കൊച്ചി: മൂവാറ്റുപുഴയില്‍ സിപിഎം-കോണ്‍ഗ്രസ് സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. സി.പി.എം. കൊടിമരം തകര്‍ത്തതിനെതിരേ കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചാണ് തമ്മിലടിയില്‍ കലാശിച്ചത്. മാത്യു കുഴല്‍നാടന്‍ എംഎല്‍എയ്ക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും ഉള്‍പ്പെടെ പരിക്കേറ്റു.

conflict
സി.പി.എം - കോണ്‍ഗ്രസ് പ്രവർത്തകർ ഏറ്റുമുട്ടിയപ്പോള്‍

കോണ്‍ഗ്രസ് പ്രകടനം സി.പി.എം. ഓഫീസിനു മുന്നിലെത്തിയതോടെ പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റമുണ്ടാവുകയും തുടര്‍ന്ന് ചേരിതിരിഞ്ഞ് തമ്മിലടിക്കുകയുമായിരുന്നു. പരസ്പരം കല്ലേറുമുണ്ടായി. സംഘര്‍ഷാവസ്ഥ അര മണിക്കൂറോളം തുടര്‍ന്നതായാണ് വിവരം. ഇരുവിഭാഗത്തിലുമുള്ള നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. സംഘർഷത്തിൽ പുത്തൻകുരിശ് ഡി.​വൈ.എസ്.പി. അ‌ജയ്നാഥിന്റെ തലയ്ക്ക് പരിക്കേറ്റു. ഇദ്ദേഹത്തെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Conflict
മൂവാറ്റുപുഴയില്‍ സി.പി.എം - കോണ്‍ഗ്രസ് സംഘർഷത്തിനിടെ 

പൈനാവ് ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളേജിലെ എസ്.എഫ്.ഐ. പ്രവര്‍ത്തകന്‍ ധീരജിന്റെ കൊലപാതകത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം സി.പി.എം. മൂവാറ്റുപുഴയില്‍ നടത്തിയ പ്രകടനത്തിലാണ് കോണ്‍ഗ്രസിന്റെ കൊടിമരവും ബോര്‍ഡുകളും മറ്റും തകര്‍ത്തത്. 

Content Highlights: CPM Congress conflict several injured including mla