്. 2021 ഫെബ്രുവരിയിലാണ് ഭാര്യയ്ക്കും കുട്ടിക്കും ഭാര്യയുടെ അച്ഛനും അമ്മയ്ക്കുമൊപ്പം സുജിൻ ഈ വീട്ടിൽ താമസം തുടങ്ങിയത്.
അലമാരയിൽ സൂക്ഷിച്ച മാലയും വളയും കമ്മലുമെല്ലാം സുജിന്റെ ഭാര്യ ഗീതു ഉപയോഗിച്ചുവെന്ന് ബേബി പറയുന്നു. പിന്നീട് ഇതിൽ പലതും പണയം വെച്ചു, ചിലത് വിറ്റു. എട്ടുമാസം കഴിഞ്ഞ് പെട്ടെന്ന് ഒരു ദിവസം ആശുപത്രിയിൽ പോകുന്നു എന്ന് പറഞ്ഞ് എല്ലാവരും കൂടി പോയ പോക്ക് പിന്നെ തിരിച്ചുവന്നില്ലെന്നും സ്വർണവും കൊടുത്തില്ലെന്നും ബേബി കണ്ണീരോടെ പറഞ്ഞു. സൗഹൃദത്തിന്റെ മറവിൽ തന്ത്രപരമായി നെയ്യാറ്റിൻകര സബ് രജിസ്ട്രാർ ഓഫീസിൽ ബേബിയെ എത്തിച്ച് പന്ത്രണ്ടര സെന്റ് ഭൂമി ഭാര്യ ഗീതുവിന്റെ പേരിലേക്ക് സുജിൻ എഴുതി മാറ്റിയയെന്നാണ് മറ്റൊരു ആരോപണം.
ഒപ്പം താമസിക്കുന്നതിനിടെ പല തവണയായി രണ്ട് ലക്ഷം രൂപയും സജിനും ഗീതുവും ചേർന്ന് കൈക്കലാക്കിയെന്നും ബേബി പറയുന്നു. പലതവണ സ്വർണവും ഭൂമിയും പണവും ആവശ്യപ്പെട്ടെങ്കിലും തിരിച്ചുനൽകിയില്ല. ബേബി നെയ്യാറ്റിൻകര നഗരസഭാ ചെയർമാനെ കണ്ട് പരാതി കൊടുത്തു. ചെയർമാൻ ഇരുവരെയും വിളിച്ച് സംസാരിച്ചെങ്കിലും സുജിൻ വഴങ്ങിയില്ല. ബേബി മാരായമുട്ടം പോലീസ് സ്റ്റേഷനിൽ പരാതി നൽകി. സുജിന്റെ രാഷ്ട്രീയ സ്വാധീനം കാരണം ഒത്തുതീർപ്പിന് ശ്രമിക്കുന്നുണ്ടെന്നും വയോധിക പറയുന്നുണ്ട്. ഒരു നുള്ള് സ്വർണം പോലും എടുത്തില്ലെന്നായിരുന്നു സുജിൻ പറയുന്നത്. ആരോപണങ്ങളെല്ലാം വ്യാജമെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: cpm councilor cheated 78 year old woman, complain registered
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..