പ്രതീകാത്മക ചിത്രം
കാസര്‍കോട്: നേതൃത്വത്തിനെതിരേ കലാപക്കൊടിയുയര്‍ത്തി, ബി.ജെ.പി. ജില്ലാ കമ്മിറ്റി ഓഫീസ് തുറക്കാനാകാത്ത നിലയില്‍ വീണ്ടും ഉപരോധിച്ച് ഒരുവിഭാഗം പ്രവര്‍ത്തകര്‍. കുമ്പള പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പിലെ സി.പി.എം.-ബി.ജെ.പി. കൂട്ടുകെട്ടിന് നേതൃത്വംനല്‍കിയ നേതാക്കള്‍ക്കെതിരേ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് പ്രവര്‍ത്തകര്‍ വീണ്ടും ജില്ലാ കാര്യാലയം സ്തംഭിപ്പിച്ച് സമരം തുടങ്ങിയിരിക്കുന്നത്. ബുധനാഴ്ചയ്ക്കുള്ളില്‍ നടപടി ഉണ്ടാകുമെന്ന ഉറപ്പ് ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാര്‍ നല്‍കിയിരുന്നതായും എന്നാല്‍, സംസ്ഥാന അധ്യക്ഷന്റെ സാന്നിധ്യത്തില്‍ ബുധനാഴ്ച ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തില്‍ തീരുമാനം ഉണ്ടായില്ലെന്നും പ്രതിഷേധക്കാര്‍ പറയുന്നു. വിഷയത്തില്‍ സംസ്ഥാനനേതൃത്വം ഇടപെടുന്നതുവരെ ഉപരോധം തുടരുമെന്നുംഇവര് പറഞ്ഞു.
വ്യാഴാഴ്ച രാവിലെ മുദ്രാവാക്യംവിളിയുമായെത്തിയ അന്‍പതോളം പ്രവര്‍ത്തകര്‍ താളിപ്പടുപ്പിലെ ജില്ലാ കമ്മിറ്റി ഓഫീസായ ഡോ. ശ്യാമപ്രസാദ് മുഖര്‍ജി മന്ദിരത്തിന് മുന്പില് കൊടികുത്തി പ്രതിഷേധിക്കുകയായിരുന്നു. ഫെബ്രുവരി 20-നാണ് ഇതേ ആവശ്യം ഉന്നയിച്ച് പ്രവര്‍ത്തകര്‍ ബി.ജെ.പി. ഓഫീസ് താഴിട്ടു പൂട്ടി പ്രതിഷേധിച്ചത്. പ്രശ്നം സംസ്ഥാനതലത്തില്‍ ചര്‍ച്ചചെയ്ത് പരിഹരിക്കാമെന്ന ഉറപ്പിന്മേലാണ് അന്ന് നേതൃത്വം പ്രവര്‍ത്തകരെ പിന്തിരിപ്പിച്ചത്.
ബി.ജെ.പി. മുന്‍ ജില്ലാ പ്രസിഡന്റ് ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരേ നടപടിയെടുക്കണമെന്നാണ് സമരക്കാര്‍ ആവശ്യപ്പെടുന്നത്. അതേസമയം ജില്ലാ നേതൃത്വത്തിന് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനില്ലെന്നും തീരുമാനമെടുക്കേണ്ടത് സംസ്ഥാനനേതൃത്വമാണെന്നും ബി.ജെ.പി. ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാര്‍ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..