കെ. സുരേന്ദ്രൻ | ഫോട്ടോ: പി.പി. രതീഷ് |മാതൃഭൂമി
തൃശ്ശൂര്‍: അന്തിക്കാട് മാങ്ങാട്ടുകരയില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിനു പിന്നില്‍ സി.പി.എം. ആണെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. സംഭവത്തില്‍ മന്ത്രി എ.സി. മൊയ്തീന്റെ പങ്ക് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തൃശ്ശൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊലപാതകത്തിനു പിന്നില്‍ ഗൂഢാലോചന ഉണ്ടായിട്ടുണ്ട്. കൊലപാതകം ആസൂത്രണം ചെയ്തവരെക്കൂടി നിയമനത്തിനു മുന്നില്‍ കൊണ്ടുവരണം. സര്‍ക്കാരിന്റെയും മന്ത്രി എ.സി. മൊയ്തീന്റെയും പങ്ക് അന്വേഷിക്കണം. ഒരു മന്ത്രിക്ക് നിരക്കാത്ത പ്രകോപനമാണ് മന്ത്രി മൊയ്തീന്‍ തൃശ്ശൂര്‍ ജില്ലയില്‍ ഒരാഴ്ചക്കാലമായി ഉണ്ടാക്കിയത്. ആര്‍.എസ്എസിനും ബി.ജെ.പിക്കും എതിരായി പ്രചാരണം നടത്തി അണികളെ കൊലപാതകത്തിന് പ്രേരിപ്പിക്കുകയായിരുന്നു. കൊല്ലപ്പെട്ട നിധിന്‍ ബി.ജെ.പി. പ്രവര്‍ത്തകനായിരുന്നെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.
അന്തിക്കാട് ആദര്‍ശ് വധക്കേസിലെ പ്രതി മുറ്റിച്ചൂര്‍ സ്വദേശി നിധിനെ(28) ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് ഒരു സംഘം വെട്ടി കൊലപ്പെടുത്തിയത്. നിധിന്‍ സഞ്ചരിച്ച കാറില്‍ അക്രമിസംഘം ആദ്യം മറ്റൊരു വാഹനം ഇടിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് നിധിനെ കാറില്‍നിന്ന് വിളിച്ചിറക്കിയ ശേഷം റോഡിലിട്ട് വെട്ടിവീഴ്ത്തി. ഇതിനുശേഷം മറ്റൊരു കാറില്‍ അക്രമികള്‍ രക്ഷപ്പെട്ടു.
2020 ജൂലായിലാണ് അന്തിക്കാട് താന്ന്യം സ്വദേശി ആദര്‍ശ് കൊല്ലപ്പെട്ടത്. ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയായിരുന്നു കൊലപാതകത്തിന്റെ കാരണം. ഈ കേസിലെ എട്ടാം പ്രതിയായിരുന്നു നിധിന്‍. ആദര്‍ശിനെ കൊലപ്പെടുത്തിയവരെ രക്ഷിക്കാന്‍ ശ്രമിച്ചതും ഒളിവില്‍ കഴിയാന്‍ സഹായിച്ചതുമായിരുന്നു നിധിനെതിരേയുള്ള കുറ്റം.
Content Highlights: CPM behind Anthikkad murder; role of a c moideen should be investigated- K. Surendran
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..