കൊല്ലം: രക്തസാക്ഷി സ്മാരകത്തിന് പിരിവ് നല്‍കാത്തതിന്റെ പേരില്‍ സി.പി.എം. നേതാവ് ഭീഷണിപ്പെടുത്തുന്നതായി പ്രവാസി കുടുംബത്തിന്റെ പരാതി. കൊല്ലം കോവൂര്‍ സ്വദേശിയായ ഷഹി വിജയനും ഭാര്യ ഷൈനിയുമാണ് സി.പി.എം. ചവറ മുകുന്ദപുരം ബ്രാഞ്ച് സെക്രട്ടറി ബിജുവിനെതിരേ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. പിരിവ് നല്‍കാത്തതിനാല്‍ ചവറ മുഖംമൂടിമുക്കില്‍ തങ്ങള്‍ നിര്‍മിച്ച കണ്‍വെന്‍ഷന്‍ സെന്ററിന്റെ സ്ഥലത്ത് കൊടികുത്തുമെന്നും ഇതിനോട് ചേര്‍ന്നുള്ള സ്ഥലം തരംമാറ്റാന്‍ അനുവദിക്കില്ലെന്നും ഭീഷണിപ്പെടുത്തിയതായാണ് കുടുംബത്തിന്റെ ആരോപണം. ബിജു ഫോണില്‍വിളിച്ച് ഭീഷണിപ്പെടുത്തുന്നതിന്റെ ശബ്ദരേഖയും ഇവര്‍ പുറത്തുവിട്ടിട്ടുണ്ട്. സംഭവത്തില്‍ തേവലക്കര കൃഷി ഓഫീസര്‍ക്കെതിരേയും കുടുംബം പരാതി നല്‍കിയിട്ടുണ്ട്. 

വര്‍ഷങ്ങളായി യു.എസില്‍ ജോലിചെയ്യുന്ന ഷഹി വിജയനും ഭാര്യ ഷൈനിയും തങ്ങളുടെ സമ്പാദ്യമെല്ലാം മുടക്കിയും വായ്പയെടുത്തുമാണ് കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മിച്ചത്. സ്ഥാപനത്തിന്റെ ഉദ്ഘാടനം നടക്കാനിരിക്കെയാണ് സി.പി.എം. നേതാവ് ഭീഷണിയുമായി രംഗത്തെത്തിയത്. ദമ്പതിമാരുടെ ബന്ധുവിനോടാണ് നേതാവ് ഫോണില്‍വിളിച്ച് ഭീഷണി മുഴക്കിയത്. 

ശ്രീകുമാര്‍ മന്ദിരത്തിനായി പതിനായിരം രൂപ പിരിവ് എഴുതിയിട്ട് രണ്ടുവര്‍ഷമായെന്നും പൈസ ചോദിക്കുമ്പോള്‍ തന്നെ കളിയാക്കിവിടുകയാണെന്നുമാണ് ബിജു ഫോണിലൂടെ പറയുന്നത്. ഇനി പത്ത് പൈസ പിരിവ് വേണ്ടെന്നും നാളെ രാവിലെ വസ്തുവിനകത്ത് ഒറ്റപ്പണി നടക്കില്ലെന്നും തഹസില്‍ദാരും വില്ലേജ് ഓഫീസറും അവിടെവരുമെന്നും കൊടികുത്തുമെന്നും നേതാവ് ഭീഷണിപ്പെടുത്തുന്നുണ്ട്. രക്തസാക്ഷി സ്മാരകത്തിന് പുറമേ ക്ഷേത്രത്തിലെ ഉത്സവത്തിന് 15000 രൂപ ചോദിച്ചിട്ട് നല്‍കിയില്ലെന്നും നേതാവ് പറയുന്നു. 

സംഭവത്തില്‍ തേവലക്കര കൃഷി ഓഫീസര്‍ക്കും പങ്കുണ്ടെന്നാണ് പ്രവാസി കുടുംബത്തിന്റെ ആരോപണം. ഡേറ്റാ ബാങ്കില്‍നിന്ന് സ്ഥലം ഒഴിവാക്കാന്‍ അപേക്ഷ നല്‍കിയിട്ടും നടപടി സ്വീകരിച്ചില്ലെന്നും സി.പി.എം നേതാവും കൃഷി ഓഫീസറും ഒത്തുകളിക്കുകയാണെന്നും എല്ലാം തടസപ്പെടുത്തുകയാണെന്നും കുടുംബത്തിന്റെ പരാതിയിലുണ്ട്. കണ്‍വെന്‍ഷന്‍ സെന്ററിന്റെ നിര്‍മാണം ആരംഭിച്ചത് മുതല്‍ ഇവര്‍ പലവിധ ബുദ്ധിമുട്ടുകളുണ്ടാക്കുകയാണെന്നും ഷഹി വിജയനും ഭാര്യയും മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. 

Content Highlights: cpm chavara local leader threatens nri family they given complaint to cm