പ്രതീകാത്മകചിത്രം | Photo : AFP
പത്തനംതിട്ട: ചത്തപശുവിനെ കുഴിച്ചിടാനെത്തിയ സി.ഐ.ടി.യു. പ്രവര്ത്തകന് സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയും സംഘവും നടത്തിയ ആക്രമണത്തില്‍ ഗുരുതരപരിക്ക്. പുതുശ്ശേരിമല ബിനുഭവനത്തില്‍ ബിനു വി.നായര്‍ക്കാണ് (31) പരിക്കേറ്റത്. ഇദ്ദേഹത്തെ തിരുവല്ലയിലെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഒപ്പമുണ്ടായിരുന്ന പാറയ്ക്കല്‍ രാജീവിനും പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍, സി.പി.എം. പുതുശ്ശേരിമല കിഴക്കേവിള ബ്രാഞ്ച് സെക്രട്ടറി ദീപുവിനെ റാന്നി പോലീസ് അറസ്റ്റ്ചെയ്തു. സംഘത്തിലെ മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
വെള്ളിയാഴ്ച രാത്രി 10 മണിയോടെ റാന്നി ഇടക്കുളത്താണ് സംഭവം. ഇടക്കുളം കുളികടവുങ്കല്‍ വിശ്വംഭരന്റെ പശുവാണ് ചത്തത്. രാത്രി എട്ടുമണിയോടെ ആള്‍ക്കാരെ സംഘടിപ്പിച്ച് മറവുചെയ്യാന്‍ കുഴിയെടുക്കുന്നതിനിടയില്‍ ഇതുവഴിയെത്തിയ ബന്ധുവും അയല്‍വാസിയുമായ ദീപുവുമായി തര്‍ക്കമുണ്ടായി. ഇയാള്‍ വിശ്വംഭരന്റെ മകളെ തള്ളിവീഴ്ത്താന്‍ ശ്രമിച്ചതായി വീട്ടുകാര്‍ കൊടുത്ത പരാതിയില്‍ പറയുന്നു.
രാത്രി 10 മണിയോടെ ഏതാനും പേരെത്തി കുഴിയെടുക്കാന്‍ വന്നവരുടെ രണ്ട് ബൈക്കുകളുടെ കാറ്റഴിച്ചുവിടുകയും ഗ്ലാസുകള്‍ തല്ലിപ്പൊട്ടിക്കുകയും ചെയ്തു. ഇത് തടയാനെത്തിയ ബിനുവിനെ ആക്രമിസംഘം കമ്പിവടികൊണ്ട് അടിച്ചു. ഇടയ്ക്ക് കയറിയ രാജീവിനും അടികിട്ടി. ബിനു തലപൊട്ടി വീണതോടെയാണ് അക്രമികള്‍ സ്ഥലം വിട്ടത്.
റാന്നി ഡിവൈ.എസ്.പി. ജി.സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ പോലീസെത്തിയതിനെത്തുടര്ന്ന് ശനിയാഴ്ചയാണ് പശുവിനെ മറവുചെയ്തത്. അതേസമയം, തങ്ങളെ ചിലര്‍ സംഘംചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നെന്നാണ് ബ്രാഞ്ച് സെക്രട്ടറി പറയുന്നത്.
ക്ഷീരകര്‍ഷകനായ വിശ്വംഭരന്റെ പേറടുത്തിരുന്ന പശുവാണ് ചത്തത്. ഒരുമാസത്തിനിടയില്‍ രണ്ടാമത്തെ പശുവാണ് ചാകുന്നത്. ഇതിന് പിന്നിലും ബന്ധുവാണെന്ന് സംശയിക്കുന്നതായി വിശ്വംഭരന് പോലീസിന് കൊടുത്ത പരാതിയില്‍ ആരോപിക്കുന്നു. ഇവര്‍ തമ്മില്‍ വഴിത്തര്ക്കമുണ്ടായിരുന്നെന്ന് പോലീസ് അറിയിച്ചു. സംഭവങ്ങള്‍ വഴിയെച്ചൊല്ലിയുള്ള കുടുംബവഴക്കിന്റെ ഭാഗമാണെന്നും സി.പി.എമ്മിന് ബന്ധമില്ലെന്നും ഏരിയാസെക്രട്ടറി ടി.എന്‍. ശിവന്‍കുട്ടി പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..