സിപിഎം പതാക| ഫോട്ടോ: ഇ.എസ് അഖിൽ
തിരുവനന്തപുരം: 23ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള സി.പി.എം ബ്രാഞ്ച് സമ്മേളനങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ വനിതാ ബ്രാഞ്ച് സെക്രട്ടറിമാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. ആകെയുള്ള 35,179 ബ്രാഞ്ച് കമ്മിറ്റികളില്‍ 1951 ഇടങ്ങളില്‍ വനിതകളെയാണ് ബ്രാഞ്ച് സെക്രട്ടറിമാരായി സമ്മേളനങ്ങള്‍ തിരഞ്ഞെടുത്തിരിക്കുന്നത്. മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇത് വളരെ കൂടുതലാണ്.
35,179 ബ്രാഞ്ചുകളിലായി 1,04,093 പേരാണ് പാര്‍ട്ടി അംഗത്വമുള്ള വനിതകളുടെ എണ്ണം. കോഴിക്കോട് ജില്ലാ കമ്മിറ്റിക്ക് കീഴിലാണ് ഏറ്റവും അധികം വനിതാ ബ്രാഞ്ച് സെക്രട്ടറിമാരുള്ളത്. കഴിഞ്ഞ സമ്മേളനക്കാലയളവില്‍ 111 വനിതാ ബ്രാഞ്ച് സെക്രട്ടറിമാരുണ്ടായിരുന്നത് 345 ആയി ഉയര്‍ന്നു. ഫറോക്ക് ഏരിയാ കമ്മിറ്റിക്ക് കീഴില്‍ മാത്രം 47 വനിതകളാണ് ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്ത് എത്തിയിരിക്കുന്നത്.
22-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി നാലുവര്‍ഷം മുമ്പുനടന്ന സമ്മേളനത്തില്‍ പല ജില്ലകളിലും വളരെക്കുറഞ്ഞ വനിതകളാണ് ബ്രാഞ്ച് സെക്രട്ടറിമാരായത്. കൊല്ലം ജില്ലയിലെ വിളക്കുവട്ടം ബ്രാഞ്ച് സെക്രട്ടറിയായ പത്തൊമ്പതുകാരി എസ്. ശുഭലക്ഷ്മിയാണ് സംസ്ഥാനത്തെ ഏറ്റവും പ്രായംകുറഞ്ഞ ബ്രാഞ്ച് സെക്രട്ടറി. പാര്‍ട്ടി ലോക്കല്‍ സമ്മേളനങ്ങള്‍ പുരോഗമിക്കുമ്പോള്‍ നിരവധി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സ്ഥാനത്തേക്കും കൂടുതല്‍ അവസരം സ്ത്രീകള്‍ക്ക് നല്കുന്നു.
പാര്‍ലമെന്ററി മേഖലയ്ക്ക് ഒപ്പം സംഘടനാ പ്രവര്‍ത്തനത്തിലേക്കും കൂടുതല്‍ സ്ത്രീകളെ എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പാര്‍ട്ടി കൂടുതല്‍ അവസരങ്ങള്‍ നല്‍കുന്നത്. തിരുവനന്തപുരം 150, കൊല്ലം 204, പത്തനംതിട്ട 122, ആലപ്പുഴ 186, കോട്ടയം 60, ഇടുക്കി 100, എറണാകുളം 109, തൃശ്ശൂര്‍ 137, പാലക്കാട് 141, മലപ്പുറം 72, കോഴിക്കോട് 345, വയനാട് 44, കണ്ണൂര്‍ 158, കാസര്‍കോട് 123 എന്നിങ്ങനെയാണ് വനിതാ ബ്രാഞ്ച് സെക്രട്ടറിമാരുടെ ജില്ല തിരിച്ചുള്ള എണ്ണം.
Content Highlights: cpm appoints more women as branch secretaries
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..