ജി. സുധാകരൻ| Photo: Mathrubhumi
ആലപ്പുഴ: അമ്പലപ്പുഴയിലെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തന വീഴ്ച അന്വേഷിച്ച സി.പി.എം. സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മുന്‍മന്ത്രി ജി. സുധാകരന് പ്രവര്‍ത്തന വീഴ്ചയുണ്ടായതായി റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടെന്നാണ് സൂചന. നടപടി സ്വീകരിക്കേണ്ടത് സംസ്ഥാന സെക്രട്ടേറിയേറ്റാണ്.
അമ്പലപ്പുഴയിലെ പ്രവര്‍ത്തനത്തില്‍ സജീവമായി പങ്കെടുത്തില്ല എന്ന ആക്ഷേപം നേരിട്ട ജി. സുധാകരന് എതിരെയാണ് സി.പി.എം. സംസ്ഥാനസമിതി രണ്ടംഗ സമിതിയെ നിയോഗിച്ചത്. സി.പി.എം. കേന്ദ്രകമ്മിറ്റി അംഗമായ എളമരം കരീമും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ കെ.ജെ. തോമസും അടങ്ങുന്ന കമ്മിഷന്‍ അന്വേഷണം പൂര്‍ത്തിയാക്കി ഇന്ന് സംസ്ഥാന സെക്രട്ടേറിയേറ്റില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അമ്പലപ്പുഴയില്‍ സീറ്റ് നിഷേധിക്കപ്പെട്ടതോടെ ജി. സുധാകരന്റെ ഭാഗത്തുനിന്ന് പ്രവര്‍ത്തനത്തില്‍ പോരായ്മകളുണ്ടായിട്ടുണ്ടെന്ന് എന്ന പരാമര്‍ശം റിപ്പോര്‍ട്ടിലുണ്ടെന്നാണ് സൂചന.
ഏതെങ്കിലും തരത്തിലുള്ള നടപടിയെടുക്കണമെന്ന കാര്യം കമ്മിഷന്‍ ശുപാര്‍ശ ചെയ്തിട്ടില്ല. അങ്ങനെ ശുപാര്‍ശ ചെയ്യാന്‍ കമ്മിഷന് സാധിക്കുകയുമില്ല. റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ എന്തുവേണമെന്ന് നിശ്ചയിക്കുന്നത് സംസ്ഥാന സെക്രട്ടേറിയറ്റാണ്. സി.പി.എം. പോളിറ്റ് ബ്യൂറോ അംഗമായ കോടിയേരി ബാലകൃഷ്ണന്‍ ഇന്ന് യോഗത്തില്‍ പങ്കെടുക്കാത്തതുകൊണ്ട് ഈ റിപ്പോര്‍ട്ട് ചര്‍ച്ചയ്ക്ക് എടുത്തില്ല. കോടിയേരി കോവിഡ് മുക്തനായി എത്തിയ ശേഷമേ റിപ്പോര്‍ട്ട് ചര്‍ച്ചയ്ക്ക് പരിഗണിക്കുകയുള്ളൂ.
പാര്‍ട്ടി സമ്മേളനങ്ങള്‍ പ്രഖ്യാപിച്ച പശ്ചാത്തലത്തിലും അമ്പലപ്പുഴയിലെ കമ്മിഷന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട നടപടികള്‍ തുടര്‍ന്നു പോകുന്നതില്‍ തടസ്സമില്ലെന്നാണ് പാര്‍ട്ടി നേതാക്കളില്‍നിന്നാണ് അറിയാന്‍ കഴിയുന്നത്. തിരഞ്ഞെടുപ്പിലെ പ്രവര്‍ത്തനവീഴ്ച ബന്ധപ്പെട്ട കാര്യങ്ങളില്‍ നടപടിയെടുക്കുന്നതിന് പാര്‍ട്ടി സമ്മേളനങ്ങള്‍ പ്രഖ്യാപിച്ചത് തടസ്സമാകില്ലെന്നാണ് നേതാക്കള്‍ പറയുന്നു. കോടിയേരി തിരിച്ചെത്തിയതിനു ശേഷം നടക്കുന്ന സെക്രട്ടേറിയേറ്റ് യോഗത്തിലായിരിക്കും ഇത് സംബന്ധിച്ച ധാരണയുണ്ടാക്കുക. അതിനുശേഷം നടക്കുന്ന സംസ്ഥാന കമ്മിറ്റിയിലായിരിക്കും നടപടിയുടെ കാര്യത്തില്‍ അന്തിമതീരുമാനം എടുക്കുക.
അമ്പലപ്പുഴ മണ്ഡലത്തില്‍ വോട്ടു കുറഞ്ഞിട്ടില്ലെന്നായിരുന്നു സുധാകരന്റെ വാദം. തൊട്ടടുത്ത ആലപ്പുഴ മണ്ഡലത്തിലാണ് ധാരാളം വോട്ട് കുറഞ്ഞത്. അതിനാല്‍ തന്റെ ഭാഗത്തുനിന്ന് ഒരു വീഴ്ചയും ഉണ്ടായിട്ടില്ലെന്ന് സ്ഥാപിക്കാനാണ് സുധാകരന്‍ ശ്രമിച്ചത്. എന്നാല്‍ കമ്മിഷന് മുന്‍പില്‍ ഹാജരായ ആലപ്പുഴ സൗത്ത് ഏരിയാ കമ്മിറ്റിയിലെയും അമ്പലപ്പുഴ ഏരിയാ കമ്മിറ്റിയിലെയും ഭൂരിഭാഗം അംഗങ്ങളും സുധാകരന്റെ ഭാഗത്തുനിന്ന് പ്രവര്‍ത്തനവീഴ്ചയുണ്ടായതായി നിലപാട് എടുത്തു. പരാതിക്കാരനായ അമ്പലപ്പുഴ എം.എല്‍.എ. എച്ച്. സലാമും ഇതിന് ഉപോല്‍ബലകമായ തെളിവു നല്‍കി. സജീവമായി പ്രവര്‍ത്തിച്ചില്ലെന്ന് മാത്രമല്ല, തിരഞ്ഞെടുപ്പിന് ആവശ്യമായ ഫണ്ട് അടക്കം നല്‍കിയില്ലെന്നും ആരോപണമുണ്ട്.
content highlights: cpm commission submits report on g sudhakaran-ambalappuzha elecction issue
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..