കോഴിക്കോട്: പാര്‍ട്ടി പ്രവര്‍ത്തകരുടെ പേരില്‍ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തതിനെതിരെ സി.പി.എം ഏരിയ കമ്മിറ്റിയുടെ പ്രമേയം. നോട്ടീസും ലഘുലേഖയും കയ്യില്‍ വെച്ചതിന് അറസ്റ്റ്‌ ചെയ്യേണ്ട ആവശ്യമില്ല. ജനാധിപത്യ അവകാശം കവര്‍ന്നെടുക്കുന്ന നടപടി തെറ്റാണെന്നും സി.പി.എം കോഴിക്കോട് സൗത്ത് ഏരിയ കമ്മിറ്റിയില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ പറയുന്നു.

ജില്ലാ കമ്മിറ്റി അംഗം ടി.പി ദാസന്‍ ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്ത യോഗത്തിലാണ് പ്രമേയം പാസാക്കിയത്. യു.എ.പി.എ ചുമത്തിയ നടപടി പിന്‍വലിക്കണമെന്നാണ് പ്രമേയം പ്രധാനമായും ആവശ്യപ്പെടുന്നത്. ഇത്തരത്തില്‍ ലഘുലേഖയോ നോട്ടീസോ കൈവശം വെച്ചതിന് യു.എ.പി.എ ചുമത്തുന്നത് ശരിയല്ല. ഇത് ജനാധിപത്യ വിരുദ്ധമാണെന്നും പ്രമേയം പറയുന്നു.

കഴിഞ്ഞ ദിവസം സി.പി.എം ജില്ലാ കമ്മിറ്റിയും യു.എ.പി.എ ചുമത്തിയ നടപടിക്കെതിരെ രംഗത്ത് വന്നിരുന്നു. വളരെ ധൃതി പിടിച്ചാണ് ഇവര്‍ക്കെതിരെ യു.എ.പി.എ ചുമത്തിയതെന്ന് സിപിഎം പറയുന്നു. 

സര്‍ക്കാര്‍ തന്നെ ഇക്കാര്യം പരിശോധിക്കുമെന്ന് വ്യക്തമാക്കിയിട്ടുള്ളതായി സി.പി.എം ജില്ലാ സെക്രട്ടറി പി മോഹനന്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. വിഷയത്തില്‍ സി.പി.എം ജില്ലാ കമ്മിറ്റി നിലപാട് കഴിഞ്ഞ ദിവസം തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. അതിന്റെ ഭാഗമായാണ് ഏരിയ കമ്മിറ്റി പ്രമേയം അവതരിപ്പിച്ചതെന്നും പി മോഹനന്‍ വ്യക്തമാക്കി.

content highlights: CPIM, Area Committee, UAPA, kozhikode